KeralaLatest NewsNews

‘അഞ്ചു വര്‍ഷം, 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍’: കേരളം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി

സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെ എസ് ഐ ഡി സി, കെ എഫ് സി, കെ എഫ് എസ് ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രീകൃതമായ സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഐടി വ്യവസായത്തെ സംബന്ധിച്ചിടത്തോളം സാര്‍ത്ഥകമായ ഒരു ചുവടുവയ്പ്പാണ് ടെക്‌നോളജി ഇന്നോവേഷന്‍ സോണിലെ ഡിജിറ്റല്‍ ഹബ്ബിന്റെ ആരംഭമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ടെക്‌നോളജി ഇന്നോവേഷന്‍ സോണില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ക്യുബേഷന്‍ സൗകര്യമായ ഇന്റര്‍ഗ്രേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് കോംപ്ലക്‌സ് സ്ഥാപിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. അന്ന് രണ്ട് ലക്ഷം ചതുരശ്ര അടി ആയിരുന്നു അതിന്റെ ശേഷി. ഇതിനോടൊപ്പമാണ് രണ്ട് ലക്ഷം ചതുരശ്ര അടി ശേഷിയുള്ള ഡിജിറ്റല്‍ ഹബ്ബ് കൂടി പ്രവര്‍ത്തന സജ്ജമാകുന്നത്. അങ്ങനെ ആകെ നാല് ലക്ഷം ചതുരശ്ര അടിയിലേക്കു ഇവിടുത്തെ സൗകര്യങ്ങള്‍ വളര്‍ന്നിരിക്കുകയാണ്. ഇതോടുകൂടി ഈ ടെക്‌നോളജി ഇന്നോവേഷന്‍ സോണ്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് സ്‌പെയ്‌സായി മാറുകയാണ്’- മുഖ്യമന്ത്രി അറിയിച്ചു.

‘സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലപ്രാപ്തിയിലേക്ക് എത്തുന്നതിന്റെ ചില സൂചനകള്‍ നമുക്കു കാണാം. അഞ്ചുവര്‍ഷം മുമ്പ് 300 സ്റ്റാര്‍ട്ട് അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3,900 ആണ്. 35,000 പേര്‍ക്ക് എങ്കിലും ഇതുവഴി അധികമായി തൊഴില്‍ ലഭ്യമായിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എന്നുമാത്രമല്ല, സംസ്ഥാനത്തെമ്പാടും ഇന്നോവേഷന്‍ ടെക്‌നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കുകയും ചെയ്യും’- മുഖ്യമന്ത്രി പറഞ്ഞു

Read Also: ഏറ്റവും സ്വാധീനമുള്ള ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പുകള്‍ പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും. അതുപോലെ തന്നെ, മറ്റു മേഖലകളില്‍ സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് സഹായമാകുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ വിപുലീകരണത്തിനായി ഒരു കോടി രൂപവരെ ഈടില്ലാത്ത വായ്പ ലഭ്യമാക്കുകയും ചെയ്യും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെ എസ് ഐ ഡി സി, കെ എഫ് സി, കെ എഫ് എസ് ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളെ അന്തര്‍ദേശീയ വ്യവസായ വാണിജ്യ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കും. അതിനായി സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയതലത്തിലേക്ക് വിപുലപ്പെടുത്തുകയും ചെയ്യും’- മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button