KeralaLatest NewsNewsIndia

ഒരു കുട്ടിയാണെങ്കിലും അവൾ പ്രായപൂർത്തിയാകുംവരെ കേരളത്തിൽ ജീവിച്ചിരിക്കും: സന്താനനിയന്ത്രണ ബില്ലിനെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: യു.പി. സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇതുവരെ തോന്നാതിരുന്ന വെളിപാട് ഇപ്പോൾ തോന്നാനുണ്ടായ കാരണമെന്തെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു. എത്ര കുട്ടികൾ വേണം? കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണം? തുടങ്ങിയവയൊക്കെ പാരമ്പര്യമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുകയെന്ന് തോമസ് ഐസക്ക് പറയുന്നു.

സന്താന നിയന്ത്രണ നിയമവുമായി സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചുകൊണ്ടാണെന്ന് ഐസക്ക് പറയുന്നു. ‘നിയമത്തിൽ പറയുന്നില്ലെങ്കിലും മുസ്ലിം സമുദായത്തിലാണ് പ്രജനനനിരക്ക് കൂടുതൽ ഉയർന്നു നിൽക്കുന്നത്. ഈ നിയമത്തിന്റെ പേരിൽ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനാണു ശ്രമം. ഇല്ലാത്ത ലൗജിഹാദിനെതിരായി നിയമവും ഇവിടെ പാസ്സാക്കിയിട്ടുണ്ട്. തങ്ങളുടെ പാപ്പരായ നയങ്ങളല്ല മുസ്ലിം ന്യൂനപക്ഷമാണ് യുപിയുടെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നു പറഞ്ഞ് ഒരു ഹാലിയിളക്കം സൃഷ്ടിക്കാനുള്ള പുറപ്പാടാണ്’- തോമസ് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

യോഗി ആദിത്യനാഥ് സർക്കാർ യുപിയിൽ സന്താനനിയന്ത്രണ നിയമം നടപ്പാക്കാൻ പോവുകയാണ്. ഒരുകുട്ടി മാത്രം ഉള്ളവർക്കു പ്രത്യേക പ്രോത്സാഹനം. രണ്ടുകുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ശിക്ഷ: സർക്കാർ ജോലി കിട്ടില്ല. പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ക്ഷേമപദ്ധതികളിലെ ആനുകൂല്യം ലഭിക്കില്ല. സന്താനനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തർക്കമില്ല. എന്നാൽ അതിനൊരു ശിക്ഷാനിയമം ആവശ്യമാണോ? അതും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്. ഇതുവരെ തോന്നാതിരുന്ന വെളിപാട് ഇപ്പോൾ തോന്നാനുണ്ടായ കാരണമെന്ത്?
ഉത്തർപ്രദേശാണ് ഇന്ത്യയിൽ ഇന്നും അതിവേഗം ജനപ്പെരുപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. യുപിയിലെ പ്രജനന നിരക്ക് 2.7 ആണ്. അതായത് പ്രസവ പ്രായപരിധിയിലുള്ള സ്ത്രീക്ക് ശരാശരി 2.7 വീതം കുട്ടികളുണ്ട്. കേരളത്തിൽ ഇത് 1.7 ആണ്. കഴിഞ്ഞ ദശാബ്ദത്തിൽ യുപിയിൽ 19.05 ശതമാനം ഉയർന്നപ്പോൾ കേരളത്തിലെ ജനസംഖ്യ 6.87 ശതമാനം മാത്രമാണ് ഉയർന്നത്.

Also Read:സർക്കാരിന്റെ അനാസ്ഥ: വർഷം ഒന്ന് കഴിഞ്ഞിട്ടും പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിച്ചിട്ടില്ല

സന്താനനിയന്ത്രണ നിയമം ഇല്ലാതെ കേരളത്തിലെ ജനസംഖ്യാ വർദ്ധനവ് ഇടിഞ്ഞത് എങ്ങനെയാണ്? ജനസംഖ്യാ വളർച്ച-താഴ്ച്ചയ്ക്ക് ചില നിയമങ്ങളുണ്ട്. പരമ്പരാഗത സമൂഹങ്ങളിൽ വളരെ ഉയർന്ന ജനനനിരക്കും വളരെ ഉയന്ന മരണനിരക്കുമായിരിക്കും. എന്നാൽ വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രവുമെല്ലാം പരക്കാൻ തുടങ്ങിയതോടെ മരണനിരക്ക് കുറയാൻ തുടങ്ങും. പക്ഷെ ജനനനിരക്ക് പെട്ടെന്നു കുറയില്ല. എത്ര കുട്ടികൾ വേണം? കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണം? തുടങ്ങിയവയൊക്കെ പാരമ്പര്യമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുക. ഈയൊരു സാഹചര്യത്തിൽ ജനപ്പെരുപ്പം അനിവാര്യമാണ്. എന്നാൽ അധികം താമസിയാതെ മരണനിരക്കിൽ വന്ന ഇടിവിന്റെ അടിസ്ഥാനത്തിൽ ജനനനിരക്കും കുറഞ്ഞു തുടങ്ങി. ജനപ്പെരുപ്പം ഇല്ലാതാകും. 1941-1950 കാലത്ത് കേരളത്തിലെയും ഇന്ത്യയിലെയും ശരാശരി ജനനനിരക്കിൽ അന്തരമുണ്ടായിരുന്നില്ല. കേരളത്തിൽ 39.8-ഉം ഇന്ത്യയിൽ 39.9-ഉം ആയിരുന്നു. എന്നാൽ കേരളത്തിലെ മരണനിരക്ക് ഇന്ത്യയെ അപേക്ഷിച്ച് കുറയാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. കേരളത്തിലേത് 18-ഉം ഇന്ത്യയിലേത് 27-ഉം ആയിരുന്നു. (രണ്ടു കണക്കുകളും 1000 ജനസംഖ്യയുടെ അടിസ്ഥാനത്തിൽ). കേരളത്തിലെ മരണനിരക്ക് അതിവേഗത്തിൽ കുറഞ്ഞു. വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളുമാണ് മരണനിരക്ക് കുറയാൻ കാരണം. ശിശുമരണനിരക്ക് ഇന്ന് കേരളത്തിൽ പല വികസിത രാജ്യങ്ങളേക്കാളും താഴ്ന്നതാണ്. 1000 കുഞ്ഞുങ്ങൾ ജനിച്ചാൽ വെറും 7 കുഞ്ഞുങ്ങൾ മാത്രമേ ഒരുവയസ്സ് എത്തുന്നതിനുമുമ്പു മരിക്കുന്നുള്ളൂ.

