Latest NewsKeralaIndia

ഡിപ്ലോമാറ്റിക് ബാഗ് സ്വർണ്ണക്കടത്ത്: ഇന്ത്യ യുഎഇയ്ക്ക് നോട്ടീസ് നൽകി, നിർണ്ണായക നീക്കം ഇതാദ്യം

കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പെന്‍ഡ്രൈവില്‍ നല്‍കി.

ന്യൂഡൽഹി∙ നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യ, യുഎഇയ്ക്ക് നോട്ടിസ് നല്‍കി. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായാണ് യുഎഇ എംബസിക്ക് വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കിയത്. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ കേസില്‍ ഇത്തരമൊരു നീക്കം ആദ്യമായാണ്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പെന്‍ഡ്രൈവില്‍ നല്‍കി. യുഎഇയുടെ മറുപടി കേസിന്‍റെ മുന്നോട്ടുപോക്കിലും ഉഭയകക്ഷി ബന്ധത്തിലും നിര്‍ണായകമാകും.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. ഇരുവരും ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. 1962 കസ്റ്റംസ് ആക്ട് സെക്‌ഷന്‍ 124 പ്രകാരം നമ്പര്‍ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യുഎഇ എംബസിക്ക് വെള്ളിയാഴ്ചയാണ് കൈമാറിയത്. അല്‍സാബിയുമായും റാഷിദ് ഖമീസുമായും ബന്ധപ്പെട്ടശേഷം മറുപടി നല്‍കാനും അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഔദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്‍റെ കണ്ടെത്തല്‍ യുഎഇയ്ക്ക് കൈമാറിയിട്ടുണ്ട്. സ്വന്തം പൗരന്മാരെ ഇന്ത്യയിലെ നിയമ നടപടിക്ക് വിട്ടുനല്‍കാന്‍ യുഎഇ തയാറാകുമോയെന്നത് നിര്‍ണായകമാണ്.

വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഭീഷണിയില്ലാതിരുന്നിട്ടും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടാതെ കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കി. 2019 നവംബറിനും 2020 മാര്‍ച്ച് നാലിനും ഇടയില്‍ നടന്ന 18 നയതന്ത്ര കള്ളക്കടത്തുകള്‍ക്ക്, ഒാരോന്നിനും 1000 യുഎസ് ഡോളര്‍ വീതം അല്‍സാബിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button