KeralaLatest NewsNews

കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോവളം ടൂറിസം വികസന അവലോകന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോക ടൂറിസം മേഖലയിൽ കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വേട്ടയാടപ്പെട്ട ‘മാധ്യമ ഇരകൾക്ക്’ കേസ് നടത്താൻ വേണ്ട സൗജന്യ നിയമോപദേശം നൽകാൻ പ്രഗൽഭരുടെ കൂട്ടായ്മയുമായി കളക്ടർ ബ്രോ

‘കോവളം ടൂറിസത്തിന്റെ സുവർണ്ണകാലം തിരിച്ചുപിടിക്കാൻ നമുക്ക് കഴിയണം. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകർഷിച്ചത് കടലിന്റെ പനോരമിക് കാഴ്ചയും സൂര്യസ്‌നാനം ചെയ്യാനുള്ള സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സൈ്വര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും അർഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. ഈ ആകർഷണങ്ങൾ തിരിച്ചുപിടിക്കാൻ ആവശ്യമായ പ്രവർത്തനം ടൂറിസം വകുപ്പ് നിർവഹിക്കുമെന്ന്’ അദ്ദേഹം ഉറപ്പ് നൽകി. അശാസ്ത്രീയ നിർമ്മിതികൾ കോവളം ബീച്ചിന്റെ മനോഹരമായ കാഴ്ചകളെ ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ഇനിയുള്ള നിർമ്മാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അതിര്‍ത്തിയില്‍ വെടിവെപ്പ് , ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. കോവളം കടൽ തീരത്തെ തെരുവ് വിളക്കുകൾ ആഗസ്റ്റ് 10 നകം അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പ്രവർത്തന ക്ഷമമാക്കും. ടൈലിംങ്ങ് പ്രവർത്തികൾ ആഗസ്റ്റ് 15 നകം പൂർത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ ഉള്ള സ്ഥലപരിമിതി മറികടക്കാൻ സ്വകാര്യ മേഖല ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി പ്രശ്ന പരിഹാരം കണ്ടെത്താനും തീരുമാനിച്ചു.

സെക്യൂരിറ്റി സംവിധാനം വിപുലപ്പെടുത്താൻ ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോർക്കും. വൈദ്യുത ലൈനുകളും മറ്റും കേബിളുകളും ഉൾപ്പെടെ അണ്ടർ ഗ്രൗണ്ടാക്കും. ടൂറിസം മേഖലയിലെ സാംസ്‌കാരിക പദ്ധതിയായിരുന്ന ‘ഗ്രാമം പരിപാടി’ പുനരാവിഷ്‌കരിച്ച് നവീനമായി നടപ്പിലാക്കും. ലൈറ്റ് ഹൗസ് ഭാഗത്തെ വികസനപ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെ അധീനതിയിൽപെട്ട ഭൂമികൂടി ഉൾപ്പെട്ടതിനാൽ അതുമായി ബന്ധപ്പെട്ടവരുടെ യോഗം കൂടി വിളിച്ച് ചേർക്കാനും തീരുമാനമായി.

ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, ഡെപ്യൂട്ടി ഡയറക്ടർ എ.ആർ സന്തോഷ്‌ലാൽ, ബി.കെ ഗോപകുമാർ, ഡി.ആർ ബിജോയ്, ആർ.സി പ്രേംഭേഷ്, എ.ഷാഹുൽ ഹമീദ്, എം.ഹുസ്സൈൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: മീരാബായ് ചാനുവിന് പൊലീസ് സേനയില്‍ അഡീഷണല്‍ സുപ്രണ്ട് സ്ഥാനവും ഒരു കോടി രൂപ സമ്മാനവും പ്രഖ്യാപിച്ച് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button