KeralaLatest NewsNews

ജനങ്ങൾ നൽകിയ ‘അടിയുടെ’ ചൂട് നിങ്ങൾ മറന്നിട്ടുണ്ടാകില്ല: എ.എ റഹീം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബി ജെ പിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല.

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം വക്താവ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്ത്. കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകരാനുള്ള നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് നിയമസഭയില്‍ നടത്തിയതെന്ന് എ. എ റഹീം തന്റെ ഫേയ്‌സ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയുന്നവരാകില്ല പ്രതിപക്ഷം.ശൈലി മാറ്റും.ക്രിയാത്മകമാകും”. അധിക ദിവസമായില്ല. പ്രതിപക്ഷ നേതാവ് നൽകിയ വാഗ്ദാനം നമ്മളാരും മറന്നിട്ടില്ല. എന്നാൽ ഇന്ന് സഭയിൽ അദ്ദേഹം സ്വീകരിച്ച ശൈലി ഏതാണ് ?? കൊടകരയിൽ തെരഞ്ഞെടുപ്പിനായി ബിജെപി കൊണ്ടുവന്ന കോടികളുടെ കള്ളപ്പണം കവർച്ച ചെയ്യുന്നു. കുഴൽപ്പണ ഏജന്റും ആർഎസ്എസ് നേതാവുമായ ധർമരാജന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വഷിക്കുന്നു.

കവർച്ച മാത്രമേ അന്വഷിക്കാവൂ എന്നാണ് ബിജെപി ആവശ്യം. സർക്കാരോ പ്രത്യേക അന്വഷണ സംഘമുണ്ടാക്കി, ബിജെപി സംസ്ഥാന അധ്യക്ഷനിലേയ്ക്കും സംഘടനാ സെക്രട്ടറിയായ ആർഎസ്എസ് പ്രമുഖനിലേക്കും വരെ അന്വഷണം എത്തിനിൽക്കുന്നു. കുഴൽപ്പണ വാർത്ത പുറത്തു വന്നതുമുതൽ നാളിതുവരെ വലിയ ഒച്ചപ്പാടൊന്നും യുഡിഎഫ് ക്യാമ്പിൽ കണ്ടില്ല. മാധ്യമങ്ങളും ആദ്യം വലിയ സംഭവമാക്കി ഈ കള്ളപ്പണ ഇടപാട് കൈകാര്യം ചെയ്തില്ല.

എന്നാൽ പോലീസ് ഫലപ്രദമായി തന്നെ നീങ്ങി. ഇപ്പോൾ വാർത്ത എല്ലാവരും എടുക്കേണ്ടി വന്നു.പ്രതിപക്ഷത്തിനുപോലും നാക്കനക്കേണ്ടി വന്നു.നാവെടുത്താലോ,അത് ബി ജെ പിക്കെതിരെയല്ല, സർക്കാരിനെതിരെയാകും. അതൊരു ശീലമാണ്. പഴയ ശീലം തന്നെ തുടർന്നോളൂ,പക്ഷേ ഞാൻ മഹാനാണെന്നും, പഴയ ദുഃശീലങ്ങളൊക്കെ മാറ്റി എല്ലാം വെടിപ്പാക്കിയെന്നും ഇനി കേമത്തം പറയരുത്. കുഴൽപ്പണം കടത്തിയ ബിജെപി പ്രതിരോധത്തിലാണ്. പ്രതിരോധത്തിലാക്കിയത് സർക്കാരിന്റെ

കർശന നിയമനടപടികളാണ്. തൊണ്ടിസഹിതം പിടിയിലായി നിൽക്കുന്ന സുരേന്ദ്രനും സംഘത്തിനും ആശ്വാസം പകരാനുള്ള നീക്കമായിരുന്നു ഇന്ന് ശ്രീ സതീശൻ സഭയിൽ നടത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബി ജെ പിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല. അതിനൊക്കെ ജനങ്ങൾ നൽകിയ ‘അടിയുടെ’ ചൂട് നിങ്ങളും മറന്നിട്ടുണ്ടാകില്ല. കോൺഗ്രസ്സിന്റെ ‘മിത്രങ്ങൾ’ ഇന്ന് ഊരാക്കുടുക്കിലാണ്. അവരെ സഹായിക്കാനുള്ള നിങ്ങളുടെ ബാധ്യത നാട്ടുകാർക്ക് മനസ്സിലാകും.

http://

Read Also: സഭാ നടപടികളില്‍ പങ്കെടുത്തു: എ രാജയ്ക്ക് 2,500 രൂപ പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button