Latest NewsIndia

തമിഴ്‌നാട്ടിൽ പോലീസുകാരുടെ ഗുണ്ടായിസം: നടുറോഡില്‍ തല്ലിച്ചതച്ച യുവാവ് മരിച്ചു വന്‍ പ്രതിഷേധം, എഎസ്‌ഐ അറസ്റ്റില്‍

മുരുകേശന്‍ മോശമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐക്ക് ദേഷ്യം വന്നതെന്നു പോലീസ് പറയുന്നു.

സേലം : തമിഴ്നാട് പോലീസിനെതിരെ വലിയ പരാതികളാണ് പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഉണ്ടാവുന്നത്. കോവിഡ് പ്രോട്ടോകോൾ എന്ന പേരിൽ യാത്രക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ഇവരുടെ പതിവാണെന്നാണ് പൊതുവെ ആരോപണം. ഇപ്പോൾ ഏറ്റവും ഒടുവിലായി നടുറോഡില്‍ പോലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവാവ് മരിച്ചു.

സേലം എത്താപൂര്‍ സ്വദേശി മുരുകേശന്‍ ആണ് മരിച്ചത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ എഎസ്‌ഐ പെരിയസ്വാമിയെ അറസ്റ്റ് ചെയ്തു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 45കാരനായ മുരുകേശനെ ചൊവ്വാഴ്ചയാണ് പോലീസ് മര്‍ദ്ദിച്ചത്. എത്താപൂരിലെ ചന്ദ്രപിള്ളയ് വലസു സ്വദേശിയാണ് മുരുകേശന്‍.

സുഹൃത്തുക്കളായ ശങ്കര്‍, ശിവന്‍ ബാബു എന്നിവര്‍ക്കൊപ്പം മദ്യം വാങ്ങാന്‍ കള്ളക്കുറുച്ചി ജില്ലയിലേക്ക് പോയതായിരുന്നു ഇയാള്‍. സേലത്ത് കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം മദ്യഷാപ്പുകള്‍ തുറന്നിരുന്നില്ല. മദ്യപിച്ച ശേഷം ഇരുചക്ര വാഹനത്തില്‍ മടങ്ങി വരവെയാണ് ഇവരെ പോലീസ് തടഞ്ഞത്. ഇവരില്‍ നിന്ന് മദ്യം പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്.

മുരുകേശന്‍ മോശമായി സംസാരിച്ചപ്പോഴാണ് എഎസ്‌ഐക്ക് ദേഷ്യം വന്നതെന്നു പോലീസ് പറയുന്നു. പെരിയസ്വാമി ലാത്തികൊണ്ട് മുരുകേശനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിലത്ത് വീണിട്ടും മരുകേശന് മര്‍ദ്ദനമേറ്റു. തലയ്ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് മരണകാരണമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button