COVID 19Latest NewsKeralaNewsIndia

രാജ്യം കോവിഡിൽ നിന്നും കരകയറുന്നു: രോഗമുക്തി നിരക്ക് 95.6 %, ചികിത്സയിലുള്ളത് 10 ലക്ഷത്തിൽ താഴെ ആളുകൾ

ന്യൂഡൽഹി: രാജ്യം കോവിഡിൽ നിന്നും കരകയറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ165 ജില്ലകളില്‍ മാത്രമേ നൂറിലധികം കൊവിഡ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെയാണ്. 65 ദിവസത്തിനുശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെ എത്തി. രാജ്യം 95.6 % രോഗമുക്തി നിരക്ക് കൈവരിച്ചു. ഏറ്റവും ഉയര്‍ന്ന കേസ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം പ്രതിദിന കേസുകളില്‍ 85 ശതമാനത്തിന്റെ കുറവുണ്ടായതായും ആരോ​ഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടർച്ചയായ എട്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.

Also Read:11 ദിവസം നാടിനെ വിറപ്പിച്ച പുലി പിടിയില്‍

അതേസമയം, കൊവിഡ് വ്യാപനം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ജൂണ്‍ 16 മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചു. ഇതുകൂടാതെ പ്രധാന മരുന്നുകള്‍ക്കും ഓക്സിജന്‍,​ സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കും കേന്ദ്രം ജി.എസ്.ടി ഇളവുകള്‍ പ്രഖ്യാപിച്ചു.

കൊവിഡ് ചികിത്സയ്‌ക്കുള്ള ടോസിലിസുമാബ്, ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈകോസിസ് ) ചികിത്സയ്‌ക്കുള്ള ആംഫോടെറിസിന്‍-ബി എന്നീ മരുന്നുകളുടെ 5% ജി.എസ്.ടി പൂര്‍ണമായി ഒഴിവാക്കി. റെംഡെസിവിര്‍ ഉള്‍പ്പെടെ ഏതാനും മരുന്നുകളുടെയും ടെസ്റ്റിംഗ് കിറ്റുകള്‍,​ ഓക്സിജന്‍, വെന്റിലേറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ‌ര്‍ തുടങ്ങിയവയുടെയും ജി.എസ്. ടി 5% ആയി കുറച്ചു. അതേസമയം, കൊവിഡ് വാക്സിന്റെ 5% ജി.എസ്.ടിയില്‍ മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button