COVID 19KeralaLatest NewsNews

‘ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും വരും, ശ്മശാനപറമ്പിനു മുൻപിലും ഈ തിരക്കുണ്ടാവും’: പി.പി ദിവ്യ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ കോഴിക്കോട് മിഠായിത്തെരുവിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തിനെതിരെ വിമർശനവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ഇത് അപകടമാണെന്നും ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും വരും, ശ്മശാനപറമ്പിനു മുൻപിലും ഈ തിരക്കുണ്ടാവുമെന്നും ദിവ്യ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. പൂമ്പാറ്റയെപ്പോലെ പറന്നു നടക്കാൻ ഇത്തിരി കൂടി കാത്തിരിക്കൂ, ജീവനെക്കാളും വലുതല്ല നമുക്ക് മറ്റൊന്നുമെന്നും എന്നാണു ദിവ്യ വ്യക്തമാക്കുന്നത്.

വൻ കുരുക്കായിരുന്നു നഗരത്തിൽ. ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായി. ഇന്നലെയും ഇന്നുമായി വൻ ജനക്കൂട്ടമാണ് മിഠായിത്തെരുവിലും കോഴിക്കോട് നഗരത്തിലെ മറ്റിടങ്ങളിലും തടിച്ചുകൂടിയത്. സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണെന്ന ആരോപണമാണ് ഉയരുന്നത്. രാവിലെ മുതൽ നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞു. മണിക്കൂറുകളോളം വാഹനങ്ങൾ ബ്ലോക്കിൽ പെട്ടു. രാവിലെ മുതൽ ആളുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ തടയാനാവാതെ മിക്കയിടത്തും അധികൃതർ വെറും കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥ വന്നു.

ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും വരും .. ശ്മശാനപറമ്പിനു മുൻപിലും ഈ തിരക്കുണ്ടാവും…. ആഘോഷങ്ങൾ ആഹ്ളാദം നൽകേണ്ടതാണ് .വെള്ള പുതച്ചു കിടക്കാനുള്ള അവസരമാവാതിരിക്കട്ടെ .. കോവിഡ് ഒന്നും രണ്ടും ഘട്ടം കഴിയുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമൊക്കെയായി നിരവധിയാളുകളുടെ ജീവനാണ് കവർന്നത് .. പരിചിതരും ,അപരിചിതരുമായ നിരവധി പേരാണ് രാത്രിയെന്നോ പകലെന്നോയില്ലാതെ വിളിച്ചത് .ഉറക്കം നഷ്ടമായ കുറെ ദിനങ്ങളിൽ കിടക്കാൻ ഒരു ബെഡ് ഇല്ലാതെ ,ഐ.സി .യു ആവശ്യമായവർ, വെൻ്റിലേറ്റർ കിട്ടാതെ ആശുപത്രി വരാന്തയിൽ നിന്നു കരഞ്ഞവർ …. വീണ്ടും വരുമോ ആ ദിവസങ്ങൾ എന്നാശങ്കയുണ്ട് .ശ്മശാന പറമ്പിനു പുറത്ത് മൃതദേഹവുമായി കാത്തു നിന്നത് ആരും മറന്നിട്ടുണ്ടാവില്ല .കഴിഞ്ഞ ഒന്നര വർഷമായി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകൾ ,പോലീസ് ,വാർഡ് മെമ്പർമാർ മുതൽ മുഖ്യമന്ത്രി വരെ .ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ നമ്മുടെ ആശുപത്രികൾ ഓക്സിജൻ ടാങ്കറുകൾക്ക് വേണ്ടി കാത്തിരുന്നു ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാൻ .വീണ്ടും ഈ രംഗങ്ങൾ ആവർത്തിക്കണോ … എല്ലാം സർക്കാരിൻ്റെ ഉത്തരവാദിത്തമെന്നു പറയുന്നവർ അറിയണം സർക്കാർ എന്നാൽ ജനങ്ങൾ തന്നെയാണ്. പൂമ്പാറ്റയെപ്പോലെ പറന്നു നടക്കാൻ ഇത്തിരി കൂടി കാത്തിരിക്കൂ … ജീവനെക്കാളും വലുതല്ല നമുക്ക് മറ്റൊന്നും.

shortlink

Related Articles

Post Your Comments

Related Articles


Back to top button