News

‘നമുക്ക് നല്ല രീതിയിലുള്ള ഒരു സെക്ഷ്വല്‍ എജുക്കേഷനില്ല, മാറ്റം വരണം’: ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധായകൻ

കൊച്ചി: സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യമായ അപജയമാണെന്ന് സംവിധായകന്‍ ജിയോ ബേബി. കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് സംവിധായകൻ സാമൂഹികമാറ്റം അനിവാര്യമാണെന്ന് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

നിയമ നിര്‍മ്മാണം നടക്കേണ്ട പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കലാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ജിയോ ബേബി അത് സമൂഹത്തിന്റെ പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളെല്ലാം തന്നെ പുരോഗമനപരമായ ചിന്താഗതി മുന്നോട്ട് വെക്കുന്നവയാണെന്ന് സംവിധായകൻ വ്യക്തമാക്കി. ഇതിനായി ജിയോ ബേബി ചൂണ്ടിക്കാണിക്കുന്നത് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട്, ആര്‍ക്കറിയാം എന്നീ സിനിമകളാണ്.

ജിയോ ബേബിയുടെ വാക്കുകള്‍:

‘മാതാപിതാക്കള്‍ സ്വന്തം മക്കളെ വളര്‍ത്തുന്നത് കച്ചവടം പോലെയാണ്. ആണ്‍കുട്ടികളാണെങ്കില്‍ ഒരു 25-26 വയസാകുമ്പോഴേക്കും സമ്പാതിക്കാന്‍ തുടങ്ങണം. ഇല്ലെങ്കില്‍ മാതാപിതാക്കള്‍ തന്നെ മോശം പറയും. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പഠനം കഴിഞ്ഞാല്‍ വിവാഹം കഴിച്ച് വിടുക എന്ന ഉത്തരവാദിത്വം മാത്രമാണ് ഉള്ളത്. സ്വന്തം കുട്ടികളെ സ്വതന്ത്രരായ വ്യക്തികളായാണ് കാണാന്‍ ശ്രമിക്കേണ്ടത്. ഏറ്റവും ചെറിയ കുട്ടികളെ നമ്മള്‍ ജെന്‍ഡര്‍ ഇക്ക്വാളിറ്റിയെ കുറിച്ചൊന്നും പഠിപ്പിക്കുന്നില്ല. നമുക്ക് നല്ല രീതിയിലുള്ള ഒരു സെക്ഷ്വല്‍ എജുക്കേഷനില്ല. ഇവിടെയെല്ലാം നമ്മള്‍ മാറ്റം വരുത്തേണ്ടതുണ്ട്.

Also Read:നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു: ഷൈൻ നിഗം

സ്ത്രീധന മരണം പോലുള്ള പ്രശ്‌നങ്ങളില്‍ മാറ്റം വരാന്‍ നമ്മള്‍ സാമൂഹ്യമായി മാറേണ്ടതുണ്ട്. വിസ്മയയുടെ വിഷയത്തില്‍ പൊലീസില്‍ പരാതി പെടുമ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നത്. അത് ഒരു പൊലീസുകാരന്റെ മാത്രം പ്രശ്‌നമല്ല. അത് ഒരു സാമൂഹ്യ അവസ്ഥയാണ്. നിയമനിര്‍മ്മാണം നടക്കേണ്ട പലയിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നിയമങ്ങള്‍ കൊണ്ട് കൊറേ ഒക്കെ മാറ്റം വരുത്താം.

ഇപ്പോള്‍ സ്ത്രീധനം വേണ്ടയെന്ന് തീരുമാനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല. ഇവരെ എല്ലാം നമുക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാന്‍ സാധിക്കില്ല. പുരോഗമനപരമായ സിനിമകളിലൂടെയും സമൂഹത്തില്‍ മാറ്റം കൊണ്ട് വരാന്‍ സാധിക്കും. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളെല്ലാം തന്നെ പുരോഗമനപരമായ ചിന്താഗതി മുന്നോട്ട് വെക്കുന്നവയാണ്. അത് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാത്രമല്ല, നായാട്ട്, ആര്‍ക്കറിയാം എന്നീ സിനിമകളെല്ലാം അതിന് ഉദാഹരണമാണ്. അതിനര്‍ത്ഥം ഈ സിനിമകളെല്ലാം പെര്‍ഫക്റ്റാണെന്നല്ല. മറിച്ച് പുരോഗമനപരമായ പല കാര്യങ്ങളും ഈ സിനിമകളില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്’, ജിയോ ബേബി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button