Latest NewsKeralaNattuvarthaNews

‘കഞ്ഞിവെള്ളം കൊടുത്ത് കൊലപ്പെടുത്തുന്നു’: ആരോഗ്യ പ്രവർത്തകർക്കെതിരെ വ്യാജ വാർത്ത, വിമർശനവുമായി എം വി ജയരാജൻ

അപവാദങ്ങൾ ശീലമായിപ്പോയവരിൽ നിന്നും നന്മ അരക്കഴഞ്ചും പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നത് അിറഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാര്യം ചോദിക്കുന്നത്.

കണ്ണൂർ : സമൂഹമാധ്യമങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കെതിരേ വ്യാജ വാർത്ത പ്രചരിക്കുന്നു. കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ഇത്തരം പ്രചാരണത്തിനെതിരെ വിമർശനവുമായി സിപിഎം നേതാവ് എം വി ജയരാജൻ. ഫേസ് ബുക്ക് കുറിപ്പിലാണ് വ്യാജ പ്രചാരകരെക്കുറിച്ചു ജയരാജൻ പറയുന്നത്.

സമൂഹമാധ്യമത്തിൽ എം വി ജയരാജൻ പങ്കുവച്ച കുറിപ്പ്

വ്യാജ പ്രചാരകരെ തിരിച്ചറിയുക
============================
കോവിഡ് പിടിപെട്ട് ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഒരാളെന്ന നിലയ്ക്ക്, കഴിഞ്ഞദിവസം കാണാനിടയായ ഒരു വാർത്തയോട് പ്രതികരിക്കാതെ പോകാൻ കഴിയില്ല. ഒരാഴ്ചയിലേറെ ദിവസങ്ങൾ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പ്പാലത്തിലൂടെയെന്നോണമായിരുന്നു എന്റെ അന്നത്തെ അവസ്ഥ. ആ ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റുമായിരുന്നില്ല. മൂക്കിലൂടെ റൈസ് ട്യൂബിട്ട്, കഞ്ഞി മിക്‌സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് ട്യൂബ് വഴി നൽകിയിരുന്നത്. കോവിഡ് രോഗികൾക്ക് മാത്രമല്ല, കോവിഡേതര രോഗികൾക്കും ഗുരുതരാവസ്ഥയിലുള്ളപ്പോൾ ഇങ്ങനെയാണ് ഭക്ഷണം നൽകേണ്ടി വരാറുണ്ട് എന്നത് സാമാന്യയുക്തിയുള്ളവർക്ക് അറിയുന്നതാണ്.

read also:കോവിഡ് കേന്ദ്രസർക്കാരിന്റെ ബയോവെപ്പൺ ആണെന്ന് പറഞ്ഞ ഐഷ സുല്‍ത്താനക്ക്​ ഐക്യദാര്‍ഢ്യവുമായി വി.ഡി. സതീശന്‍

ഇത്തരത്തിൽ, നേരിട്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത കോവിഡ് രോഗിക്ക് റൈസ് ട്യൂബ് വഴി ഭക്ഷണം കൊടുക്കാൻ തയ്യാറാവുന്നതുപോലും തെറ്റായി പ്രചരിപ്പിച്ചവരെ അങ്ങേയറ്റം നികൃഷ്ട ജീവിക ളായി കണക്കാക്കണം. കോവിഡിനെതിരെ പോരാടാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. ഫേസ്മാസ് ക്കൊന്നിടാൻ പോലും ബുദ്ധിമുട്ട് പറയുന്നവരുള്ള സമൂഹത്തിലാണ്, പി.പി.ഇ കിറ്റുൾപ്പടെ ധരിച്ച് പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യപ്രവർത്തകർ അഹോരാത്രം യത്‌നി ക്കുന്നത് എന്നത് കാണണം. കൂട്ടിരിപ്പുകാർ ആവശ്യമായ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിക്ക് ഭക്ഷണം നൽകാൻ പോലും ചിലരുടെ ബന്ധുക്കൾ തയ്യാറാകാതിരിക്കുമ്പോഴും, കോവി ഡ് രോഗിയാണെന്നുകണ്ട് മാറിനിൽക്കാതെ, അങ്ങേയറ്റത്തെ ആത്മാർത്ഥതയോടെ ആ പ്രവൃത്തി യും നിർവഹിക്കുന്ന ആരോഗ്യപ്രവർത്തകരെ കൊലപാതകിവരെയാക്കാൻ പരിശ്രമിക്കുന്നവരെ മാധ്യമപ്രവർത്തകർ പോലും ഒപ്പം കൂട്ടുമെന്ന് കരുതുന്നില്ല.

