KeralaLatest NewsSpecials

കേരളത്തിന്റേതു മാത്രമായ ‘കൊല്ലവർഷം’

കേരളത്തിന്റേതു മാത്രമായ കാലഗണനാ രീതിയാണ് മലയാള വർഷം അഥവാ കൊല്ലവർഷം. AD 825ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. AD 825 ആഗസ്ത് 25നാണ് കൊല്ലവർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്. ഈ ദിവസം തന്നെയാണ് ചേരമാൻ പെരുമാൾ മക്കത്തേക്ക് യാത്രപോയത് എന്നും ‘കേരളോൽപത്തിയും’, ‘കേരളമാഹാത്മ്യവും’ പറയുന്നത്. ഹൈന്ദവ സുഹൃത്തുക്കൾ ഓണം ആഘോഷിക്കുന്നതും ഈ ദിവസം തന്നെയാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന 12 മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിത്. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണിത്. തുടക്കകാലത്ത്‌ മേട മാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്ന് അത് ചിങ്ങ മാസത്തിലാണ്‌.

ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിര്‍ണയം ചെയ്തപ്പോൾ കൊല്ലവര്‍ഷപ്പഞ്ചാംഗം സൗരവര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡ വര്‍മ്മ/രാജ ശേഖരവർമ്മയാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നും വിശ്വസിക്കപ്പെടുന്നു.

പണ്ട് ഭാരതത്തില്‍ പ്രചാരത്തിലിരുന്ന ഒരു കാലഗണനാ രീതിയാണ് സപ്തര്‍ഷി വര്‍ഷം. കൊല്ലം ഒരു പ്രധാന വാണിജ്യ കേന്ദ്രമായപ്പോള്‍ ഇവിടെ എത്തിയ കച്ചവടക്കാര്‍ അവര്‍ക്ക് പരിചിതമായിരുന്ന സപ്തര്‍ഷി വര്‍ഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാ രീതികളും ചേര്‍ത്ത് ഉപയോഗിച്ചു. സപ്തര്‍ഷിവര്‍ഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. തദ്ദേശീയ മാസവിഭജന രീതികളും അത്ര കൃത്യമല്ലായിരുന്നു. അതിനാല്‍ ഇവരണ്ടും ചേര്‍ത്ത് പുതിയൊരു കാലഗണനാ രീതി ഉണ്ടാക്കി.

ഓരോ നൂറുവര്‍ഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതല്‍ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തര്‍ഷി വര്‍ഷത്തിന് ഉണ്ടായിരുന്നത്. BC 76ല്‍ തുടങ്ങിയ സപ്തര്‍ഷിവര്‍ഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത് AD 825ലാണ്. ആ സമയം നോക്കി വ്യാപാരികള്‍ പുതിയ സമ്പ്രദായം തുടങ്ങിയെന്നാണ് കരുതപ്പെടുന്നത്ത്.

എന്നാൽ ഇതിന്റെ തുടക്കം വളരെ തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നതിനെ തുടർന്ന് മറ്റു രാജ്യക്കാരും കൊല്ലവർഷം സ്വീകരിക്കേണ്ടതായി വന്നു എന്നുമാണ് പറയപ്പെടുന്നത്. ഇത് ഇബ്ൻ ബത്തൂത്തയുടെ വാദങ്ങളെ സാധൂകരിക്കുന്നതുമാണ്.

ഗുണ്ടര്‍ട്ട് മുന്നോട്ടുവച്ച മറ്റൊരു വാദം അനുസരിച്ച്, തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് കൊല്ലവര്‍ഷം ആരംഭിച്ചത്. ചേരമാൻ പെരുമാളാണ് മാവേലിക്കരയ്ക്കടുത്തുള്ള കണ്ടിയൂർ എന്ന സ്ഥലത്ത് ശിവക്ഷേത്രം നിർമ്മിച്ചത്. ചേരമാൻ പെരുമാൾ രാജ്യം പകുത്തു ബന്ധക്കാരിൽ വിഭജിച്ചതിന്റെ അടിസ്ഥാനത്തിലാണ് AD 825ൽ ആരംഭിച്ച കൊല്ലവർഷം ഉണ്ടായത്.

‘ഇസ്ലാമിക ആശയങ്ങളിൽ വളരെ ആകൃഷ്ടനായിത്തീർന്ന അവസാനത്തെ പെരുമാളായ ചേരമാൻ പെരുമാൾ മുസ്ലിം ആകുകയും തന്റെ രാജ്യം ആശ്രിതർക്ക് വിട്ടുകൊടുത്ത് മക്കയിലേക്ക് പോവുകയും ചെയ്തു. മടക്കയാത്രയിൽ അറേബ്യൻ തീരത്തു വെച്ച് അദ്ദേഹം മരണമടയുകയായിരുന്നു. ചേരമാൻ പെരുമാൾ രാജ്യം പകുത്തു ബന്ധക്കാരിൽ വിഭജിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലവർഷം ഉണ്ടായത്’ ഹെര്‍മന്‍ ഗുണ്ടർട്ടിന്റെ പ്രസ്താവനയിൽ പറയുന്നു.

Read Also:- ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസിലൻഡ് താരങ്ങൾ പങ്കെടുക്കും

കൊല്ലം നഗരം(Quilon) സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്ന് മറ്റുചിലര്‍ വാദിക്കുന്നു.

shortlink

Post Your Comments


Back to top button