KeralaLatest News

‘കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ആശുപത്രികള്‍ക്ക് പിണറായി സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു’: ഡോ.എസ്.എസ്. ലാല്‍

എങ്കിലും സംസ്ഥാനത്തിന്റെ ഒരു മന്ത്രിയോടും ഒരു സ്ത്രീയോടും കാണിക്കേണ്ട അധിക മര്യാദ ഞാൻ കാണിച്ചു. യൂട്യൂബിൽ ഇതെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട്.

തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നുവെന്ന് പറഞ്ഞതിന്റെ പേരില്‍ ആക്രമണം നേരിട്ടിരുന്നുവെന്ന് ഡോ.എസ്.എസ്. ലാല്‍. മരണ നിരക്ക് കുറച്ചു കാണിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ചില പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് കൃത്യമായ നിര്‍ദ്ദേശം പോയിരുന്നു. മരിക്കുന്ന വ്യക്തിക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കില്‍ മരണ കാരണമായി ആ രോഗം കാണിക്കണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും എസ്എസ് ലാൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

അത് കള്ളക്കളിയല്ല, തീക്കളിയായിരുന്നു.
ഏതാണ്ട് ഒരു കൊല്ലം മുമ്പ് കൊവിഡ് മരണ നിരക്കിലെ കൃത്രിമം ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നെപ്പോലെ പലരും. ഒരു ടെലിവിഷൻ ചർച്ചയിൽ ഇത് വലിയ തർക്കമായി. ഇടത് ചാനൽ ആയിരുന്നു വേദി. ആരോഗ്യമന്ത്രിയായിരുന്നു സർക്കാരിന് വേണ്ടി സംസാരിച്ചത്. കൊവിഡിന്റെ യഥാർത്ഥ മരണ നിരക്ക് സർക്കാർ പറയുന്നതല്ലെന്നും ഇക്കാര്യത്തിൽ കള്ളക്കളിയുണ്ടെന്നും ഞാൻ പറഞ്ഞു. അന്നേ ദിവസം വരെ എന്നോട് സൗഹൃദമായി പെരുമാറിയിരുന്ന ആരോഗ്യ മന്ത്രി പെട്ടെന്ന് ഒരു ശത്രുവിനെപ്പോലെ സംസാരിച്ചു.

അവതാരകൻ മന്ത്രിക്ക് കൂട്ടായി.  സർക്കാർ പറയുന്നിലും എത്രയോ കൂടുതൽ മരണങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ കേരളത്തിൽ കൂടുതൽ പേർ മരിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നതായി അവർ ആക്ഷേപിച്ചു. ഞങ്ങൾ തമ്മിൽ വലിയ തർക്കം നടന്നു. ഞാൻ ശക്തിയായി എന്റെ ഭാഗവും വാദിച്ചു. എങ്കിലും സംസ്ഥാനത്തിന്റെ ഒരു മന്ത്രിയോടും ഒരു സ്ത്രീയോടും കാണിക്കേണ്ട അധിക മര്യാദ ഞാൻ കാണിച്ചു. യൂട്യൂബിൽ ഇതെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട്. ഞാൻ മന്ത്രിയെ തിരികെ കടന്നാക്രമിക്കാത്തത് കാരണം മന്ത്രി പറഞ്ഞതാണ് ശരിയെന്ന് ടെലിവിഷൻ കണ്ട കുറേപ്പേരെങ്കിലും തെറ്റിദ്ധരിച്ചു.

സൈബർ പോരാളികൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ എന്നെ ഒരുപാട് ആക്രമിച്ചു.
വീണ്ടും പറയുന്നു. ഞാൻ മാത്രമായിരുന്നില്ല. പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മറ്റു പലരും മരണ നിരക്കിന്റെ കാര്യത്തിലെ കള്ളത്തരം ചൂണ്ടിക്കാട്ടി. അവരെയും സർക്കാർ പക്ഷക്കാർ ആമിച്ചു. സത്യം അറിയാമെങ്കിലും പുറത്തു പറയാൻ പറ്റാത്ത ഒരുപാട് വിദഗ്ദ്ധരുണ്ടായിരുന്നു. അവരിൽ എന്തെങ്കിലും പറഞ്ഞവരെ മന്ത്രിയോഫീസിൽ നിന്ന് നേരിട്ട് ഫോണിൽ വിളിച്ചു. സർക്കാരിനെതിരെ സംസാരിക്കരുതെന്ന് പറഞ്ഞു. നേതാക്കളിൽ പലരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. അവർക്ക് പലർക്കും സ്ഥലംമാറ്റ ഭീഷണിയുണ്ടായി. എല്ലാം തെളിവും സാക്ഷികളുമുള്ള കാര്യങ്ങൾ മാത്രം.

