KeralaNattuvarthaLatest NewsNews

നിരവധി കമ്മീഷനുകളിൽ അംഗം, ലായേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തക: ഒളിവിൽ പോയ വ്യാജ വക്കീലിന്റെ കഥ ഞെട്ടിക്കുന്നത്

തുടക്കത്തിൽ ആലപ്പുഴയിൽ ട്രെയിനിയായി എത്തുകയും ഒരുമാസത്തിന് ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു

ആലപ്പുഴ: മതിയായ യോഗ്യതയില്ലാതെ വ്യാജ അഭിഭാഷകയായ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യർ കോടതിയിൽ പ്രാക്ടീസ് ചെയ്തത് രണ്ടര വർഷം. ഇതിനിടെ,​ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയിൽ ആറ് മാസത്തോളം ലൈബ്രറിയുടെ ചുമതലയും വഹിക്കുകയും ചെയ്തു. ഒടുവിൽ പിടിയിലാകുമെന്നായപ്പോൾ അഭിഭാഷക മുങ്ങുകയായിരുന്നു. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലായേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നു ഒളിവിൽപ്പോയ സെസി സേവ്യർ.

ഇവർക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബാർ അസോസിയേഷൻ സെക്രട്ടറി ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സെസി സേവ്യർ തട്ടിപ്പ് നടത്തിയത് സ്വന്തം പേരിനോട് സാമ്യമുള്ള മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവർ പ്രാക്ടീസ് ചെയ്തിട്ടുള്ള ഇവർ കോടതി നിർദേശ പ്രകാരം നിരവധി കമ്മിഷനുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

നിയമപഠനം നടത്തിയ സെസി സേവ്യർ പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു. തുടക്കത്തിൽ ആലപ്പുഴയിൽ ട്രെയിനിയായി എത്തുകയും ഒരുമാസത്തിന് ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇവർ നിയമപഠനത്തിൽ വിജയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാർ അസോസിയേഷനിൽ ഊമക്കത്ത് ലഭിച്ചൂ. ഇത്തരത്തിൽ ഒരാൾ ബാർ കൗൺസിലിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് നോട്ടീസ് നൽകുകയായിരുന്നു. ബംഗളൂരുവിൽ സെസി സേവ്യറിനൊപ്പം പഠിച്ചവർ വിവരം അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയതെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button