KeralaLatest NewsNews

ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ തന്നെയാണ് മന്ത്രി ശ്രമിച്ചത് : വി.ടി.ബല്‍റാം

പെണ്‍കുട്ടിയുടെ പിതാവിനെ കരുവാക്കിയത് ക്രൂരത

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍ വിവാദമാകുന്നു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം രംഗത്ത് എത്തി . മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും അതിനൊപ്പം ഒരു കുറ്റകൃത്യവും കൂടിയാണെന്ന് ബല്‍റാം പ്രതികരിച്ചു. പീഡനം സംബന്ധിച്ചുളള പരാതി ലഭിച്ചിട്ടും പോലീസ് എഫ്ഐആര്‍ പോലും ഇട്ടില്ല എന്നത് ഗൗരവമായിട്ടുളള വിഷയമാണെന്ന് ബല്‍റാം പറഞ്ഞു.

Read Also : എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല: പുറത്താക്കണമെന്ന് വി.ഡി സതീശന്‍

‘ ലോക്കല്‍ സ്റ്റേഷനിലും അതിന് ശേഷം എസ്പിക്കും പരാതി കൊടുത്തിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല എന്നത് ഗുരുതരമായിട്ടുളള വീഴ്ചയാണ്. അപ്പോള്‍ തന്നെ അതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുളളതായി സംശയിക്കേണ്ടി വരും. ആ സംശയത്തെ ബലപ്പെടുത്തുന്ന തരത്തിലുളള ടെലഫോണ്‍ സംഭാഷണം ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്”. മന്ത്രി ഇതുവരെ ആ സംഭാഷണം തന്റേതല്ലെന്ന് പറഞ്ഞിട്ടില്ല ‘ – ബല്‍റാം ചൂണ്ടിക്കാട്ടി.

‘ നിയമവാഴ്ചയെ അട്ടിമറിക്കാനുളള ആഹ്വാനമാണ് മന്ത്രി നല്‍കുന്നത് എന്നത് ആ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ആ കേസ് ഒതുക്കി തീര്‍ക്കണം എന്ന് ഇരയുടെ പിതാവിനോട് പറയുന്നത് അങ്ങേയറ്റം ക്രൂരതയാണ്. മന്ത്രി ചെയ്തിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം അതിനൊപ്പം ഒരു കുറ്റകൃത്യവും കൂടിയാണ്. ഇത്തരമൊരു കേസ് അട്ടിമറിക്കാന്‍ മന്ത്രി കൂട്ട് നില്‍ക്കുന്നു എന്നതൊരു ഗുരുതരമായിട്ടുളള പ്രശ്നമാണ്. അത് കൊണ്ട് മന്ത്രിക്ക് ധാര്‍മികമായി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല”.

‘ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സമീപനം ഗൗരവമായി കാണേണ്ടതാണ്. സര്‍ക്കാരിന്റെ ഭാഗമായിട്ടുളള ഒരു മന്ത്രി തന്നെ ഇരയ്ക്ക് ഒപ്പം നില്‍ക്കാതെ വേട്ടക്കാര്‍ക്ക് വേണ്ടി നില്‍ക്കുന്നു. അവര്‍ക്ക് എതിരെയുളള പരാതി പിന്‍വലിപ്പിക്കാനായി ഇടപെടുന്നു. അത് ഒരു നിസാര ഇടപെടലുമല്ല. സമ്മര്‍ദ്ദം തന്നെയാണ്. ഭീഷണിയുടെ സ്വരം തന്നെയാണ് മന്ത്രിയുടെ സംഭാഷണത്തിലുളളത്. എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും നല്ല നിലയ്ക്ക് തീര്‍ക്കണം എന്നും ആജ്ഞാ സ്വരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. അതാണ് ഗൗരവമായിട്ടുളള വിഷയം. പോലീസ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുളളത് ഒരു സ്വാഭാവിക നീതി നിര്‍വ്വഹണത്തിന്റെ രീതിയില്‍ അല്ല. ഒരു മാസത്തിലേറെ ആയിട്ടും ‘നോക്കാം’ എന്നുളള മറുപടി അല്ലാതെ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരിടപെടലുമുണ്ടായിട്ടില്ല’- വി.ടി ബല്‍റാം പറഞ്ഞു.

‘ കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തത് എന്നുളള മന്ത്രിയുടെ വിശദീകരണം വിശ്വാസത്തിലെടുക്കാനാവില്ല. ഈ വിഷയം നേരത്തെ അറിയാം എന്ന് മന്ത്രി തന്നെ ആ ഫോണ്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ വിഷയവും അതിന്റെ ഗൗരവ സ്വഭാവവും അദ്ദേഹത്തിന് അറിയാം. എന്നിട്ടും അദ്ദേഹം പരാതി പിന്‍വലിപ്പിക്കാനാണ് നോക്കുന്നത്. അത് ഗുരുതരമായ കാര്യമാണ്. ആ നിലയ്ക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല ‘ – വിടി ബല്‍റാം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button