Latest NewsIndia

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ: ട്വിറ്ററിനോട്‌ തരൂർ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി

മേയ്‌ 26ന്‌ നിലവില്‍ വന്ന പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ബാക്കിയുള്ള പ്രധാന സാമൂഹ്യ മാധ്യമസ്‌ഥാപനം ട്വിറ്റര്‍ മാത്രമാണ്‌.

ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങള്‍ പരമമാണെന്നും ട്വിറ്റര്‍ അത്‌ അനുസരിക്കാന്‍ ബാധ്യസ്‌ഥരാണെന്നും സാമൂഹിക മാധ്യമ വമ്പനായ ട്വിറ്ററിനോട്‌ ശശി തരൂര്‍ എം.പി. അധ്യക്ഷനായ ഐ.ടി. പാര്‍ലമെന്ററി സമിതി. ഇന്ത്യയില്‍ മുഖ്യപരാതി പരിഹാര ഓഫീസറെ എന്തുകൊണ്ടു നിയമിച്ചില്ല എന്നതടക്കമുള്ള കാഠിന്യമേറിയ ചോദ്യങ്ങളാണ്‌ പാര്‍ലമെന്റ്‌ സമിതിക്കു മുന്നില്‍ ഹാജരായ ട്വിറ്റര്‍ അധികൃതര്‍ ഇന്നലെ നേരിട്ടത്‌.

സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത എന്നിങ്ങനെയുള്ള തങ്ങളുടെ തത്വങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ പൗരന്മാരുടെ ഓണ്‍ലൈന്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തയാറാണെന്നും ട്വിറ്ററിനുവേണ്ടി ഹാജരായ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ സമിതിയെ അറിയിച്ചു. ഹാജരായ ഉദ്യോഗസ്‌ഥരോട്‌ തങ്ങള്‍ കമ്പനിയില്‍ വഹിക്കുന്ന ഉത്തരവാദിത്തവും അധികാരങ്ങളും എഴുതിനല്‍കാന്‍ സമിതി ആവശ്യപ്പെട്ടു.

95 മിനിട്ടോളം നീണ്ട കൂടിക്കാഴ്‌ചയില്‍ എല്ലാ പാര്‍ട്ടികളില്‍നിന്നുള്ള എം.പിമാരും ട്വിറ്റര്‍ അധികൃതരോടു ശക്‌തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. പല വിഷയങ്ങളിലും ട്വിറ്റര്‍ അവ്യക്‌തവും അപൂര്‍ണവുമായ മറുപടിയാണ്‌ നല്‍കിയതെന്നാണ്‌ വിവരം. ട്വിറ്ററിന്റെ പബ്ലിക്‌ പോളിസി മാനേജര്‍ ഷാഗുഫ്‌ത കമ്രാനും ലീഗല്‍ കൗണ്‍സല്‍ ആത്‌സുഷി കപൂറുമാണ്‌ ചോദ്യം ചെയ്യലിനു വിധേയരായത്‌.

മേയ്‌ 26ന്‌ നിലവില്‍ വന്ന പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ബാക്കിയുള്ള പ്രധാന സാമൂഹ്യ മാധ്യമസ്‌ഥാപനം ട്വിറ്റര്‍ മാത്രമാണ്‌. ഇടക്കാല മുഖ്യ പരാതിപരിഹാര ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ട്വിറ്റര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button