മാധ്യമപ്രവർത്തനത്തിൽ ആവർത്തിച്ചുള്ള വസ്തുതാ പരിശോധന അനിവാര്യമാണ്. ഇവിടെ, കഞ്ഞിവെള്ളം കൊടുത്ത് കൊലപ്പെടുത്തുന്നു എന്നെല്ലാം, വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന നിലയിൽ തട്ടിവിടുന്നവരെ മാധ്യമപ്രവർത്തകരായി കാണാൻ കഴിയില്ല. ഒരു ദിവസമെങ്കിലും പി.പി.ഇ കിറ്റുൾപ്പടെയുള്ള സുരക്ഷ സ്വീകരിച്ചുകൊണ്ടുതന്നെ കോവിഡ് ചികിത്സയിലുള്ളവർക്ക് ഭക്ഷണം നൽകുന്നതിനും ഗുരുതരാ വസ്ഥയിലുള്ള രോഗിയുടെ മലമൂത്ര വിസർജ്ജനം ഉൾപ്പടെ ശരിയായ രീതിയിൽ മാറ്റി രോഗിയുടെ വൃത്തിയും വ്യക്തിശുചിത്വവും കാത്തുസംരക്ഷിക്കുന്നതുമായ സേവനം ചെയ്യാൻ ഇത്തരക്കാർക്ക് കഴിയുമോ..? അപവാദങ്ങൾ ശീലമായിപ്പോയവരിൽ നിന്നും നന്മ അരക്കഴഞ്ചും പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നത് അിറഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാര്യം ചോദിക്കുന്നത്.

ഒന്നരവർഷത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും മനസ്സുമടുക്കാതെ സാമൂഹ്യ ഉത്തരവാദിത്തം നിർവഹിക്കുന്ന ആരോഗ്യ പ്രവർത്തകരെ അംഗീകരിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാനെങ്കിലും തയ്യാറാകാമായിരുന്നു. രോഗികൾക്ക് ഭക്ഷണം നൽകുന്നത് ചികിത്സയ്‌ക്കൊപ്പം ചേർത്തുവെയ്ക്കാവുന്ന വലിയ നന്മ തന്നെയാണ്‌. പ്രത്യേകിച്ച് കൂട്ടിരിപ്പുകാർ പൊതുവിൽ ഇല്ലാത്ത കോവിഡ് രോഗികളുടെ കാര്യത്തിൽ. ഈ കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച്, അവരുടെ ആത്മാർത്ഥത ചോർത്തിക്കളയാൻ ശ്രമിക്കുന്നവരെ സമൂഹം വിലയിരുത്തട്ടെ. ഇത്തരക്കാരുടെ ദുഷ്ടലാക്ക്‌ തിരിച്ചറിഞ്ഞ്‌, പതറിപ്പോകാതെ, സാമൂഹ്യപ്രതിബദ്ധതയോടെ തുടർന്നും പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർക്ക്‌ സാധിക്കണം.
ഈ കോവിഡ് രണ്ടാം തരംഗ അതിവ്യാപന ഘട്ടത്തിലും ഇത്തരത്തിൽ നെറികേട് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടത് തന്നെയാണ്. അത് ആശുപത്രി അധികൃതർ ഇതിനോടകം സ്വീകരിച്ചു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. കുറ്റവാളിയെ ഉടൻ പിടികൂടാൻ പോലീസും തയ്യാറാവണം.
– എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button