Latest NewsNewsIndia

സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത് കേന്ദ്രസര്‍ക്കാര്‍: പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് കായിക താരങ്ങള്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞതോടെ ഇന്ത്യയില്‍ നിന്ന് ഒരുപിടി താരങ്ങളാണ് വിവിധയിനങ്ങളില്‍ പോരാട്ടത്തിനിറങ്ങുന്നത്. മഹാമാരിയ്ക്ക് നടുവില്‍ നടക്കുന്ന വിശ്വകായിക മേളയുടെ ഭാഗമാകുക എന്ന കായിക താരങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയിരുന്നു. നേട്ടങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും കായിക താരങ്ങളും പരിശീലകരും ഒരേ സ്വരത്തിലാണ് നന്ദി പറയുന്നത്.

Also Read: ‘രമ്യയുടെ ആരോപണം പച്ചക്കള്ളം, പാർലമെന്റിൽ പ്രായമായ എംപിയെ തള്ളി താഴെയിട്ടിട്ട് തന്നെ ആക്രമിച്ചെന്ന് മുൻപും പറഞ്ഞു’

ടോക്കിയോയിലെ ഇന്ത്യയുടെ വെള്ളിത്തിളക്കമായ മീരാഭായ് ചാനുവിന്റെ വിജയത്തില്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്റെ അദ്ധ്യക്ഷന്‍ ബീരേന്ദ്ര പ്രസാദ് ബൈഷ്യ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞതോടെ മോദി വിരുദ്ധര്‍ ഉണര്‍ന്നു. പ്രധാനമന്ത്രിയോടുള്ള ഭിന്നത മീരാഭായ് ചാനുവിന്റെ വിജയത്തിനും എതിരായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 21 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് മീരാഭായ് ചാനുവിന് ഒളിമ്പിക്‌സ് മെഡല്‍ ലഭിച്ചതെന്നും പ്രധാനമന്ത്രിയ്ക്കും ഇന്ത്യയുടെ ഒളിമ്പിക് താരങ്ങള്‍ക്കും നന്ദി പറയുന്നതായും ബൈഷ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ലിബറലുകള്‍ സജീവമായി.

മീരാഭായ് ചാനുവിന് വേണ്ടി ഭാരമുയര്‍ത്തിയതിനാണോ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞതെന്നായിരുന്നു രോഹിണി സിംഗ് എന്ന ‘മാദ്ധ്യമ പ്രവര്‍ത്തക’യുടെ പ്രതികരണം. മോദിജിയാണ് ഒളിമ്പിക്‌സ് താരങ്ങളുടെ പരിശീലകന്‍ എന്ന് ആക്ടിവിസ്റ്റ് റെജിമോന്‍ കുട്ടപ്പന്‍ പരിഹസിച്ചു. കാര്‍ട്ടൂണിസ്റ്റായ മഞ്ജുള്‍ പരിഹാസം നിറഞ്ഞ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് കളംപിടിച്ചത്. മീരാഭായ് ചാനുവിന് പരിശീലനം നല്‍കിയ പ്രധാനമന്ത്രിയ്ക്ക് നന്ദി എന്നാണ് കോണ്‍ഗ്രസിന്റെ ലാവണ്യ ബല്ലാല്‍ പ്രതികരിച്ചത്.

പരിഹസിക്കുന്നവര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കായിക താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണ പകരം വെയ്ക്കാനില്ലാത്തതാണ് എന്നതാണ് വാസ്തവം. ലോക്ക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ കായിക താരങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിശീലനം പലപ്പോഴും വെല്ലുവിളിയായിരുന്നു. മീരാഭായ് ചാനു നേരിട്ടതും സമാനമായ പ്രതിസന്ധിയാണ്. തന്റെ പോരായ്മകള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ മീരാഭായ് ചാനുവിന് പൂര്‍ണ പിന്തുണ നല്‍കിയത് കായിക മന്ത്രിയായിരുന്ന കിരണ്‍ റിജിജുവായിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ മീരാഭായ് ചാനുവും പരിശീലകനും അമേരിക്കയിലെത്തി. കേന്ദ്രത്തിന്റെ പരിപൂര്‍ണ പിന്തുണ മീരാഭായിയ്ക്ക് ലഭിച്ചിരുന്നു.

ഇന്ത്യന്‍ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്ക് എന്താണ് തടസമാകുന്നതെന്ന് കൃത്യമായി വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ 2014 മുതല്‍ നടപ്പിലാക്കിയ പദ്ധതികള്‍ പരിശോധിക്കേണ്ടതാണ്. ക്രിക്കറ്റിനെ മാറ്റി നിര്‍ത്തിയാല്‍ സാമ്പത്തികമായ പിന്തുണയും പരിശീലന സൗകര്യങ്ങളുമാണ് ഇന്ത്യയുടെ കായിക താരങ്ങള്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യം കൃത്യമായി മനസിലാക്കിയ കേന്ദ്രസര്‍ക്കാര്‍ 2014ല്‍ അധികാരത്തിലേറിയതിന് പിന്നാലെ തന്നെ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. രാജ്യത്തെ മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഈ സ്‌കീമിന്റെ ഗുണഭോക്താക്കളില്‍ ഒരാളാണ് മീരാഭായ് ചാനു.

പദ്ധതിയുടെ ഗുണഭോക്താക്കളായ പി.വി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ 2016 റിയോ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടി. 2016ലെ പാരാലിമ്പിക്‌സില്‍ 2 സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലുമാണ് ഇന്ത്യയുടെ താരങ്ങള്‍ സ്വന്തമാക്കിയത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌കീമിന്റെ ഭാഗമായ 70 കായിക താരങ്ങളാണ് പങ്കെടുത്തത്. ഇവരില്‍ 47 പേര്‍ക്കും മെഡല്‍ നേടാന്‍ സാധിച്ചിരുന്നു. ഇതിന് പുറമെ, എക്സ്റ്റന്‍ഷന്‍ സെന്റേഴ്‌സ് ഓഫ് എസ്ടിസി(ട്രെയിനിംഗ് സെന്റേഴ്‌സ് സ്‌കീം), നാഷണല്‍ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്(എന്‍സിഒഇ), ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങി വിജയകരമായ നിരവധി പദ്ധതികളാണ് കായിക മേഖലയ്ക്ക് വേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button