KeralaNattuvarthaLatest NewsNews

‘ഓൺലൈനിൽ പണം നൽകി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കും’: കാർഡ് അച്ചടിച്ച് പരസ്യം ചെയ്ത ആളെ എക്സൈസ് അറസ്റ്റു ചെയ്തു

കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതിനെ തുടർന്നാണ് സ്വയം തൊഴിലെന്ന നിലയിൽ മദ്യം ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുമെന്ന പരസ്യം നൽകിയത്

കൊച്ചി: ഓൺലൈനിൽ പണം നൽകി ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിക്കാമെന്നു കാണിച്ച് കാർഡ് അച്ചടിച്ചു വിതരണം ചെയ്തയാൾ പിടിയിൽ. എറണാകുളം കടവന്ത്ര ഗാന്ധിനഗർ സ്വദേശി മോൻസി ജോർജാണ് എക്സൈസ് പിടിയിലായത്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് എറണാകുളം നഗരപരിധിയിൽ മദ്യം വീട്ടിലെത്തിച്ചു നൽകുമെന്നായിരുന്നു മോൻസി ജോർജ് പരസ്യം ചെയ്തത്.

മദ്യം വാങ്ങി ബില്ല് സഹിതം വീട്ടിലെത്തിക്കുന്നതിന് 100 രൂപ സർവീസ് ചാർജായി നൽകണമെന്നും കാർഡിലുണ്ട്. മദ്യത്തെക്കുറിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണെന്ന അബ്കാരി ആക്ട് 55 എച്ച് വകുപ്പു ചുമത്തിയാണ് നടപടി. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ.അശോക് കുമാറിന്റെ നിർദേശപ്രകാരം എക്സൈസ് സി.ഐ പി.അൻവർ സാദത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരസ്യത്തിനായി അച്ചടിച്ചിറക്കിയ കാർഡുകൾ പിടിച്ചെടുത്ത ശേഷം മോൻസി ജോർജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മദ്യം സമ്മാനം നൽകുന്നതു പോലും വിൽപനയായി പരിഗണിക്കുന്ന സാഹചര്യത്തിൽ മദ്യം വാങ്ങി എത്തിച്ചു നൽകുന്നത് കുറ്റകരമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതിനെ തുടർന്നാണ് സ്വയം തൊഴിലെന്ന നിലയിൽ മദ്യം ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുമെന്ന പരസ്യം നൽകിയതെന്ന് മോൻസി പറഞ്ഞു.

shortlink

Post Your Comments


Back to top button