KeralaLatest NewsNews

മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: വില്ലേജ് ഓഫീസര്‍മാര്‍ വിവാദത്തില്‍

സംസ്ഥാനസര്‍ക്കാര്‍ 1976- പുറപ്പെടുവിച്ച ഉത്തരവില്‍ വ്യത്യസ്ത ജാതിയിലുള്ളവരും സാമുദായിക ആചാരം അനുവദിക്കാത്തതുമായ വിവാഹങ്ങളെ 'ഇന്റര്‍കാസ്റ്റ് മാര്യേജ്' ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു എന്നാണു പറഞ്ഞിട്ടുള്ളത്.

ആലപ്പുഴ: ജില്ലയിൽ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതി ശക്തം. ഹിന്ദുമതത്തിലെ ഒരാള്‍ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലെ വ്യക്തിയുമായി വിവാഹത്തിലേര്‍പ്പെട്ടാല്‍ അതു മിശ്രവിവാഹമാവില്ലെന്ന് റവന്യൂവകുപ്പിന്റെ പരാമര്‍ശത്തിൽ കുഴങ്ങി വില്ലേജ് ഓഫീസര്‍മാര്‍. മിശ്രവിവാഹിതരായ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യന്‍, ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളിലെ പിന്നാക്കവിഭാഗം കുട്ടികള്‍ക്കു സംവരണത്തിനായി സമര്‍പ്പിക്കേണ്ട ജാതി, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വില്ലേജ് മാന്വലിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഓഫീസര്‍മാര്‍ ഇതു നിഷേധിക്കുന്നത്.

Read Also: ‘ഇതിനൊക്കെ ഒരു യോഗം വേണം എന്റെ കിറ്റപ്പോ’: സർക്കാരിനെ പരിഹസിച്ച് അലി അക്ബർ

‘ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലവിലുള്ളത് ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളില്‍ മാത്രമാണെന്നും അതിനാല്‍ അവയില്‍പ്പെട്ടവര്‍ തമ്മിലുള്ളവിവാഹം മാത്രമേ മിശ്രവിവാഹമായി പരിഗണിക്കാവൂ എന്നും ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ മറ്റു ജാതിയില്‍പ്പെട്ടവരെ വിവാഹംചെയ്താല്‍ അതു മിശ്രവിവാഹമായി പരിഗണിക്കേണ്ടതില്ല’ എന്നും വില്ലേജ് മാന്വലിലുള്ളതു ചൂണ്ടിക്കാട്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നത്.

ക്രിസ്തുമതത്തിലെ വിദ്യാഭ്യാസ സംവരണത്തിന് അര്‍ഹരായ ഇത്തരം ജാതികളിലുള്ളവരും സംവരണത്തിന് അര്‍ഹരായ മുസ്ലിം വിഭാഗത്തിലുള്ളവരും പരസ്പരമോ മറ്റു ജാതിയില്‍നിന്നോ വിവാഹം കഴിച്ചാല്‍ അതു മിശ്രവിവാഹമാകില്ലെന്നു പറയുന്നതാണു പ്രശ്‌നമായിരിക്കുന്നത്. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ 1976- പുറപ്പെടുവിച്ച ഉത്തരവില്‍ വ്യത്യസ്ത ജാതിയിലുള്ളവരും സാമുദായിക ആചാരം അനുവദിക്കാത്തതുമായ വിവാഹങ്ങളെ ‘ഇന്റര്‍കാസ്റ്റ് മാര്യേജ്’ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു എന്നാണു പറഞ്ഞിട്ടുള്ളത്. ഇതിനുവിരുദ്ധമാണ് വില്ലേജ് മാന്വലെന്നു പരാതിക്കാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button