KeralaNattuvarthaLatest NewsNews

മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം: ഫാത്തിമ തഹ്‍ലിയ

മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവർക്ക് കേൾക്കേണ്ടി വരാത്ത വർഗീയ ആരോപണങ്ങൾ തിരൂർ ജില്ല ആവശ്യപ്പെടുന്നവർക്ക് നേരിടേണ്ടി വരുന്നു

മലപ്പുറം: മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ. കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നതെന്നും, വാക്സിൻ വിതരണത്തിൽ അടക്കം ഈ അനീതി കണ്ടതാണെന്നും ഫാത്തിമ തഹ്‍ലിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നും, മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവർക്ക് കേൾക്കേണ്ടി വരാത്ത വർഗീയ ആരോപണങ്ങൾ തിരൂർ ജില്ല ആവശ്യപ്പെടുന്നവർക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാർഹമാണെന്നും ഫാത്തിമ തഹ്‍ലിയ പറയുന്നു.

ഫാത്തിമ തഹ്‍ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ’: കെ.സുരേന്ദ്രന്‍

തിരൂർ കേന്ദ്രമായി ഒരു ജില്ല രൂപീകരിക്കാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം?
1984ൽ കണ്ണൂർ ജില്ല വിഭജിച്ച് കാസർഗോഡ് ജില്ല രൂപീകരിച്ചതാണ് കേരളത്തിലെ അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ആകെ ജനസംഖ്യ 38 ലക്ഷമാണ്. മലപ്പുറം ജില്ലയുടെ ജനസംഖ്യയാകട്ടെ 41 ലക്ഷവും. കൊല്ലം, ആലപ്പുഴ ജില്ലകൾ വിഭജിച്ചാണ് 1982ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിൽ നിന്ന് പത്തനംതിട്ട വിഭജിച്ചില്ലായിരുന്നുവെങ്കിൽ പോലും കൊല്ലത്തേക്കാൾ കൂടുതൽ ജനസംഖ്യ മലപ്പുറം ജില്ലക്കുണ്ട്.

കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തിൽ നൽകപ്പെടുമ്പോൾ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്സിൻ വിതരണത്തിൽ അടക്കം നാം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേർന്നു കിടക്കുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയിൽ ചേർക്കുന്നത് ആലോചിക്കാവുന്നതാണ്.

മൂവാറ്റുപുഴ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം എന്ന ആവശ്യം ഉയർന്നു കേൾക്കുന്നുണ്ട്. മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവർക്ക് കേൾക്കേണ്ടി വരാത്ത വർഗീയ ആരോപണങ്ങൾ തിരൂർ ജില്ല ആവശ്യപ്പെടുന്നവർക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാർഹമാണ്.
മലപ്പുറം ജില്ലക്ക് 52-ാം ജന്മദിനാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button