ഐ.എം.എ നന്നായി ചെറുത്തു നിന്നു. അതിനുള്ള തെറി ഐ.എം.എ യ്ക്ക് കിട്ടി. ഐ.എം.എ ഒരു ശാസ്ത്ര സംഘടനയല്ലെന്ന് ഏതോ സി.പി.എം പ്രവർത്തകരായ ഡോക്ടർമാർ ആയിടയ്ക്ക് ടെലിവിഷനുകളിൽ പറഞ്ഞു. മുഖ്യമന്ത്രിയെക്കൊണ്ടും പറയിച്ചു. ഡോക്ടർമാർ മാത്രമുള്ളതിനാൽ ഐ.എം.എ ശാസ്ത്ര സംഘടനയാവില്ല. എന്നാൽ ഐ.എം.എ യ്ക്ക് ശാസ്ത്ര കമ്മിറ്റികൾ ഉണ്ട്. വിദഗ്ദ്ധരായ അംഗങ്ങളുണ്ട്. ഒടുവിൽ നിവൃത്തിയില്ലാതെ ഐ.എം.എ യുടെ ഉപദേശങ്ങൾ മുഖ്യമന്ത്രി ചെവിക്കൊണ്ടു. പല കാര്യങ്ങളിലും. അങ്ങനെ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായി.

മരണ നിരക്ക് കുറച്ചു കാണിക്കാൻ സർക്കാരിൽ നിന്ന് ചില പ്രധാന സർക്കാർ ആശുപത്രികളിലേയ്ക്ക് കൃത്യമായ നിർദ്ദേശം പോയിരുന്നു. മരിക്കുന്ന വ്യക്തിക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കിൽ മരണ കാരണമായി ആ രോഗം കാണിക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് ലോകാരോഗ്യ സംഘടനയുടേയും ഇന്ത്യയുടെ ഐ.സി.എം.ആർ – ന്റെയും നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. സർക്കാർ കണ്ണടച്ച് പാല് കുടിച്ചു. കള്ളക്കണക്കുകൾ കാണിച്ച് അവാർഡുകൾക്ക് അപേക്ഷിച്ചു. ഈ കള്ളക്കണക്കൊന്നും ഇല്ലെങ്കിലും കേരളത്തിലെ മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്.

പല രംഗത്തും കേരളം അവാർഡുകൾക്ക് അർഹതയുള്ള ഒന്നാം സ്ഥാനത്താണ്. എല്ലാ രോഗങ്ങളുടെ കാര്യത്തിലും കേരളം അങ്ങനെയാണ്. അത് ഏതെങ്കിലും ഒരു സർക്കാരിന്റെ നേട്ടമല്ല. കേരളത്തിൽ ഉണ്ടായ എല്ലാ സർക്കാരുകളുടെയും സംഭാവന അക്കാര്യത്തിലുണ്ട്. ജനാധിപത്യ സർക്കാരുകൾ വരുന്നതിന് മുമ്പ് നാടു ഭരിച്ചിരുന്നവരും സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗത്തെ സർക്കാർ – സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കും അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഈ നേട്ടങ്ങളിൽ പങ്കുണ്ട്. ആരോഗ്യ അവബോധമുള്ള ജനങ്ങൾക്കും.

