Latest NewsKerala

‘ന്യായീകരണത്തിന്റെ മാരക വേർഷനുകൾ വിതറുന്നവരോടും വെളുപ്പിക്കുന്നവരോടും പറയാനുള്ളത്, അന്തസ്സ് വേണമെടോ, അന്തസ്സ്’ അഞ്ജു

വല്ലാത്തൊരു ട്രോമയിലാണ് ആ കുഞ്ഞ് . അവനെ പരസ്യവിചാരണ ചെയ്യാതിരിക്കാം നമുക്ക് .

അഞ്ജു പാർവതി

കൊല്ലം : ഇന്നലെ മുതൽ ഇന്ന് രാവിലെ വരെ പാടത്ത് വിതറുന്ന യൂറിയ പോലെ ന്യായീകരണത്തിന്റെ മാരക വേർഷനുകൾ ഉളുപ്പില്ലാതെ വിതറുന്നവരോടും രാഷ്ട്രീയം മാത്രം നോക്കി ഊളത്തരത്തെ വെളുപ്പിക്കാൻ ശ്രമിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ – അന്തസ്സ് വേണമെടോ അന്തസ്സ് ! അതൊരു രാഷ്ട്രീയ പകപോക്കലായിരുന്നില്ല. ഒരു പ്രാങ്ക് കോൾ ആയിരുന്നില്ല ! നൂറു ശതമാനം ജനുവിൻ കോളായിരുന്നു. തമാശയതല്ല; നീതു ജോൺസൻ എന്ന സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ചവർ അത് ഒരു പ്രാങ്ക് കോളെന്ന് ആർത്തട്ടഹസിച്ചു നടന്നെങ്കിലും വിളിച്ച പയ്യൻ ബാലസംഘത്തിന്റെ സ്വന്തം വിത്തെന്നറിയുമ്പോൾ എന്ത് മറുപടിയാണ് പറയുക ?

ഇന്ന് രാവിലെ വരെ എം.എൽ.എയെ വെളുപ്പിക്കാൻ നടന്നവർ ഏറ്റുപാടിയ ഒരു സംഗതിയുണ്ട്. ഒരു പത്താം ക്ലാസ്സുകാരന് സ്വന്തം മണ്ഡലത്തിലെ എം.എൽ.എയെ തിരിച്ചറിയാനുള്ള ബോധമില്ലേ എന്ന ചോദ്യമായിരുന്നുവത്. ആ ചോദ്യം ഇപ്പോൾ തിരിഞ്ഞു കൊത്തുന്നു അല്ലേ സഖാക്കളേ? ആ ബോധം ആ കുഞ്ഞിന് ഇല്ലാതെ പോയത് ആ കുഞ്ഞ് ഏറ്റുപ്പാടിയത് വെറും പാർട്ടി സൂക്തങ്ങൾ ആയതിനാലാവാം അല്ലേ ? കമ്മ്യൂണിസ്റ്റുകാരായ വീട്ടുകാർ ആ മോനെ സിന്ദാബാദ് വിളിക്കാനെ പഠിപ്പിച്ചുള്ളൂ – . മറിച്ച് ചുറ്റുമുളള സാമൂഹിക -രാഷ്ട്രീയ പാഠം പഠിപ്പിക്കാൻ മറന്നതായി കൂടേ?

