KeralaLatest News

11 വര്‍ഷത്തെ ഒളിവ് ജീവിതം: ഉദാത്ത പ്രണയമെന്ന് മാധ്യമങ്ങൾ, മനുഷ്യാവകാശ ലംഘനമെന്ന് സോഷ്യൽ മീഡിയ

യുവതിയുടെ മാതാപിതാക്കൾ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.

പാലക്കാട്: സ്നേഹത്തിലായ അയല്‍വാസിയായ യുവാവിന്റെ വീട്ടില്‍ വീട്ടുകാരോ പുറംലോകമോ അറിയാതെ 11 വര്‍ഷം യുവതി ഒളിച്ചുതാമസിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്​ നാട്ടുകാരും സോഷ്യൽ മീഡിയയും. അയിലൂര്‍ കാരക്കാട്ട് പറമ്പിലെ റഹ്മാന്‍ (34) എന്ന യുവാവിനെ നെന്മാറ പൊലീസ് കസ്​റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.

മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടില്‍ ത​ന്റെ മുറിയിലാണ്, അയല്‍വാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാന്‍ പത്തു വര്‍ഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്. അയിലൂര്‍ കാരക്കാട്ട് പറമ്പിലെ കുഞ്ഞുവിട്ടീല്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഒരുത്രില്ലര്‍ സിനി​മയെ വെല്ലുന്നതായിരുന്നു. സസ്​പെന്‍സ് പൊലീസ്​ വിവരിച്ചപ്പോള്‍ അവശ്വസനീയമായ കഥ കേട്ട്​ ഞെട്ടാത്തവരുണ്ടാവില്ല. എന്നാൽ ഇത് പൂർണ്ണമായും വിശ്വസിക്കാതെയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ചുമരുകള്‍ വിണ്ടുകീറിയ, ഇരുട്ടുമൂടിയ ഒറ്റമുറി. കാലുനീട്ടി കിടക്കാന്‍പോലും ഇടമില്ല. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് 11വര്‍ഷത്തോളം സജിത കഴിഞ്ഞത്.  യുവതിക്കെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ലൈംഗിക അടിമയാക്കിയിരുന്നതാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും സമയത്ത് നിർവഹിക്കാതെ യുവതി ആ ഒറ്റ മുറിയിൽ കഴിഞ്ഞതിനെ സംശയത്തോടെയാണ് പലരും നോക്കി കാണുന്നത്. ഒരാഴ്ച ഒക്കെ എങ്ങനെയെങ്കിലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഒളിപ്പിക്കാൻ കഴിഞ്ഞാലും 10 വർഷം വരെ ആരും അറിയാതെ എങ്ങനെയാണ് കഴിഞ്ഞതെന്നാണ് ഇവരുടെ സംശയം.

റഹ്മാനെ കാണാതായത് മൂന്ന് മാസം മുന്‍പ് അംഗങ്ങള്‍ തിങ്ങിക്കഴിയുന്ന ഈ കുഞ്ഞുവീട്ടില്‍ 11 വര്‍ഷം​ ഒരുയുവതിയെ ഒളിച്ചുതാമസിപ്പിച്ചെന്ന്​ വീട്ടിലുള്ളവര്‍ക്ക്​ പോലും വിശ്വസിക്കാനായിട്ടില്ല എന്നാണ് മാധ്യമ റിപ്പോർട്ട്. എന്നാൽ വീട്ടുകാരുടെ അറിവോടെയായിരിക്കും യുവതിയെ ഒളിപ്പിച്ചതെന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. 2010 ഫെബ്രുവരി രണ്ട് മുതല്‍ സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അന്ന് സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ റഹ്​മാനുമുണ്ടായിരുന്നെങ്കിലും യുവതിയെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം 2021 ൽ ആണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചതെന്ന ആരോപണവും പലരും ഉന്നയിക്കുന്നുണ്ട്. അതേസമയം യുവതിയുടെ മാതാപിതാക്കൾ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മകള്‍ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ആ മാതാപിതാക്കള്‍ ആകെ പകച്ചിരിക്കുകയാണ് .

നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാല്‍ ഇത്രയും കാലം വെറും നുറു മീറ്റര്‍ അപ്പുറത്ത് കണ്‍മുന്നില്‍ നിന്നകന്നു ജീവിച്ചതിന്റെ ഞെട്ടലും ഉണ്ട് അവര്‍ക്ക്. പ്രയാസങ്ങളും ദുരിതങ്ങളും ആവോളമുള്ള ആ കുഞ്ഞുവിട്ടീല്‍ ഈ തിരക്കഥ എങ്ങനെ പ്രാവര്‍ത്തികമായി എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുകയാണ്.

shortlink

Post Your Comments


Back to top button