കൊവിഡ് മരണ നിരക്ക് കണക്കാക്കുന്ന രീതി രണ്ടാഴ്ച മുമ്പ് മാറിയിട്ടുണ്ട്. പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയപ്പോൾ തെറ്റ് തിരുത്താൻ മുഖ്യമന്ത്രി വൈകിയാണെ
ങ്കിലും തയ്യാറായി. നല്ല കാര്യം. ഇന്ന് വീണ്ടും നല്ലൊരു വാർത്ത കേട്ടു. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ചെവിക്കൊണ്ട് തെറ്റുകളുണ്ടെങ്കിൽ തിരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതായ വാർത്ത. വളരെ സ്വാഗതാർഹമായ കാര്യം. പ്രതിപക്ഷവും സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കു വേണ്ടിയുളള സംവിധാനമാണ്. പ്രതിപക്ഷം പറയുന്നതും കേൾക്കണം.

മരണ നിരക്കിൽ മായം ചേർക്കരുതെന്ന് പറഞ്ഞതിന് മുഖ്യമായി മൂന്ന് കാരണങ്ങളായിരുന്നു. ഒന്ന് ശരിയായ കണക്കുണ്ടെങ്കിലേ ഗവേഷണങ്ങൾ നടത്തി ചികിത്സയിലുൾപ്പെടെ നമുക്കാവശ്യമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയൂ. കേരളം കള്ളക്കണക്കെഴുതുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കുകയായിരുന്നു രണ്ടാമത്തെ കാരണം. മരിച്ചവരുടെ കുടുംബത്തിന് കിട്ടാനുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത് എന്നതായിരുന്നു മൂന്നാമത്തെ കാര്യം.

കൊവിഡ് വന്ന് എറണാകുളത്ത് മരിച്ച മെഡിക്കൽ കോളേജ് പ്രൊഫസറുടെ മരണം കൊവിഡിതര മരണമാക്കി മാറ്റാൻ ശ്രമമുണ്ടായി. രോഗം വന്ന് പതിനൊന്നാം ദിവസം ടെസ്റ്റ് നെഗറ്റീവായി എന്ന കാരണം പറഞ്ഞ്. കൊവിഡ് വന്ന് ആശുപത്രിയിലായി നാല്പതാം ദിവസം നടന്ന മരണത്തിൽ മായം ചേർക്കാൻ നടത്തിയ ശ്രമം ഡോക്ടർമാരുടെ സംഘടനകൾ എതിർത്തപ്പോൾ മാറ്റി. മരണകാരണം തീരുമാനിക്കുന്ന കാര്യത്തിൽ ടെസ്റ്റിന്റെ നെഗറ്റീഫ് ഫലം ഒരു നാട്ടിലും ഉപയോഗിക്കുന്നില്ല എന്നത് മറ്റൊരു കാര്യം.
തെറ്റുകളെ എതിർക്കുന്നവരുടെ രാഷ്ടീയ പശ്ചാത്തലം മാത്രം നോക്കി ആക്രമിക്കരുത്. ആര് പറയുന്നു എന്നതിനേക്കാൾ പ്രധാനം എന്ത് പറയുന്നു എന്നതിനാണ്.

സൈബർ പോരാളികളോടും ബഹുമാനത്തോടെ അതു തന്നെ പറയുന്നു. കഴിഞ്ഞ വർഷത്തെ ചർച്ചയിൽ ആരോഗ്യ മന്തിയോട് പറഞ്ഞ ഒരു കാര്യം കൂടി ആവർത്തിക്കുന്നു. ആരോഗ്യമന്ത്രിമാർ വരും, പോകും. അവർ മറ്റൊരു വകുപ്പിൽ മന്തിയായെന്ന് വരും. മുഖ്യമന്ത്രി ആയെന്നു വരും. കുറേക്കാലം ഒന്നും ആയില്ലെന്നും വരും. ഞാൻ ഡോക്ടറായിട്ട് വർഷം മുപ്പത് കഴിഞ്ഞു. ശരീരത്തിനും മന്സിനും ആരോഗ്യമുള്ള കാലം ഞാൻ ഡോക്ടറായി തുടരും. പേടിക്കാതെ ആരോഗ്യ വിഷയങ്ങൾ പറയും. ചികിത്സാ രംഗത്ത് വന്നത് സ്വയം തീരുമാനിച്ചാണ്.

ഇന്ന് ഡോക്ടർമാരുടെ ദിനം കൂടിയാണ്. എല്ലാ നല്ല ഡോക്ടർമാർക്കും ഡോക്ടർ ദിന ആശംസകൾ.
ഡോ: എസ്.എസ്. ലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button