Latest NewsNewsIndia

അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം : വാക്‌സിനുകളെ പോലും അതിജീവിക്കാന്‍ കഴിയുന്ന വൈറസ് 7 രാജ്യങ്ങളില്‍

ന്യൂഡല്‍ഹി : ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ ഞെട്ടലിലാണ്. സി.1.2 എന്നാണ് വാക്‌സിനുകളെ പോലും അതിജീവിക്കാന്‍ കഴിയുന്ന ഈ വൈറസിന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ്, ക്വാസുലു-നേറ്റല്‍ റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് സീക്വന്‍സിംഗ് പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മെയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച വൈറസ് നിലവില്‍ ചൈന അടക്കം ഏഴ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : കൊവിഡ് പ്രതിരോധത്തിലും പ്രതിദിന വാക്‌സിനേഷനിലും ഒന്നാം സ്ഥാനത്ത് യുപി

ഏറ്റവും അപകടകരമായ മറ്റൊരു കണ്ടെത്തല്‍ ഇവയ്ക്ക് മറ്റ് വകഭേദങ്ങളെക്കാള്‍ വളരെ വേഗത്തില്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നുണ്ടെന്നാണ്. 41.9 ആണ് ഇതിന്റെ
മ്യൂട്ടേഷന്‍ നിരക്ക് എന്ന് പഠനത്തില്‍ പറയുന്നു. അതായത് നിലവിലെ കൊവിഡ് വകഭേദങ്ങളുടേതിനേക്കാള്‍ 1.7 മടങ്ങ് കൂടുതല്‍.

നിലവില്‍ ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്സവ സീസണുകളും ഉടന്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ കൊവിഡ് പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചാല്‍ അത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെച്ചേക്കും. പ്രത്യേകിച്ച് മൂന്നാം തരംഗ ഭീതി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് വകഭേദമായ ഡെല്‍റ്റ നിരവധി ജീവനുകളാണ് എടുത്തത്. രാജ്യത്തെ പ്രതിദിന രോഗികള്‍ 4 ലക്ഷത്തിലേക്ക് ഉയരുന്ന സാഹചര്യം ഉള്‍പ്പെടെ ഉണ്ടായിരുന്നു. വാക്സിന്റെ സംരക്ഷണം പുതിയ വകഭേദത്തില്‍ ലഭിക്കില്ലെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് ഇതുവരെയും വാക്‌സിന്‍ വിതരണം പകുതി പോലും പൂര്‍ത്തിയാകാത്ത സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തില്‍ പുതിയ വകഭേദം വലിയ ഭീഷണിയാകും സൃഷ്ടിച്ചേക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button