KeralaLatest NewsNews

രാമനാട്ടുകര അപകടത്തില്‍ ദുരൂഹതകള്‍ ഏറെ, വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈന്തപ്പഴവും മറ്റ് വസ്തുക്കളും

സംഭവത്തെ ചുറ്റിപ്പറ്റി അജ്ഞാതമായ ചില കാര്യങ്ങള്‍

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ അടിമുടി ദുരൂഹത. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാല്‍പ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
വിമാനത്താവളം വഴി കള്ളക്കടത്തായി എത്തിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്‍ന്നവരാണ് അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനത്തില്‍ എങ്ങനെ ഈന്തപ്പഴങ്ങളും പാല്‍പ്പൊടിയും എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Read Also : രാമനാട്ടുകര അപകടം: കണ്ണൂർ സംഘത്തിന് രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ

1.33 കോടി വിലമതിക്കുന്ന സ്വര്‍ണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം അന്വേഷിച്ചായിരുന്നു ക്വട്ടേഷന്‍ സംഘങ്ങള്‍ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെ സംഘത്തിന്റെ ഓപ്പറേഷന്‍ പാളിയെന്നും മടങ്ങിപ്പോകുന്നതിനിടെ കൊടുവള്ളി സംഘവും ചെര്‍പ്പുളശേരി സംഘവും ഏറ്റുമുട്ടിയെന്നും തുടര്‍ന്നുള്ള ചെയ്‌സിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്ന പൊലീസിന്റെ വാദവും ചോദ്യംചെയ്യപ്പെടുന്നു.

സ്വര്‍ണം കിട്ടാതെ മടങ്ങി എന്നുപറയുന്ന കൊടുവള്ളി സംഘത്തെക്കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. അതിനാല്‍ കസ്റ്റംസ് പിടിച്ചെടുത്തതില്‍ കൂടുതല്‍ സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതിനും നിലവില്‍ പൊലീസിന്റെ പക്കല്‍ ഉത്തരമില്ല.

എട്ടുപേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെ കവര്‍ച്ചാ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാര്‍ ആരുമില്ലാത്തതിനാല്‍ കേസ് എങ്ങനെ നിലനില്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button