KeralaNattuvarthaLatest NewsNewsIndia

ആഗ്രഹങ്ങൾക്ക് പിറകെ നടക്കാതെ സ്വപ്‌നങ്ങളിലേക്ക് പറക്കുക: ഇന്ന് എ പി ജെ അബ്ദുൽകലാം ഓർമ്മദിനം

ചെറിയ ആഗ്രഹങ്ങളിൽ തട്ടി സ്വപ്നത്തിലേക്കുള്ള വഴി മറന്നു പോകുന്നവരാണ് നമ്മളിൽ പലരും. വിഷമങ്ങൾ അനുഭവിക്കാനാവാതെ ലക്ഷ്യങ്ങൾ പകുതിയ്ക്ക് വച്ചു അവസാനിപ്പിച്ചു പോരുന്നവർ. അതുകൊണ്ട് തന്നെ അഗ്നിച്ചിറകുള്ള ആ മനുഷ്യനെക്കുറിച്ച് ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റിനെക്കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ഓർമ്മിക്കേണ്ടതുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും ജ്വലിച്ചു നിൽക്കുന്ന എ പി ജെ അബ്ദുൽ കലാമെന്ന പ്രതിഭയെ നമ്മൾ വീണ്ടും പുനർവായിക്കേണ്ടതുണ്ട്.

Also Read:ക്ഷേത്ര ദർശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക് , വീഡിയോ പുറത്ത്

കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് എ.പി.ജെ. അബ്ദുൽ കലാം എന്ന പ്രതിഭാ സമ്പന്നന്. ജീവിതത്തിന്റെ ഓരോ വഴിത്താരകളിലും അദ്ദേഹം പുതിയ തലമുറയ്ക്ക് വേണ്ടി സൃഷ്ടിച്ചത് ഒരു വലിയ ലോകം തന്നെയാണ്.

കലാമിന്റെ ലോകം ശാസ്ത്രത്തിന്റെതായിരുന്നു, അദ്ദേഹത്തിന്റെ ചിന്തകളിൽ നിറയെ തലമുറയുടെ വിദ്യാഭ്യാസവും വളർച്ചയുമായിരുന്നു. ‘ഞാൻ മരിച്ചാൽ അന്നേദിവസം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി കൊടുക്കരുതെന്നും, അവധിയുള്ള ഒരു ദിവസം ക്ലാസുകൾ കൂടുതൽ എടുക്കണമെന്നും ‘ പറഞ്ഞ ലോകത്തിലെ ഒരേയൊരു മനുഷ്യനാണ് എ പി ജെ അബ്ദുൽ കലാം.

1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ ജനനം. ‘ആകാശങ്ങളിൽ പറക്കുക’ എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം. ആ ലക്ഷ്യത്തിലേക്ക് നടന്നെത്താൻ അദ്ദേഹം ചെയ്യാത്ത ജോലികളില്ല, കടന്നുപോകാത്ത വിഷമഘട്ടങ്ങളില്ല.

ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യയും അക്രമവും പതിവാക്കുന്ന ഈ തലമുറയ്ക്ക് കലാമിന്റെ കഥകൾ പഠിപ്പിക്കേണ്ടതുണ്ട്. ഉയർന്നു വന്ന ഒരു അഗ്നിച്ചിറക്കുള്ള പക്ഷിയുടെ ചരിത്രം ഇനിയും ഒരുപാട് പാഠഭേദങ്ങളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഒരു മനുഷ്യനെക്കൊണ്ട് പോലും മോശമെന്ന് പറയിക്കാത്ത, എപ്പോഴും ചിരിക്കുന്ന അബ്ദുൽ കലാമിന്റെ ജീവിതം ഇന്ത്യൻ ചരിത്രത്തിലെത്തന്നെ ഏറ്റവും ഭംഗിയുള്ള ഒരേടാണ്.

ഏതൊരു മനുഷ്യനെയും ആകർഷിക്കുന്ന പ്രഭാഷകനായിരുന്നു എ പി ജെ അബ്ദുൽ കലാം. എളിമയും വിനയവും നിറഞ്ഞ അദ്ദേഹത്തിൻ്റെ ശബ്ദശകലങ്ങള്‍ ആസ്വദിക്കാൻ ഓരോ വേദികളിലും ജനബാഹുല്യമായിരുന്നു. യുവാക്കൾക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നൽകുന്നവയായിരുന്നു കലാമിൻ്റെ പ്രസംഗങ്ങള്‍. ഇപ്പോഴും അദ്ദേഹം പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞ വാക്കുകൾ കാലാന്തരത്തോളം പ്രസക്തിയുള്ളവയായി തുടരുന്നുണ്ട്.

രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്നു കലാം. ശാസ്ത്രബോധം ആളുകൾക്കിടയിൽ വർധിപ്പിക്കുകയും, അതുവഴി സമൂഹത്തിൽ ഉന്നമനം സൃഷ്ടിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.

കലാം ഇന്നും ഒരു പ്രിയപ്പെട്ട ഓർമ്മയായി തുടരുന്നു. അദ്ദേഹം എഴുതിവച്ച പുസ്തകങ്ങളിലൂടെയും പറഞ്ഞുവച്ച വാക്കുകളിലൂടെയും, തുടങ്ങിവച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെയും, സ്ഥാപനങ്ങളിലൂടെയും അദ്ദേഹം ജീവിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട രാഷ്ട്രപതിയ്ക്ക്, ഇന്ത്യൻ ജനതയുടെ അഗ്നിചിറകുകളുള്ള മനുഷ്യന് പ്രണാമം.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button