തൃശൂര്‍: ശ്വാസതടസ്സം മൂലം ചലനമറ്റ രണ്ടര വയസ്സുകാരിയെ കയ്യിലെടുത്തപ്പോൾ നഴ്സ് ശ്രീജ പേടിച്ചത് കോവിഡിനെയല്ല, അയൽവീട്ടിലെ ആ കുഞ്ഞുജീവൻ തന്റെ കയ്യിലിരുന്നു നഷ്ടപ്പെടുമോ എന്നാണ്. കോവിഡിനെ തുടർന്ന് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ്
ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വീട്ടിലെ യുവതി ഓടിയെത്തിയത്. ഉടനെ ശ്രീജ ചുണ്ടോടു ചുണ്ടു ചേർത്തു കൃത്രിമ ശ്വാസം നൽകി. ആശുപത്രിയിലെത്തിച്ചപ്പോൾ ആ ശ്വാസമാണു കുഞ്ഞിന്റെ ജീവൻ നിലനിർത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, നെഞ്ചു പിടച്ച നിമിഷങ്ങൾക്കൊടുവിൽ എല്ലാവർക്കും ‘ആശ്വാസം’. കോവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കിയത്.
ശ്രീജയുടെ ഭർത്താവ് പ്രമോദും അയൽവാസിയും ചേർന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയ കുഞ്ഞ് അവളുടെ കളിചിരികളിലേക്കു മാറിയെങ്കിലും കോവിഡ് ചികിത്സയിലാണ്. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോൾ ക്വാറന്റീനിലാണ്. ക്വാറന്റീനിൽ കഴിയുമ്പോഴും ശ്രീജയ്ക്ക് ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷം.
Post Your Comments