മറ്റൊരു ന്യായീകരണ മാരക വേർഷനായിരുന്നു ഫോൺ റിക്കോർഡിങ്ങ് ചെയ്യാൻ അറിയുന്ന കുട്ടിയുടെ ഫോൺ കോൾ നിഷ്കളങ്കമായിരുന്നില്ല എന്ന് . തീർത്തും ശരിയാവാം ആ അനുമാനം. കുബുദ്ധിയുടെ ബാലപാഠങ്ങൾ ആ മോൻ പഠിച്ചത് ബാലസംഘത്തിൽ നിന്നോ കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള വീട്ടിൽ നിന്നോ ആയി കൂടേ? മുകേഷ് എന്ന എം.എൽ.എ കാണിച്ച പ്രവൃത്തിയെ ഒരൊറ്റ വാക്ക് കൊണ്ട് മാത്രമേ വിശേഷിപ്പിക്കേണ്ടതുള്ളൂ – ‘തെണ്ടിത്തരം ‘ ! അയാൾ കലാകാരനെന്നതിലുപരി ജനപ്രതിനിധിയാണ് അഥവാ പൊതുപ്രവർത്തകനാണ്. ഏതൊരു പൊതുപ്രവർത്തകന്റെയും കാതുകൾ
ആവലാതിക്കാരന്റെ പ്രതീക്ഷയാണ് ; ഒപ്പം അവരുടെ ആശ്വാസവും വിശ്വാസവും കൂടിയാണ്. ആ ഒരു ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും കടയ്ക്കലാണ് അയാൾ തന്റെ ധാർഷ്ട്യക്കോടാലി കൊണ്ട് ആഞ്ഞാഞ്ഞു വെട്ടിയത്. പാവം ആ കുട്ടി ! പാർട്ടി ആപ്പീസിൽ നിന്നും ചൊല്ലി കൊടുത്ത ന്യായീകരണ സൂക്തങ്ങൾ ആ മോൻ ചാനലുകളിൽ നിരത്തുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. വല്ലാത്തൊരു ട്രോമയിലാണ് ആ കുഞ്ഞ് . അവനെ പരസ്യവിചാരണ ചെയ്യാതിരിക്കാം നമുക്ക് .

അടുത്തൊരാളുടെ കേവലം ഒരു വാക്കോ നോട്ടമോ പോലും സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും ചേർത്തുപ്പിടിക്കലിന്റെയും മറുവാക്കാവുന്ന ഒരു കെട്ടകാലത്തിലൂടെയാണ് നമ്മുടെ യാത്ര . ഒരു ചെറിയ സംഭാഷണത്തിലൂടെ , അതുമല്ലെങ്കിൽ ഒരല്പം സമയം മറ്റൊരാളുടെ ആവശ്യം കേൾക്കുന്നതിലൂടെ ഒരാളെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരാൻ കഴിയുന്ന കാലത്താണ് ഒരു പതിനഞ്ച് വയസ്സുകാരന്റെ വിളിയോട് ജീവിതം ഒരു പാട് കണ്ട ഒരു മധ്യവയസ്ക്കന്റെ എടുത്തടിച്ചതു പോലുളള പ്രതികരണം. സൂം മീറ്റിങ്ങിനിടയിൽ ആറു തവണയിലേറെ വിളിച്ചപ്പോൾ തോന്നിയ അമർഷം കാരണം മുകേഷ് എന്ന മനുഷ്യന് ക്ഷമയുടെ നെല്ലിപ്പലക ഇളകിയെന്ന നരേഷനൊക്കെ കണ്ടു.

ആറ് തവണ ഒരാൾ നമ്മളെ വിളിക്കുമ്പോൾ അത് എന്തോ അത്യാവശ്യമാണെന്നു മനസ്സിലാക്കാനുള്ള സാമാന്യവിവരം പോലും ഇല്ലാത്ത വിവരദോഷിയാണോ ഈ അറുപത് മോഡൽ ഇൻഫന്റ് ജീസസ് പ്രൊഡക്ട് ? പത്തിൽ പഠിക്കുന്ന ഒരു കുഞ്ഞിന് സ്വന്തം മണ്ഡലത്തിലെ എം.എൽ. എ യെ അറിഞ്ഞിരിക്കണമെന്ന നിബന്ധന അത്ര പ്രായോഗികമല്ല. അതൊന്നും അറിയാത്ത എത്രയോ കുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്. ആ കുട്ടിക്ക് ഒരുപക്ഷേ രാഷ്ട്രീയക്കാരനായ മുകേഷിനേക്കാൾ പരിചയവും വിശ്വാസവും സിനിമാതാരമായ മുകേഷിനോടായിരുന്നുവെങ്കിലോ ?

