KozhikodeMalappuramKeralaNattuvarthaLatest NewsNews

വാക്‌സിനെടുക്കാന്‍ ചെരുപ്പ് ഊരണോ, സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ടനയമോ: തുറന്ന കത്തുമായി യുവാവ്

മലപ്പുറം: കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ചെരിപ്പ് അഴിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്ന കത്തെഴുതി യുവാവ്. ഷബീര്‍ കളിയാട്ടമുക്ക് എന്ന യുവാവാണ് തന്റെ ഫേസ്ബുക്കിലൂടെ ആരോഗ്യമന്ത്രിക്ക് കത്തെഴുതിയത്. ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവരോട് ചെരുപ്പ് അഴിച്ചു വയ്ക്കാന്‍ പറയുന്നത് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്തിട്ട ചെരിപ്പുമായി അകത്തു കടക്കുമ്പോള്‍ സാധാരണക്കാരന്‍ പുറത്ത് ചെരിപ്പ് അഴിച്ചു വയ്ക്കണമെന്ന് പറയുന്നത് എന്ത് നയമാണെന്നും അദ്ദേഹം ചോദിക്കുന്നു. വാക്‌സിന്‍ എടുക്കാന്‍ കളിയാട്ടമുക്ക് പിഎച്ച്‌സിയില്‍ എത്തിയപ്പോഴാണ് യുവാവിനോട് ആരോഗ്യ പ്രവര്‍ത്തകര്‍ ചെരുപ്പ് അഴിച്ചു വയ്ക്കാന്‍ നിര്‍ബന്ധിച്ചത്. തന്റെ അനുഭവം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്, ഞാന്‍ ഇന്ന് വാക്‌സിനെടുക്കാന്‍ കളിയാട്ടമുക്ക് പിഎച്ച്‌സിയില്‍ ചെന്നു. അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പാദരക്ഷ (ചെരുപ്പ്) പുറത്ത് അഴിച്ചു വെക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ സമ്മതിച്ചില്ല. ഒരുപാട് സാധാരണക്കാര്‍ ചെരുപ്പ് അഴിച്ച് നഗ്‌നപാദരായി ആശുപത്രിയിലേക്ക് കയറുന്നു. എന്നാല്‍ ഈ ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്ത് ഉപയോഗിച്ച ചെരുപ്പ് തന്നെയാണ് അകത്തും ഉപയോഗിക്കുന്നത്. ആ സ്ഥലത്തേക്കാണ് സാധാരണ മനുഷ്യര്‍ നഗ്‌നപാദരായ് കടന്നു ചെല്ലുന്നത്. അതിന്റെ അപകടം ആരോഗ്യ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ അവര്‍ തിരുത്താന്‍ തയ്യാറായില്ല.

പാദ രക്ഷകള്‍ ഇടുന്നതല്ലേ എല്ലാവരുടെയും രക്ഷക്ക് നല്ലത്. പലരുടെയും ശരീരത്തില്‍ ഉള്ള രോഗാണുക്കള്‍, സ്രവങ്ങള്‍, വിയര്‍പ്പ് ഒക്കെ മറ്റുള്ളവരുടെ കാലുകളിലേക്ക് പടരാന്‍ അല്ലെ നഗ്‌നപാദരായി ആശുപത്രിയില്‍ കയറുന്നതിന് കാരണമാകൂ. ചെരുപ്പ് ഇട്ടാല്‍ അകത്ത് പറ്റുന്ന മണ്ണ് പോലും ശരീരവുമായി നേരിട്ട് ബന്ധം വരുന്നില്ലല്ലോ. ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ ഒക്കെ പോലെ ക്ലോസ്ഡ് ആയ, ലിമിറ്റഡ് എന്‍ട്രി ഉള്ള, സാനിറ്റൈസ്ഡ് പരിസരം അല്ലലോ വാക്‌സിനെഷന്‍ റൂമും, ആശുപത്രി നിലവും. വാക്സിന്‍ എടുക്കാന്‍ ചെരുപ്പ് ഊരി വരുന്നതിന് തൊട്ട് മുന്‍പേ ആളുകള്‍ എവിടെ പോയെന്നോ എന്ത് ചെയ്‌തെന്നോ നമുക്ക് അറിയില്ലല്ലോ.. അതുകൊണ്ട് അപകടരമായ ഈ അനാരോഗ്യ പ്രവണത തിരുത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താങ്കള്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button