KeralaLatest News

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്: കസ്റ്റംസ് ആക്ട് 108 പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചു, ഗവർണറെ ഉടൻ കാണും

മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു എന്നാണ് ഇവരുടെ മൊഴി.

കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വര്‍ണക്കടത്തു കേസ് പ്രതികളായ സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട് . കസ്റ്റംസ് ആക്‌ട് 108 പ്രകാരമുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായി ഗവർണറുടെ അനുമതി തേടുമെന്നും റിപ്പോർട്ട് ഉണ്ട്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2017ല്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സരിത്തും, സ്വപ്‌ന സുരേഷും ഡോളര്‍ കടത്ത് നടത്തിയത്. ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു എന്നാണ് ഇവരുടെ മൊഴി.

മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിലേറിയ ശേഷമുള്ള യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ‘യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി ഡോളര്‍ അല്‍ദൗഖിക്ക് കൈമാറിയത്.’

പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരന്റെ മൊഴിയും ഇത് സാധൂകരിക്കുന്ന തരത്തിൽ ആയിരുന്നു.

കൈമാറിയത് യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്‍റെ വിശദീകരണം. കൃത്യ സമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെല്ലാം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന.

ഇരുവരെയും ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. 19ന് കസ്റ്റംസ് നടപടികള്‍ ആരംഭിക്കും. വിദേശ നാണയ വിനിമയചട്ടം ലംഘിച്ചതിനും മുഖ്യമന്ത്രിക്കെതിരേ കേസ് എടുക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. അതേസമയം മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു എന്ന തരത്തിൽ സ്വപ്നയുടെ ശബ്ദരേഖ ഉണ്ടാക്കിയത് അന്ന് അന്വേഷണ സംഘത്തിലെ ചില പോലീസുകാരുടെ സമ്മർദ്ദത്തിൽ ആയിരുന്നു എന്നുള്ള സ്വപ്നയുടെ മൊഴിയും കോടതിയിൽ എത്തിക്കാനാണ് കസ്റ്റംസ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button