Latest NewsKeralaNews

റെയ്ഡുകളില്‍ ബാലാവകാശ ലംഘനങ്ങള്‍ പാടില്ല: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോലീസ്, എക്‌സൈസ് തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകളില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോള്‍ കുട്ടികളുടെ സാന്നിധ്യമുണ്ടെങ്കില്‍ പാലിക്കേണ്ട മാര്‍ഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ.നസീര്‍ ചാലിയം, ബബിത ബല്‍രാജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

Also Read: 16 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൗരക്കാറ്റ് ഭൂമിയിലേയ്ക്ക്; മൊബൈല്‍ ഫോണ്‍, ടിവി സിഗ്നലുകൾ തടസങ്ങള്‍ നേരിടും

ബാലാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. കുട്ടികള്‍ മാത്രമുള്ള സ്ഥലത്ത് പരിശോധന നടത്തുമ്പോള്‍ രക്ഷിതാക്കളുടെയോ കുട്ടികള്‍ക്ക് അടുപ്പമുള്ള മറ്റ് മുതിര്‍ന്ന വ്യക്തികളുടെയോ സാന്നിധ്യം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. കുട്ടികളെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. അവരോട് സൗഹൃദപരമായി പെരുമാറണം. കുട്ടികള്‍ ഉണ്ടെന്ന് മനസിലായാല്‍ പരിശോധനാ സംഘത്തില്‍ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. റെയ്ഡ് നീണ്ടുപോയാല്‍ കുട്ടികള്‍ക്ക് ഭക്ഷണവും മറ്റും ലഭ്യമാക്കണം. കുട്ടികളുടെ പഠനസാമഗ്രികളും മറ്റും അന്വേഷണത്തിന് അനിവാര്യമെങ്കില്‍ മാത്രമേ കസ്റ്റഡിയില്‍ എടുക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

രക്ഷിതാക്കളെ കസ്റ്റഡിയിലെടുക്കുന്ന പക്ഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറുള്ള നിയമാനുസൃത വ്യക്തിയെയോ തൊട്ടടുത്ത ബന്ധുക്കളെയോ വിവരം അറിയിക്കണം. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തണം. കുട്ടിയുടെ മൊഴി അവര്‍ താമസിക്കുന്ന സ്ഥലത്തുപോയി രേഖപ്പെടുത്തണം. ആറു വയസില്‍ താഴെയുള്ള കുട്ടിയെ അമ്മ തനിക്കൊപ്പം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ പാടില്ല. നിയമാനുസൃത രക്ഷിതാവ് കുട്ടിയെ ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വീട് പരിശോധിച്ച വേളയില്‍ കൊച്ചുകുട്ടികള്‍ മാത്രമുള്ള വീട്ടില്‍ അനുവര്‍ത്തിക്കേണ്ട നടപടികള്‍ പാലിച്ചില്ലെന്ന് കാട്ടി സുല്‍ത്താന്‍ ബത്തേരി കപ്പാടിയില്‍ സി.ജെ ഷിബു നല്‍കിയ പരാതി തീര്‍പ്പാക്കിയാണ് റെയ്ഡ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button