KeralaNattuvarthaLatest NewsNews

മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ എന്ന് മുഖ്യമന്ത്രി: ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമെന്നു കുടുംബം

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല

കൊച്ചി: സി.എ. വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും ആത്മഹത്യക്ക് കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണിമൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍. അനൂപ് ജേക്കബ് എംഎ‍ല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്. എന്നാല്‍ മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്നുതന്നെ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. 2017 ലാണ് കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.

മിഷേലിന്റെ മരണത്തെ സംബന്ധിച്ച പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. മിഷേലിന്റെ മരണത്തിന് പിന്നാലെ താരവും കുടുംബവും അമേരിക്കയിലേക്ക് പോയതും ഏറെ ദുരൂഹതയുളവാക്കുന്നതായും ഒരു ഓൺലൈൻ ചാനലിന് നൽകിയ പ്രത്യേക പരിപാടിയിൽ കുടുംബം പങ്കുവച്ചു.

read also: കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്‌സിൻ നൽകും: മുഖ്യമന്ത്രി

‘2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും, ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് തെളിഞ്ഞിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതിമുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മിഷേലിന്റെ മരണത്തില്‍ പിതാവ് സി.ബി. ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്’- മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

2017 മാര്‍ച്ച്‌ അഞ്ചിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതെയാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍നിന്നു മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്‌, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button