Latest NewsKeralaNews

പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ആദരം

തിരുവനന്തപുരം: ടോക്കിയോയില്‍ നടന്ന പാരാലിമ്പിക്സില്‍ മെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ആദരമൊരുക്കി കെഎസ്ആര്‍ടിസി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകള്‍ നേടിയ 17 കായിക താരങ്ങള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ സ്‌നേഹാദരം. മെഡല്‍ ജേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വിനൈല്‍ സ്റ്റിക്കറുകള്‍ ബസില്‍ പതിപ്പിച്ചു.

നേരത്തെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേട്ടം കൈവരിച്ച മലയാളി കായിക താരം പി.ആര്‍ ശ്രീജേഷിനും കെ.എസ്.ആര്‍.ടി.സി ആദരവ് അര്‍പ്പിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി പുതുതായി രൂപീകരിച്ച കൊമേര്‍ഷ്യല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായിക താരങ്ങള്‍ക്ക് ആദരവ് സമര്‍പ്പിക്കുന്ന പദ്ധതി നടപ്പാക്കിയത്. ഡിസൈന്‍ തയ്യാറാക്കിയത് കെ.എസ്.ആര്‍.ടി സി സോഷ്യല്‍ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ.കെ ഷിനുവാണ്. സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ വി. മഹേഷ് കുമാറാണ് ബസ് അണിയിച്ചൊരുക്കിയത്. വേളിയിലേക്ക് സര്‍വ്വീസ് നടത്തുന്ന തിരുവനന്തപുരം സിറ്റിയിലെ ആര്‍എന്‍എ 492 നമ്പര്‍ ബസിലാണ് സ്റ്റിക്കര്‍ പതിപ്പിച്ച് സര്‍വ്വീസ് നടത്തുന്നത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കല മെഡലും നേടിയ അവനി ലേഖറ, പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്ത്, പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം നേടിയ കൃഷ്ണ നാഗര്‍, പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണംനേടിയ സുമിത് ആന്റില്‍, 50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം നേടിയ മനീഷ് നര്‍വാള്‍, ടേബിള്‍ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തില്‍ വെള്ളി നേടിയ ഭവിനബെന്‍ പട്ടേല്‍, 50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ വെള്ളി, പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലവും നേടിയ സിംഗ്രാജ് അധാന, പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ വെള്ളി നേടിയ യോഗേഷ് കതുനിയ,

പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തില്‍ വെള്ളി നേടിയ നിഷാദ് കുമാര്‍, പുരുഷന്‍മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെള്ളി നേടിയ മാരിയപ്പന്‍ തങ്കവേലു, പുരുഷ ഹൈജെമ്പ് ടി 64 വിഭാഗത്തില്‍ വെള്ളി നേടിയ പ്രവീണ്‍ കുമാര്‍, പുരുഷ ജാവലിന്‍ എഫ് 46 വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയ ദേവേന്ദ്ര ജചാരിയ, പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4 വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയ സുഹാസ് യതിരാജ്, പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത റിക്കോര്‍ഡോടെ വെങ്കലം നേടിയ ഹര്‍വിന്ദര്‍ സിങ്, പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെങ്കലം നേടിയ ശരത് കുമാര്‍, പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ വെങ്കലം നേടിയ സുന്ദര്‍ സിങ് ഗുര്‍ജാര്‍, പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3 വിഭാഗത്തില്‍ വെങ്കലം നേടിയ മനോജ് സര്‍ക്കാര്‍ എന്നിവരുടെ ചിത്രങ്ങളാണ് കെഎസ്ആര്‍ടിസി ബസുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button