KeralaCinemaMollywoodLatest NewsNewsEntertainment

1000ത്തിലേറെ ജോലി സാധ്യത, മദ്യപാനം നിർത്തിയവർക്ക് മുൻഗണന: പുതിയ കമ്പനിക്ക് തറക്കല്ലിട്ട് ‘വെള്ളം’ മുരളി

കൊച്ചി: ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലെ മുരളിയെ ആരും മറക്കാനിടയില്ല. മദ്യപാനിയിൽ നിന്നും ഒരു ബിസിനസുകാരനിലേക്കുള്ള മുരളിയുടെ വളർച്ച സിനിമയിൽ നാം കണ്ടതാണ്. കണ്ണൂര്‍ തളിപ്പറമ്പുകാരനായ മുരളിയുടെ ജീവിതമായിരുന്നു പ്രജേഷ് സെൻ എന്ന സംവിധായകൻ ‘വെള്ളം’ എന്ന ചിത്രത്തിൽ വരച്ചുകാട്ടിയത്. വാട്ടർമാൻ ടൈൽസിന്റെ മുതലാളിയാണ് മുരളി. വാട്ടർമാൻ ടൈൽസിൻ്റെ കേരളത്തിലെ ആദ്യ ഷോറൂമിനു ഇന്ന് തറക്കല്ലിട്ടുവെന്ന വിശേഷമാണ് മുരളി പങ്കുവെയ്ക്കുന്നത്.

രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ മാർക്കറ്റിൽ വാട്ടർമാൻ ടൈൽ സജീവ സാന്നിധ്യമായി മാറും. ആയിരത്തോളം പേർക്കുള്ള ജോലി സാധ്യത കൂടിയാണ് മുരളി ലക്‌ഷ്യം വെയ്ക്കുന്നത്. മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ എന്നിവരിൽ നിന്നും കുറച്ചുപേർക്ക് തന്റെ കമ്പനിയിൽ ജോലി നൽകാനാണ് മുരളിയുടെ തീരുമാനം. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു മുരളി ഇക്കാര്യം വെളിപ്പെടുത്തിയത്.

മുരളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുഹൃത്തുക്കളേ,
ഒരു സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുകയാണ്. വാട്ടർമാൻ ടൈൽസിൻ്റെ കേരളത്തിലെ ആദ്യ ഷോറൂമിന് ഇന്ന് 23-6-2021 ന് ബുധനാഴ്ച ആലുവ – പറവൂർ റോഡിലെ കരുമാലൂരിൽ തറക്കല്ലിടുന്നു. എൻ്റെ ഒരു വലിയ സ്വപ്നത്തിൻ്റെ ശിലയിടൽ കൂടിയാണിത്.
‘വെള്ളം’ എന്ന സിനിമയിലൂടെ എൻ്റെ ജീവിതത്തെ അടുത്തറിഞ്ഞവരെല്ലാം ‘WATERMAN’ എന്ന പേരും ഹൃദയത്തോട് ചേർക്കുന്നവരാകും. മുരളി എന്ന കഥാപാത്രവും മദ്യവും തമ്മിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്ന ഈ വാക്ക്, വ്യക്തി എന്ന നിലയിൽ എൻ്റെ ജീവിതത്തിലും അതുവഴി ചുറ്റുമുള്ള ഒരു പാടു പേരുടെ ജീവിതത്തിലും വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ്. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ മാർക്കറ്റിൽ വാട്ടർമാൻ ടൈൽ സജീവ സാന്നിധ്യമായി മാറും. ആയിരത്തോളം പേർക്കുള്ള ജോലി സാധ്യത കൂടിയാണ് എൻ്റെ സ്വപ്നം..

Also Read:സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു

നിങ്ങൾക്കെല്ലാമറിയാം മദ്യപാനിയോട് സമൂഹം കാണിക്കുന്ന അവഗണനയെ കുറിച്ച്… വീടും നാടും പുറം തള്ളി തെരുവിലുറങ്ങിയ രാത്രികൾ എൻ്റെ ജീവിതത്തിൽ ഏറെയുണ്ട്. ആരും ഒരൽപം പോലും മനുഷ്യത്വം കാണിക്കാതെ, കോമാളിയായും വിഡ്ഢിയായും നടന്നു തള്ളിയ വഴികൾ എൻ്റെ പുറകിലുണ്ട്… കരഞ്ഞ് തീർത്ത രാത്രികളേയും വിഷാദം പകുത്ത പകലുകളേയും ഒന്നു തിരിഞ്ഞ് നിന്നാൽ എനിക്ക് ഇപ്പോഴും തൊടാം. ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്…  മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്ക് സമൂഹത്തിൻ്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്….

മദ്യപാനം രോഗമാകുമ്പോൾ ചികിത്സക്കൊപ്പം സ്നേഹവും പരിഗണനയും കിട്ടിയേ തീരൂ… ഇത്തരത്തിൽ ഡീ-അഡിക്ഷൻ സെൻ്ററിൽ നിന്നും മറ്റും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിനു കഴിയണമെന്ന ആഗ്രഹമുണ്ട്… കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.. അതുകൊണ്ട് മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ… എന്നിവരിൽ കുറച്ചു പേരെയെങ്കിലും ജോലിക്ക് നിർത്താനാണ് ആഗ്രഹം… അവഗണനയുടെ നോട്ടങ്ങൾക്കു മുമ്പിൽ വിശന്നൊട്ടിയ വയറുമായി നടന്നു തീർത്ത ഭൂതകാലമാണ് എൻ്റെ സ്വപ്നങ്ങൾക്ക് ചിറക് തീർക്കുന്നത്…

ഇതൊരു പ്രാർഥനയാണ്, ഒരു പാട് ജീവിതങ്ങളെ ചേർത്തു നിർത്താനുള്ള പ്രാർഥന… നിങ്ങളുടെ മനസ്സ് എനിക്കൊപ്പം എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെയാണ് ചുവടു വെക്കുന്നത്… മുറിവേറ്റവർക്ക് തണലാ കാൻ നമുക്കൊരുമിച്ച് നിൽക്കാം… ജീവിക്കാം ജീവിക്കാൻ പ്രേരിപ്പിക്കാം… ഇത്തരം ഒരു സംരഭത്തിന് കൊച്ചിയിൽ അവസരം ഒരുക്കിത്തന്ന നോബിഷിനെ ഹൃദയത്തോട് ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button