Also Read:സിക വൈറസ് രോഗം: ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്

പണ്ട് ആറോ ഏഴോ കുട്ടികളുണ്ടെങ്കിലേ രണ്ടോ മൂന്നോ പേരെ പ്രായപൂർത്തിയാകൂവെന്ന സ്ഥിതിയാണ്. ഇപ്പോൾ ഒരു കുട്ടിയേയുള്ളൂവെങ്കിലും അവൻ/അവൾ പ്രായപൂർത്തിയാകുംവരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ട്. ഈ സ്ഥിതിവിശേഷം കുടുംബത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ജനനനിരക്ക് കുറയുന്നു. സംസ്ഥാനങ്ങളും ജില്ലകളും തമ്മിലുള്ള ജനനനിരക്കിലെ അന്തരം വിശദീകരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്. അങ്ങനെ ഇന്ന് കേരളം ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള സംസ്ഥാനമായിരിക്കുന്നു. കുറച്ചു കുട്ടികളേ ജനിക്കുന്നുള്ളൂ, കുറച്ചു കുട്ടികളേ മരിക്കുന്നുള്ളൂ. ജനസംഖ്യ വളരെ പതുക്കെയേ ഉയരുന്നുള്ളൂ. ആദ്യം പറഞ്ഞ ഉയർന്ന ജനന–മരണനിരക്കിൽ നിന്ന് താഴ്ന്ന ജനന-മരണനിരക്കിലേയ്ക്കുള്ള മാറ്റത്തെയാണ് ജനസംഖ്യാ പരിണാമം അഥവാ ഡെമോഗ്രാഫിക് ട്രാൻസിഷൻ എന്നു വിളിക്കുന്നത്. യുപിയും ബീഹാറും പോലുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യ നിയന്ത്രിക്കാനുള്ള മാർഗ്ഗം എല്ലാവർക്കും വിദ്യാഭ്യാസവും നല്ല ആരോഗ്യ പരിചരണവും നൽകലാണ്. ഇതു ചെയ്യാതെയുള്ള കുറുക്കുവഴികൾ അവരെ എങ്ങും കൊണ്ടെത്തിക്കില്ല. ഇപ്പോൾ യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ മരണനിരക്കും ജനനനിരക്കും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ചിത്രത്തിൽ കൊടുത്തിരിക്കുന്ന ഗ്രാഫിൽ യുപിയിലെ പ്രജനനനിരക്ക് 2000 ആണ്ടിൽ 4.7 ആയിരുന്നത് ഇപ്പോൾ 2.7 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ജനനനിരക്ക് 3.3 ആയിരുന്നത് 2.2 ആയി കുറഞ്ഞിരിക്കുന്നു. ഈ പ്രവണതയെ ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസ, ആരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനു പകരം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സന്താനനിയന്ത്രണ നിയമവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണ്.

നിയമത്തിൽ പറയുന്നില്ലെങ്കിലും മുസ്ലിം സമുദായത്തിലാണ് പ്രജനനനിരക്ക് കൂടുതൽ ഉയർന്നു നിൽക്കുന്നത്. ഈ നിയമത്തിന്റെ പേരിൽ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനാണു ശ്രമം. ഇല്ലാത്ത ലൗജിഹാദിനെതിരായി നിയമവും ഇവിടെ പാസ്സാക്കിയിട്ടുണ്ട്. തങ്ങളുടെ പാപ്പരായ നയങ്ങളല്ല മുസ്ലിം ന്യൂനപക്ഷമാണ് യുപിയുടെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നു പറഞ്ഞ് ഒരു ഹാലിയിളക്കം സൃഷ്ടിക്കാനുള്ള പുറപ്പാടാണ്.
ചിത്രം കടപ്പാട് – പെൻപെൻസിൽ ഡ്രോ

shortlink

Related Articles

Post Your Comments

Related Articles


Back to top button