KeralaLatest NewsNews

കേന്ദ്രത്തിന്റെ കൊവിഡ് പാക്കേജ്, രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക് : കേരളത്തിലെ പോലെ ജനങ്ങള്‍ക്ക് കിറ്റോ പണമോ ആയി നല്‍കണം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പാക്കേജിനെ കണക്കറ്റ് വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ച പുതിയ കൊവിഡ് പാക്കേജിനെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്ത് എത്തിയത്. അരി കൂടാതെ അവശ്യസാധനങ്ങള്‍ കേരളത്തിലെപ്പോലെ കിറ്റായി നല്‍കുകയോ അല്ലെങ്കില്‍ സാധാരണക്കാര്‍ക്കു കാശ് നേരിട്ടു നല്‍കുകയോ വേണമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

Read Also : തൃശൂര്‍ ബലാത്സംഗ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം, സംഭവം ചര്‍ച്ചയായത് മയൂഖ ജോണിയുടെ പത്രസമ്മേളനത്തെ തുടര്‍ന്ന്

‘ രണ്ടാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് മല എലിയെ പ്രസവിച്ചപോലെയായി. രണ്ടാം വ്യാപനം നാട്ടിലെ സാധാരണക്കാരെ ഒന്നാം വ്യാപനത്തേക്കാള്‍ തീക്ഷണമായിട്ടാണ് ബാധിച്ചതെന്ന് ഏവരും അംഗീകരിക്കും. ഒന്നാം വ്യാപനകാലത്ത് എല്ലാവരുടെയും കൈയ്യില്‍ കുറച്ചെങ്കിലും സമ്പാദ്യമുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വ്യാപനത്തിനുശേഷം എല്ലാവരുടെ പോക്കറ്റും കാലിയാണ്. വിലക്കയറ്റമാകട്ടെ റെക്കോര്‍ഡ് ഇട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നടപടി ജനങ്ങള്‍ക്കു സമാശ്വാസം നല്‍കലാണ്. അവരുടെ കൈയില്‍ പണം എത്തിക്കലാണ്’ .

‘ മുന്‍പു പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യധാന്യം വരും മാസങ്ങളിലും തുടരുമെന്നത് സമാശ്വാസമാണ്. പക്ഷെ അരി മാത്രം പോരല്ലോ. മറ്റ് അവശ്യസാധനങ്ങള്‍ കേരളത്തിലെപ്പോലെ കിറ്റായി നല്‍കുക. അല്ലെങ്കില്‍ സാധാരണക്കാര്‍ക്കു കാശ് നേരിട്ടു നല്‍കുക. 6000 രൂപയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനൊന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. ഞാന്‍ പറയുക, ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ വര്‍ഷത്തെ തൊഴിലുറപ്പിന്റെ കൂലി ഈ വര്‍ഷം അഡ്വാന്‍സായി കൊടുക്കുക. അടുത്തൊരു അഞ്ചു വര്‍ഷത്തെ കൂലിയില്‍ നിന്ന് കുറേശ്ശെ വേണമെങ്കില്‍ തിരിച്ചു പിടിക്കട്ടെ. എന്നാലും ഇപ്പോള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പാവങ്ങളുടെ കൈയ്യില്‍ പണം എത്തുമല്ലോ. അങ്ങനെയൊരു കരുണ കേന്ദ്രസര്‍ക്കാരിനില്ല. എന്തിന് തൊഴിലുറപ്പിന്റെ അടങ്കല്‍ വര്‍ദ്ധിപ്പിക്കാന്‍പോലും തയ്യാറായിട്ടില്ല’ .

‘കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുകയാണ്. അതുവഴി വിലക്കയറ്റത്തിനു കടിഞ്ഞാണിടാം. എന്നാല്‍ ഈ പ്രതിസന്ധികാലത്തും ലക്ഷക്കണക്കിനു കോടി രൂപയുടെ കൊള്ളയടി തുടരാനാണു തീരുമാനം. എന്നിട്ടു ബാങ്കുവഴി വായ്പ നല്‍കുക. അതിനു പലിശ ചെലവുപോലും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഇല്ല. ഇത്തരം തട്ടിപ്പുവിദ്യകളിലൂടെ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാനാവില്ല’-തോമസ് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button