ബഡായി ബംഗ്ലാവിലെ ചളിയും തള്ളുമൊക്കെ കേവലം പൈസയ്ക്ക് വേണ്ടിയുള്ള താങ്കളുടെ ചീപ്പ് ട്രിക്ക് ആണെന്നു മനസ്സിലാക്കാനുളള കുബുദ്ധി ആ കുഞ്ഞിന് ഉണ്ടായി കാണില്ല .ഒപ്പം ബാലസംഘക്ലാസ്സുകളിൽ നിന്നും വീട്ടിൽ നിന്നുമൊക്കെ കമ്മ്യൂണിസം എന്തോ വലിയ സംഭവമാണെന്നു തെറ്റിദ്ധരിച്ച കുട്ടിക്ക് അറിയില്ലല്ലോ താൻ വിളിക്കുന്നത് തരികിടയിൽ ഡോക്ടറേറ്റ് എടുത്ത അഭിനേതാവിനെയാണെന്ന് . ആറു ദിവസം മുമ്പ് സ്വന്തം പ്രൊഫൈലിൽ നിന്നും ഓൺലൈൻ പഠനാർത്ഥം കുട്ടികൾക്ക് മൊബൈൽ നല്കി സഹായിക്കണമെന്നു പോസ്റ്റിട്ടു തള്ളിയതല്ലേ ഈ മഹാൻ. ഒരു പക്ഷേ സുഹൃത്ത് പറഞ്ഞിട്ടുണ്ടാവും മുകേഷിനോട് സംസാരിക്കാനായാൽ ഒരു ഫോൺ തനിക്ക് കിട്ടുമെന്ന് . ആ കുട്ടി ടീവിയിലൂടെയും മറ്റും കണ്ട് പരിചയം ഉള്ള, അവനു അറിയാവുന്ന ഒരു എം.എൽ.എ എന്ന നിലയിൽ ആയിരിക്കും സഹായത്തിനായി അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാകുക .

മുന്നിൽ കിട്ടിയാൽ തല്ലുമെന്നും ചെവിക്കുറ്റിക്കടിച്ച് മര്യാദ പഠിപ്പിക്കുമെന്നും ഒക്കെ കയർക്കുന്ന സമയത്തിന്റെ പകുതി പോലും വേണ്ടായിരുന്നു എന്താണ് കാര്യം എന്നറിയാൻ . ആറ് തവണ വിളിച്ചു ശല്യം ചെയ്തു അലോസരപ്പെടുത്തിയത് ഒരു ചെറിയ കുട്ടിയാണെന്നു ചിന്തിച്ചാൽ മാത്രം ദേഷ്യത്തെ മറികടക്കാവുന്നത് ചെറിയ ഒരു വകതിരിവ് മാത്രമാണ്. ഒന്നുമില്ലെങ്കിലും ആ കുട്ടിയോട് , ഞാൻ തിരക്ക് കഴിഞ്ഞു വിളിക്കാം, അല്ലെങ്കിൽ സ്വന്തം മണ്ഡലത്തിലെ എം.എൽ.എയെ വിളിച്ചാൽ പരിഹാരം കിട്ടിയേക്കാം എന്നൊക്കെ സൗമ്യമായി പറയാൻ ഉള്ള മാന്യത, പക്വത,വിവേകം, ബുദ്ധി ഇതൊന്നും ആ കുഞ്ഞിന്റെ നാലിരട്ടിയോളം വയസ്സുള്ള ഒരു മനുഷ്യന് ഇല്ലെങ്കിൽ ചെവികല്ല് അടിച്ചുപൊട്ടിക്കേണ്ടത് അയാൾക്കൊക്കെ ജനപ്രതിനിധിയാകാൻ യോഗ്യതയുണ്ടെന്ന് കണക്ക് കൂട്ടി ടിക്കറ്റ് കൊടുക്കുന്ന രാഷ്ട്രീയ മേലാളന്മാർക്കാണ്. എന്നിരുന്നാലും അറുപത് കഴിഞ്ഞ മുകേഷിനില്ലാത്ത ഒന്ന് ആ പതിനഞ്ചു വയസ്സുകാരന് ഉണ്ടായിരുന്നു. മര്യാദയും ഔചത്യബോധവും . ആ ഓഡിയോ കോളിലുടനീളം മര്യാദ വിടാതെ ആ കുട്ടി അയാളോട് സംസാരിച്ചു. ഒടുക്കം മാന്യമായി ആ കുഞ്ഞ് മാപ്പും ചോദിച്ചു.

