Latest NewsKeralaNattuvarthaNewsIndia

മാതൃഭൂമിക്കും മനോരമക്കുമെതിരെ പരാതിയുമായി ഡോക്ടർമാർ

തിരുവനന്തപുരം: അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് മാതൃഭൂമിക്കെതിരെ വെറ്റിനറി ഡോക്ടർമാർ രംഗത്ത്. മൃഗ ഡോക്ടർമാർക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ദേശ ശുദ്ധിയെ മാതൃഭൂമി പത്രം വളച്ചൊടിച്ചുവെന്നാരോപിച്ച് ഡോക്ടർമാരിൽ ഒരാൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് മാതൃഭൂമിയുടെ തെറ്റായ നടപടി ചൂണ്ടിക്കാണിക്കുന്നത്.

Also Read:ടോക്കിയോ ഒളിമ്പിക്‌സ് നല്‍കിയത് അതിജീവനം എന്ന സന്ദേശം: ജപ്പാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ കൊട്ടിയം എൽ.എം.ടി.സി. പരിശീലന കേന്ദ്രം 07-08-2021 ന് സംഘടിപ്പിച്ച ‘രചന’ എന്ന മാധ്യമ ശിൽപശാല സംബന്ധിച്ചാണ് തെറ്റിദ്ധാരണാജനകമായ വാർത്തകൾ കർഷകശ്രീ ഓൺലൈൻ മാഗസിനിലും മാതൃഭൂമി ദിനപത്രത്തിലും പാലക്കാട് എഡിഷനിൽ പ്രസിദ്ധീകരിച്ചത്.
മൃഗസംരക്ഷണ മേഖലയെ സംബന്ധിച്ച വാർത്തകൾ തയ്യാറാക്കുന്നതിന് വെറ്ററിനറി ഡോക്ടർമാർക്കും അവസാന വർഷ ജേർണലിസം വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയെ വെറ്ററിനറി ഡോക്ടർമാരെ പെരുമാറ്റം പഠിപ്പിക്കാനുള്ള പരിശീലനം എന്ന് ഈ മാധ്യമങ്ങൾ വികലമായി ചിത്രീകരിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

രാത്രികാല സേവനത്തിനായി ബ്ലോക്ക് തല എമർജൻസി വെറ്ററിനറി സർവ്വീസ് നിലവിലിരിക്കെ, വകുപ്പിലെ ഡോക്ടർമാർ മുഴുവൻ സമയവും ഫോൺ വഴി ചികിത്സ നൽകാൻ ബാധ്യസ്ഥരാണെന്ന, നിലവിലെ സർവ്വീസ് ചട്ടങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും വിരുദ്ധമായ ആശയം കൂടി ഈ വാർത്തയിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി ഡോക്ടർമാർക്കായി ഒരു പെരുമാറ്റ പരിശീലന പദ്ധതിയോ സിലബസോ ആസൂത്രണം ചെയ്തിട്ടില്ല എന്നിരിക്കെ, വെറ്ററിനറി ഡോക്ടർമാർക്ക് പെരുമാറ്റ പരിശീലനം ആവശ്യമാണെന്ന ദുസ്സൂചന നൽകുകയും, വകുപ്പിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി എല്ലാ ഡോക്ടർമാരും ഇരുപത്തി നാല് മണിക്കൂർ ഫോൺ വഴി ചികിത്സ ലഭ്യമാക്കാൻ ബാധ്യസ്ഥരാണെന്ന തെറ്റായ ആശയം പ്രചരിപ്പിക്കുകയും ചെയ്ത മാധ്യമങ്ങളോട് വാർത്ത തിരുത്തുന്നതിനുള്ള നിർദ്ദേശം നൽകണമെന്നും പരാതിക്കാർ അഭ്യർത്ഥിക്കുന്നു.

മാതൃഭൂമിയ്ക്ക് പുറമെ മനോരമ ഓൺലൈനിലും ഈ വ്യാജ ന്യൂസ്‌ വന്നിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗത്തിൽ തന്നെ ഇതിന് പരിഹാരം കാണണമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button