KeralaLatest NewsNews

ഒരാഴ്ച കര്‍ശന നിയന്ത്രണം, ടി.പി.ആര്‍ 25ല്‍ നിന്ന് 10ലേയ്ക്ക് ചുരുക്കി: മാതൃകയായി ഈ ഗ്രാമപഞ്ചായത്ത്

തൃശൂര്‍: കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി സംസ്ഥാനത്തെ ഒരു ഗ്രാമപഞ്ചായത്ത്. ശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനത്തെ നിയന്ത്രണ വിധേയമാക്കി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ല്‍ നിന്ന് 10 ശതമാനമായാണ് കുറഞ്ഞത്.

Also Read: തന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ: മായാവതി

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡിനെ ഒരു പരിധിവരെ പിടിച്ചുകെട്ടിയത്. വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 5ല്‍ എത്തിക്കാനും സാധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 10ല്‍ കൂടിയാല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണയാണ് പ്രദേശവാസികള്‍ക്കായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നിരുന്നു. ഓണ വിപണി സജീവമാകുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് വാര്‍ഡുകളില്‍ ആര്‍.ആര്‍.ടി അംഗങ്ങളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. രോഗവ്യാപനം കുറയ്ക്കാന്‍ പഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

പോലീസിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ കടകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മഹാമാരിക്കെതിരെ പ്രതിരോധം ശക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button