COVID 19WayanadKeralaLatest NewsNews

മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക: അതിര്‍ത്തി കടക്കുന്നവരുടെ ദേഹത്ത് സീല്‍

ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അവര്‍ അതും അംഗീകരിക്കാതെ ദേഹത്ത് ചാപ്പകുത്തുകയായിരുന്നു

കല്‍പ്പറ്റ: കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക സര്‍ക്കാര്‍. വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം സീല്‍ പതിപ്പിച്ചത്. വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള മഷി ഉപയോഗിച്ചാണ് സീല്‍ പതിപ്പിച്ചിരിക്കുന്നത്. ബാവലി ചെക് പോസ്റ്റില്‍ വച്ചായിരുന്നു സംഭവം. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സീല്‍ പതിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ആര്‍.ടി.പി.സി.ആര്‍ എടുത്ത ആളുകളെ പോലും കടത്തിവിടാത്ത സ്ഥിതി നിലനില്‍ക്കെയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രാകൃത രീതി അവലംബിച്ചത്.

പടിഞ്ഞാറെത്തറ സ്വദേശി ഹുസൈന്‍ അടക്കമുള്ളവരുടെ ദേഹത്താണ് ചാപ്പ കുത്തിയത്. രണ്ട് വാക്സിനും എടുത്ത ആളാണ് താനെന്നും സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അത് പോരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും തുടര്‍ന്ന് താന്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അവര്‍ അതും അംഗീകരിക്കാതെ ദേഹത്ത് ചാപ്പകുത്തുകയായിരുന്നെന്നും ഹുസെന്‍ പറഞ്ഞു.

കര്‍ഷകരെ തടഞ്ഞുനിര്‍ത്തി ചാപ്പക്കുത്തുകയായിരുന്നുവെന്നും രണ്ട് ദിവസമായി ഇത് തുടരുകയാണെന്നും മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഇതിന് പുറമെ കര്‍ഷകര്‍ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളവരെ അങ്ങോട്ട് കടത്തിവിടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ പ്രാകൃതമായ നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നത് തെറ്റായ രീതിയാണ്. നിയമപരമായി തന്നെ ഇതിനെ നേരിടണമെന്നാണ് കരുതുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button