KeralaLatest NewsNews

കശ്മീര്‍, ലക്ഷദ്വീപ് ഇപ്പോള്‍ തമിഴ്‌നാട് വിഭജനം : കേന്ദ്രനീക്കത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കെ.സി. വേണുഗോപാല്‍

ഡല്‍ഹി: കൊങ്കുനാടിന്റെ പേരില്‍ തമിഴ്നാടിനെ വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം ഏറെ അപകടകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണു ഗോപാല്‍. ബിജെപിയുടെ അപകടകരമായ രാഷ്ട്രീയത്തിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളെയും അണിനിരത്തി പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായി പാരാടുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.

Read Also : യുപിയില്‍ പുതിയ ജനസംഖ്യാ നയം, ജനന നിരക്ക് കുറഞ്ഞു : ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍

കൊങ്കുനാട് വാദത്തിനെതിരെ കോണ്‍ഗ്രസ് തമിഴ്നാട് ഘടകം വളരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. അവിടെ ഡിഎംകെ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഇത്തരം നീക്കങ്ങള്‍ അനുവദിക്കാന്‍ പാടില്ല, മുളയിലേ നുള്ളിക്കളയണം എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

‘രാജ്യത്തെ പിന്നോട്ട് നയിക്കുന്ന വിചിത്രമായ തീരുമാനത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. നമുക്കെല്ലാം അറിയാം, സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയില്‍ ഒരുപാട് നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങളെയെല്ലാം സംയോജിപ്പിച്ച് ഒറ്റ രാജ്യമാക്കി ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുക എന്നതായിരുന്നു അന്ന് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം’- കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘എന്നാല്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ പഴയ വിഭജന രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോകുകയാണ്. ബ്രിട്ടീഷുകാരുടെ അതേ രീതിയില്‍ തന്നെ രാജ്യത്തെ സാമുദായികമായി വിഭജിച്ച് ഭരിക്കുകയെന്ന സിദ്ധാന്തമാണത്. ജമ്മുകാശ്മീരില്‍ അത് നമ്മള്‍ കണ്ടു. ലക്ഷദ്വീപില്‍ കാണുന്നതും മറ്റൊന്നല്ല. തമിഴ്നാട്ടിലും കണ്ടുകൊണ്ടിരിക്കുന്നത് അതാണ്. തങ്ങള്‍ക്ക് രാഷ്ട്രീയ സ്വാധീനമില്ലാത്ത മേഖലകള്‍ ഏതെല്ലാമുണ്ടോ ആ ജനതയെ ശത്രുക്കളായി കണ്ട്, ആ മേഖലകളെയെല്ലാം വിഭജിച്ച് അപ്രസക്തരാക്കി മാറ്റി നേട്ടം കൊയ്യുകയെന്ന സങ്കുചിത തന്ത്രമാണിത്’ .

‘കാശ്മീരില്‍ ഇപ്പോള്‍ ഡിലിമിറ്റേഷന്‍ പ്രക്രിയ നടക്കുകയാണ്. വിചിത്രമായ കാര്യമാണ്. ഒരു സംസ്ഥാനം അനുവദിച്ചിട്ടാവണം അവിടെ അതിര്‍ത്തി നിര്‍ണയം നടപ്പാക്കേണ്ടത്. ഇവിടെ സംസ്ഥാനം അനുവദിക്കും മുമ്പേ ഡീലിമിറ്റേഷന്‍ നടപ്പാക്കുന്നു’ – കെ.സി വേണുഗോപാല്‍ ആരോപിച്ചു.

‘2024 ലെ തെരഞ്ഞെടുപ്പിലെ ഗെയിംപ്ലാനാണ് ഈ കാണുന്നത്. അതിന്റെ അനന്തരഫലം രാജ്യത്തെ അസ്ഥിരപ്പെടുത്തലാവും. രാജ്യത്ത് കോവിഡുണ്ടാക്കിയ ദുരിതം പരിഹരിക്കുന്നതിനോ, ജനങ്ങളിലുണ്ടാക്കിയ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനോ, പെട്രോളിന്റെയും ഡീസലിന്റെയും വിലകൊണ്ട് നട്ടം തിരിയുന്നവര്‍ക്ക് ആശ്വാസമേകുന്നതിനോ മാസങ്ങളോളം സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനോ കേന്ദ്രം താത്പര്യമെടുക്കുന്നില്ല. അവരുടെ ഒറ്റ ലക്ഷ്യം ധ്രുവീകരണ രാഷ്ട്രീയം മാത്രമാണ്. ദുരിതങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റി, വിഭജിച്ച് എങ്ങനെ വോട്ട് നേടാന്‍ പറ്റുമെന്നാണ് നോട്ടം. ഇത് ഫാസിസ്റ്റ് ശൈലിയാണ്. അഭിപ്രായ ഭിന്നതകളെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം’- കെസി വേണുഗോപാല്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button