Latest NewsKerala

ചങ്ങനാശ്ശേരിയില്‍ റേസിങ്ങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു കയറി 3 മരണം

സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

കോട്ടയം: റേസിങ്ങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ആറരയോടെയായിരുന്നു അപകടം. മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്.

ഇവര്‍ കച്ചവടാവശ്യത്തിനായാണ് പോയത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടുപേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു.

അമിതവേഗത്തില്‍ പലതവണ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ ബൈക്കാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ചങ്ങനാശേരി ബൈപ്പാസില്‍ ഇത്തരം അഭ്യാസങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇന്നലെ അപകടം ഉണ്ടാക്കിയ ബൈക്കിലെ യുവാവ് തന്നെ പലകുറി ഇത്തരം മരണപ്പാച്ചില്‍ നടത്തിയിട്ടുണ്ട്. 150 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് പറത്തി ഈ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

ക്യാമറ ഘടിപ്പിച്ചൊരു ഹെല്‍മറ്റും അപകട സ്ഥലത്ത് നിന്ന് കിട്ടി.
മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചങ്ങനാശ്ശേരി പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു. മരിച്ച മുരുകന്റെ ഭാര്യ ആശാലത. മക്കള്‍: രാഹുല്‍, ഗോകുല്‍. മരിച്ച സേതുനാഥിന്റെ ഭാര്യ രഞ്ജിനി. മക്കള്‍: ദക്ഷ, പ്രഭുദേവ്, വേദ. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷിന്റെ മകനാണ് മരിച്ച ശരത് പി.എസ്. അമ്മ: സുജാത. സഹോദരി: ശില്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button