KeralaLatest News

പോലീസിന്റെ നടപടികള്‍ സുതാര്യമല്ല, മകളുടെ മരണം ആത്മഹത്യയല്ലെന്നും ആവര്‍ത്തിച്ച് മിഷേലിന്റെ പിതാവ്‌

അതേസമയം മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് ഉറപ്പിച്ച് പറയുന്നത്.

കൊച്ചി: മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നും, പോലീസിന്റെ നടപടികൾ സുതാര്യമായല്ല മുന്നോട്ടു പോകുന്നതെന്നും മിഷേലിന്റെ പിതാവ് ഷാജി വർഗീസ് പറഞ്ഞു. കലൂര്‍ പള്ളിയില്‍ വച്ച് മിഷേലിനെ പിന്തുടര്‍ന്നെന്നു കരുതുന്ന രണ്ടു യുവാക്കളുടെ ചിത്രം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പത്രങ്ങളില്‍ പരസ്യം ചെയ്തതിൽ ദുരൂഹതയുണ്ടെന്നും ഷാജി വ്യക്തമാക്കി.

മിഷേലിനെ അവസാനമായി കണ്ട മാര്‍ച്ച് അഞ്ചാം തീയതി കലൂര്‍ പള്ളിയില്‍ വച്ച് പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെന്നു കരുതുന്ന രണ്ടു യുവാക്കളുടെ ചിത്രം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. മിഷേലിന്റെ മരണം നടന്ന് രണ്ടു വര്‍ഷത്തിനുശേഷമാണിത്. ഈ യുവാക്കളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കിയ പൊലീസ് പക്ഷേ, തന്നോട് പറഞ്ഞിരുന്നത് ഇതേ യുവാക്കളെ പിടികൂടിയെന്നും മൊഴിയെടുത്തെന്നുമായിരുന്നുവെന്നാണ് ഷാജി പറയുന്നത്. മിഷേലിന്റെ മരണത്തിന്റെ യഥാര്‍തഥ കാരണം പുറത്തു വരാതിരിക്കാന്‍ പൊലീസ് തലത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം എന്നാണ് ഷാജി കണക്കുകൂട്ടുന്നത്.

മിഷേല്‍ കേസില്‍ പൊലീസ് തെളിവായി പറയുന്ന ചിത്രങ്ങളും സാക്ഷികളും വ്യാജമായി നിര്‍മിച്ചതാണെന്ന ആക്ഷേപമാണ് ഷാജി വര്‍ഗീസ് ഉയര്‍ത്തുന്നത്. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ പോകുന്നത് കണ്ടെന്നു പറയുന്ന സാക്ഷി മൊഴിയിലെ അവ്യക്തതയാണ് ഷാജി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് ഉറപ്പിച്ച് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും മിഷേലിന്റെ മരണവുമായി ബന്ധിപ്പിക്കാനുള്ള തെളിവൊന്നും കിട്ടിയിട്ടില്ലെന്നും പരാതിക്കാരുടെ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തില്‍ എന്തെങ്കിലും കണ്ണി വിട്ടുപോയിട്ടുണ്ടെങ്കില്‍ അതും കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നുമാണ് ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button