KeralaLatest News

കാണാതായ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അടച്ചു: ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് അധികം സംസാരിക്കരുതെന്ന് മേയര്‍

കാണാതെപോയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനാണ് സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം പൊലീസിനെ സമീപിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു

തിരുവനന്തപുരം: വാര്‍‌ഷിക ഭരണ റിപ്പോര്‍ട്ടില്‍ നഗരസഭ കൗണ്‍സിലില്‍ പരസ്‌പരം ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. 2019 – 2020 സാമ്പത്തിക വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും 2020 – 2021ലെ ധനകാര്യ സ്റ്റേറ്റ്മെന്റുമാണ് വാക്ക് പോരിനിടയാക്കിയത്. ഇരു റിപ്പോര്‍ട്ടിലെയും പിഴവുകള്‍ ചൂണ്ടിക്കാണിച്ചതോടെ ഭരണസമിതി അംഗങ്ങള്‍ പ്രതിരോധം തീര്‍ത്തു. ഇതിനിടെ അംഗങ്ങള്‍ നാല് മിനിട്ടില്‍ കൂടുതല്‍ സംസാരിക്കരുതെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കിയതും തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു.

കാണാതായ വാഹനങ്ങള്‍ എവിടെയെന്ന് വ്യക്തമാക്കണമെന്നും വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും ബി.ജെ.പി അംഗങ്ങളായ തിരുമല അനില്‍, കരമന അജിത് എന്നിവര്‍ ആരോപിച്ചു. വാഹനങ്ങള്‍ കാണാതായിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോണ്‍സണ്‍ ജോസഫും കണ്ടം ചെയ്ത വാഹനങ്ങള്‍ക്ക് പോലും ഇന്‍ഷ്വറന്‍സ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി. പത്മകുമാറും പരിഹസിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്തി നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡി.ആര്‍. അനില്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതി ചെയ്യാമെന്ന് അറിയിച്ച്‌ ഇരു റിപ്പോര്‍ട്ടുകളും കൗണ്‍സില്‍ പാസാക്കി. 225 വാഹനങ്ങള്‍ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019 – 2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറ്റെടുത്താണ് പ്രതിപക്ഷ കക്ഷികള്‍ തര്‍ക്കം രൂക്ഷമാക്കിയത്.

കാണാതെപോയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനാണ് സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം പൊലീസിനെ സമീപിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. ധനകാര്യ സ്റ്റേറ്റ്‌മെന്റിലെ കണക്കുകളിലെ പിശകുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ പി. രാജു അറിയിച്ചു.

ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സലിമും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപനും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ ഇത് ഏറ്റെടുത്തതോടെ കൗണ്‍സിലില്‍ ബഹളം രൂക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button