Latest NewsIndia

പഞ്ച്ഷീർ വളഞ്ഞ് ഭീകരര്‍, താലിബാനെ തുരത്താന്‍ തോക്കെടുത്ത് ദേശസ്നേഹികളായ കുട്ടികളും ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരും

ആദ്യ താലിബാന്‍ ഭരണകാലത്തും താഴ്‌വര പിടിച്ചെടുക്കാന്‍ താലിബാന്‍ പതിനെട്ടടവും പയറ്റിയിരുന്നു. പക്ഷേ, ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിനുമുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു

കാബൂള്‍: തങ്ങളുടെ ബാലികേറാ മലയായ പഞ്ച്ഷീര്‍ താഴ്‌വര പിടിച്ചെടുക്കാന്‍ താലിബാന്‍ പടയൊരുക്കം തുടങ്ങിയതോടെ നാടിനെ രക്ഷിക്കാന്‍ കുട്ടികള്‍ ഉള്‍പ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ നിരവധി ചിത്രങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. താലിബാനെ ചെറുക്കാന്‍ തങ്ങളുടെ ജീവന്‍ നല്‍കാന്‍ പോലും താഴ്വരയിലുള്ളവര്‍ക്ക് ഒരു മടിയുമില്ല. അതാണ് താലിബാന് പഞ്ച്ഷീര്‍ ഇപ്പോഴും ബാലികേറാമലയായി നിലനില്‍ക്കുന്നത്.

താഴ്‌വര പിടിക്കാന്‍ താലിബാന്‍ ഇറങ്ങിയെങ്കിലും അവര്‍ക്ക് വിജയം എളുപ്പമല്ല. ആദ്യ താലിബാന്‍ ഭരണകാലത്തും താഴ്‌വര പിടിച്ചെടുക്കാന്‍ താലിബാന്‍ പതിനെട്ടടവും പയറ്റിയിരുന്നു. പക്ഷേ, ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിനുമുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരാണ് താഴ്‌വരയിലുള്ളത്. താലിബാന്‍ ഭരണം പിടിച്ചതോടെ രക്ഷപ്പെട്ട അഫ്ഗാന്‍ സൈനികരും പൈലറ്റുമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

താലിബാന്റെ ഏത് ആക്രമണത്തിനും മറുപടിയുണ്ടെന്നാണ് പഞ്ച്ഷീര്‍ കമാന്‍ഡോ സൈനികര്‍ പറയുന്നത്. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേയാണ് താലിബാനെതിരെയുള്ള പോരാട്ടം നയിക്കുന്നത്.അതേസമയം, പഞ്ച്ഷീര്‍ ലക്ഷ്യമാക്കി ആയിരക്കണക്കിന് താലിബാന്‍ ഭീകരര്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. താലിബാന്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. താഴ്‌വരയുടെ അധികാരം സമാധാനപരമായി വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തതിനാലാണ് ഈ തീരുമാനമെന്നും വക്താവ് പറഞ്ഞു.

നാലുമണിക്കൂറിനുള്ളില്‍ അധികാരം കൈമാറണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താഴ്‌വരയിലെ ജനങ്ങള്‍ ഇതിനെ മുഖവിലയ്‌ക്കെടുക്കാതെ തള്ളിക്കളഞ്ഞു. അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് അത്യാന്താധുനിക ആയുധങ്ങള്‍ കൈവശപ്പെടുത്തിയ താലിബാനെ പ്രതിരോധിക്കുക താഴ്‌വരയിലുളളവര്‍ക്ക് ദുഷ്കരമാവും എന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ എന്തുസംഭവിച്ചാലും കീഴടങ്ങാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് താഴ്‌വരയിലുള്ളവര്‍ പറയുന്നത്. യുദ്ധനീക്കം ആരംഭിച്ചെങ്കിലും താലിബാന് ഉള്ളില്‍ ഭീതിയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button