ArticleLatest NewsNewsIndiaInternationalSpecials

ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ

എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും പ്രശസ്തയായ സുഭദ്ര കുമാരി ചൗഹാന്റെ ജന്മദിനത്തിൽ 117-ാം ജന്മദിനത്തിൽ ഡൂഡിൽ തയ്യാറാക്കി ആദരിക്കുകയാണ് സെർച്ച് എൻജിനായ ഗൂഗിൾ. ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ എന്ന ഗ്രാമത്തിൽ 1904 ആഗസ്റ്റ് 16ന് രജപുത് കുടുംബത്തിലാണ് സുഭദ്ര കുമാരി ചൗഹാൻ ജനിച്ചത്.

ഇടവേളകളില്ലാതെ എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ചൗഹാൻ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കുതിരവണ്ടിയിലിരുന്നും കവിതകൾ ഏഴുതുമായിരുന്നു. കേവലം ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് ചൗഹാന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. അവരുടെ കൗമാരപ്രായത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ആഗ്രഹവും ആവേശവും തന്റെ എഴുത്തുകളിലൂടെ പുറത്തുവിട്ടു. 1919 ൽ അവർ മിഡിൽ സ്കൂൾ പാസായി.

പിന്നീട് ഖണ്ഡ്‌വയിലെ ഠാക്കൂർ ലക്ഷ്മൺ സിംഗ് ചൗഹാനുമായുള്ള ചൗഹാന്റെ വിവാഹം നടന്നു. 16-ാം വയസ്സിലായിരുന്നു വിവാഹം. അവര്‍ക്ക് 5 കുട്ടികളും പിറന്നു. പിന്നീട് പ്രയാഗ് രാജില്‍ നിന്ന് സുഭദ്ര കുമാരിയുടെ പ്രവര്‍ത്തന മേഖല ജമല്‍പ്പൂരിലേക്കു മാറി. വിവാഹത്തിന് ശേഷം, ബ്രിട്ടീഷ് രാജിനെതിരെ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും പിന്നീട് അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സത്യാഗ്രഹം ഇരിക്കുകയും ചെയ്തു. സത്യാഗ്രഹം അനുഷ്ഠിച്ച, രാജ്യത്തെ ആദ്യത്തെ വനിതയാണ് സുഭദ്ര കുമാരി ചൗഹാൻ.

ഇന്ത്യൻ നാഷണൽ മൂവ്‌മെന്റിന്റെ ഒരു പങ്കാളിയെന്ന നിലയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ തന്റെ എഴുത്തുകളിലൂടെയും, കവിതകളിലൂടെയും സുഭദ്ര ആളുകളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. സുഭദ്രയുടെ എഴുത്തുകൾ പ്രധാനമായും ഇന്ത്യൻ സ്ത്രീകളുടെ കഷ്ടപ്പാടുകളെയും സ്വാതന്ത്ര്യ സമരകാലത്ത് അവർ മറികടന്ന വെല്ലുവിളികളെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു.

1923ലും 1942ലും ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് സുഭദ്രയെ രണ്ടുതവണ ജയിലിലടയ്ക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അവരുടെ ഏറ്റവും വലിയ ആയുധം പേനയായിരുന്നു. 1940കളിൽ 88 കവിതകളും 46 ചെറുകഥകളും സുഭദ്ര പ്രസിദ്ധീകരിച്ചു. തന്‍റെ കവിതകളിലൂടെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും രാഷ്‌ട്രത്തിന്റെ പരമാധികാരത്തിനും വേണ്ടി പോരാടാൻ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഹിന്ദിയില്‍ കവിതകളെഴുതിയിരുന്ന സുഭദ്ര ലിംഗം, ജാതി എന്നീ വിവേചനങ്ങളെ തന്‍റെ കൃതികളിലൂടെ രൂക്ഷമായി വിമര്‍ശിച്ചു. ജാൻസി കീ റാണി എന്ന പേരിൽ സുഭദ്രകുമാരി രചിച്ച കവിത ഏറെ പ്രശസ്തമാണ്. റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന കൃതി ഹിന്ദി സാഹിത്യത്തില്‍ ഇന്നും പ്രാധാന്യം പുലര്‍ത്തുന്നു. സുഭദ്രയുടെ എഴുത്തുകൾഇപ്പോഴും ചരിത്രപരമായ പുരോഗതിയുടെ ഒരു പ്രധാന ഘടകമായും, പ്രതീകമായും കണക്കാക്കപ്പെടുന്നു.

Read Also:- ടി20 ലോകകപ്പ്: മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ

നാഗ്പുരില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള യാത്രയ്ക്കിടെ 1948ല്‍ കാറപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു സുഭദ്ര. നിയമ സഭാ സമ്മേളനത്തില്‍ പങ്കെുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. സുഭദ്രയുടെ മാതൃകാപരമായ പ്രവർത്തനത്തിന്റെ ബഹുമാനാർത്ഥം ഒരു ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിന് സുഭദ്രയുടെ പേര് നൽകി രാജ്യം ആദരിച്ചു. ജബൽപൂരിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മധ്യപ്രദേശ് സർക്കാർ സുഭദ്ര കുമാരി ചൗഹാന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button