Phone etiquette എന്നൊരു സംഭവമുണ്ട്. മറുതലയ്ക്കൽ നിന്നു വിളിക്കുന്നത് നമ്മുടെ അടുത്ത മിത്രമായാലും തീർത്തും അപരിചിതനായാലും അയാൾക്ക് പറയാനുള്ളത് കേൾക്കുക എന്ന ഔചിത്യബോധം അതിൽ വരും. അതുപോലെ സംസാരിക്കുന്ന ഭാഷയും ടോണും പ്രധാനമാണ്. ഫോണില്‍, ഇരുഭാഗത്തും ഉള്ളവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ ആകെയുള്ള ഉപാധി ശബ്ദമാണ്. അതുകൊണ്ടു തന്നെ ഒരാളുടെ ശബ്ദനിയന്ത്രണത്തിനു വലിയ പ്രാധാന്യമുണ്ട്. ശബ്ദത്തിന് ഒരാളുടെ സന്തോഷവും ദുഃഖവും നിരാശയും കോപവും എല്ലാം വിനിമയം ചെയ്യാനുള്ള ശേഷിയുമുണ്ട്. കോളർ ഐ ഡി ഇല്ലാതിരുന്ന ലാൻഡ് ലൈൻ കാലഘട്ടത്തിൽ ഇവിടെ ജനപ്രതിനിധികളുമായി സാധാരണ മനുഷ്യർ ആവലാതികൾ പങ്കു വച്ചിട്ടുണ്ട്. അപ്പോഴാണ് ടെക്നോളജിയുടെ ഇങ്ങേയറ്റത്തുളള സമയത്ത് ഒരു കോൾ പ്രാങ്ക് ആണോ ജനുവിൻ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ജനനേതാവിന്റെ ആശങ്ക.

ഒരു സിനിമാനടനോട് സംസാരിക്കുന്നതു സഹപാഠികളെ കേൾപ്പിക്കാനുള്ള , തന്റെ കോളിലൂടെ സുഹൃത്തിനെ സഹായിക്കാൻ കഴിഞ്ഞുവെന്ന് ഓർത്തിരിക്കാനുള്ള ഒരു പതിനഞ്ചുവയസ്സുകാരന്റെ വലിയ കുഞ്ഞു മോഹമായി കണ്ടാൽ തീരാവുന്ന പൊളിറ്റിക്കൽ കറക്ട്നെസ്റ്റ് മാത്രമേ ആ റെക്കോർഡിങ്ങിനുണ്ടായിരുന്നുള്ളൂ.

ഒരു നടനിട്ട പോസ്റ്റിലെ വലിയ പൊട്ട് ഏറ്റുപിടിച്ച് പൊട്ട് ചലഞ്ച് നടത്തിയവരും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ പലതും കാട്ടികൂട്ടുന്ന നിലപാട് റാണിമാർക്ക് സ്തുതി പാടുന്നവരും തൊട്ടതിലും പിടിച്ചതിലും സവർണ്ണത കാണുന്ന പെരടി തിരിഞ്ഞ മാനവന്മാർ ഒറ്റയെണ്ണം ഈ ഓഡിയോ കോൾ കേട്ടിട്ടേയില്ല. വടക്കാഞ്ചേരിയിലെ സാങ്കല്പിക നീതു ജോൺസന്റെ പ്രാങ്ക് പോസ്റ്റ് കേരളമങ്ങോളമിങ്ങോളം ഷെയർ ചെയ്ത മനുഷ്യസ്നേഹികളും ഈ ജനുവിൻ കോളിനോട് പുലർത്തുന്നത് തികഞ്ഞ നിശബ്ദതയാണ്. കാരണം മുകേഷ് എന്ന എം.എൽ.എ ഇടതുപക്ഷ എം.എൽ.എയാണ്. അതിനാൽ തന്നെ അയാളുടെ ഏത് തരം ഊളത്തരത്തിനും ന്യായീകരണത്തിന്റെ കുട പിടിച്ചുകൊടുക്കേണ്ടത് അഭിനവ കമ്മ്യൂണിസ്റ്റുകാരുടെയും അടിമകളുടെയും കടമയാണ്. ഏത് തെണ്ടിത്തരത്തെയും വിശുദ്ധീകരിക്കേണ്ടത് പ്രത്യയശാസ്ത്രത്തിലെ നിയമമാണ്.

അനുഭവിച്ചാട്ടെ ! ആവോളം അനുഭവിച്ചാട്ടെ !
വെളുപ്പിച്ചാട്ടെ ! ആവോളം വെളുപ്പിച്ചാട്ടെ !

shortlink

Related Articles

Post Your Comments

Related Articles


Back to top button