Latest NewsIndia

കൂടത്തായി മോഡല്‍ കൊല വീണ്ടും: 20 വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ 5 പേരെ

കുടുംബ സ്വത്ത് പത്തൊമ്പത് വയസ്സുള്ള തന്റെ മകന് ലഭിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഗാസിയാബാദ്: കുടുംബ സ്വത്ത് സ്വന്തമാക്കാന്‍ ഇരുപത് വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ അഞ്ച് പേരെ. ഗാസിയാബാദിലെ മുറാദ് നഗറിലാണ് കൂടത്തായി മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലീലു ത്യാഗി എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്.

ലീലു ത്യാഗിയുട അനനന്തരവന്‍ രേഷു ത്യാഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുപത് വര്‍ഷത്തെ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശിയത്. ഏറ്റവും അവസാനം ഓഗസ്റ്റ് എട്ടിനാണ് രേഷു ത്യാഗി(24)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാറില്‍ വെച്ച്‌ കൊലപ്പെടുത്തിയ രേഷുവിന്റെ മൃതദേഹം അടുത്തുള്ള കനാലില്‍ തള്ളുകയായിരുന്നു.

ഓഗസ്റ്റ് 15 ന് രേഷുവിന്റെ കുടുംബം കാണാതായെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 22ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുടുബംത്തിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

വ്യാഴാഴ്ച്ചയാണ് ഈ കേസുമായി ബന്ധപ്പെട്ട് ലീലു ത്യാഗി(45) യെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടൊണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സഹോദരനുള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്. കുടുംബ സ്വത്ത് പത്തൊമ്പത് വയസ്സുള്ള തന്റെ മകന് ലഭിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംഭവം ഇങ്ങനെ, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം സഹോദരനെയാണ് ലീലു ആദ്യം കൊല്ലുന്നത്. വാടകക്കൊലയാളികളെ ഉപയോഗിച്ചായിരുന്നു സഹോദരന്‍ സുധീര്‍ ത്യാഗിയെ ലീലു കൊലപ്പെടുത്തിയത്. ഇതിനു ശേഷം സുധീര്‍ കുടുംബത്തെ ഉപേക്ഷിച്ച്‌ നാട് വിട്ടെന്ന് എല്ലാവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു.

സഹോദരനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം ചെയ്തു. കൊലപ്പെടുത്തി അതേ വര്‍ഷം തന്നെയായിരുന്നു സഹോദരന്റെ ഭാര്യയെ ലീലു വിവാഹം കഴിക്കുന്നത്. ഇതിനു പിന്നാലെ സുധീറിന്റെ രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയെന്നും ലീലു പൊലീസിനോട് പറഞ്ഞു.

2006 ലാണ് സുധീറിന്റെ എട്ട് വയസ്സുള്ള ഇളയമകളെ വിഷം നല്‍കി കൊലപ്പെടുത്തിയത്. 2009 ല്‍ പത്തൊമ്പത് വയസ്സുള്ള മൂത്ത മകളേയും വിഷം നല്‍കി കൊലപ്പെടുത്തി. ഈ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചതായും ഇയാള്‍ വെളിപ്പെടുത്തി.

2013 ല്‍ മറ്റൊരു സഹോദരനായ ബ്രിജേഷ് ത്യാഗിയുടെ എട്ട് വയസ്സുള്ള മകനേയും കൊലപ്പെടുത്തിയതായി ലീലു ത്യാഗി പൊലീസിനോട് പറഞ്ഞു. കൊലപാതക ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബ്രിജേഷിന്റെ മൂത്ത മകന്‍ രേഷുവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണമാണ് നാല് കൊലപാതകങ്ങള്‍ പുറംലോകത്ത് എത്തിച്ചത്.

കൊല്ലപ്പെടുത്തിയ പെണ്‍കുട്ടികളെ വിഷം തീണ്ടിയതാണെന്നും ആണ്‍കുട്ടികള്‍ ഓടിപ്പോയതാണെന്നുമായിരുന്നു ഇയാള്‍ ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മുന്‍പ് നടന്ന നാല് മരണങ്ങളിലും കുടുംബത്തെ വിശ്വസിപ്പിക്കുന്നതില്‍ ത്യാഗി വിജയിച്ചുവെന്നും പരാതി നല്‍കുന്നത് തടഞ്ഞുവെന്നും പൊലീസ് പറയുന്നു. എന്നാൽ രേഷുവിനെ കണാതായതിന് പിന്നാലെ, പരാതി നല്‍കുന്നതില്‍ നിന്നും കുടുംബത്തിനെ വിലക്കാന്‍ ലീലു ശ്രമിച്ചിരുന്നു. നാട്ടില്‍ നില്‍ക്കുന്നതില്‍ രേഷു അസ്വസ്ഥനായിരുന്നുവെന്നും നാട് വിട്ടുപോയതാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

രേഷുവിന്റെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കുടുംബത്തില്‍ നേരത്തേ നാല് പേര്‍ കൂടി ദുരൂഹസാഹര്യങ്ങളില്‍ കൊല്ലപ്പെട്ടതായി പൊലീസിന് മനസ്സിലായത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംശയങ്ങള്‍ ലീലുവിലേക്ക് നീണ്ടു. ഇയാള്‍ക്കൊപ്പം സുരേന്ദ്ര ത്യാഗി, രാഹുല്‍ എന്നീ രണ്ട് സഹായികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ കൂടി ലീലുവിനെ സഹായിക്കാനുണ്ടായിരുന്നുവെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

12-20കോടി ആസ്തിയുള്ള കുടുംബ സ്വത്ത് സ്വന്തമാക്കുന്നതിന് വേണ്ടിയാണ് സഹോദരനേയും മക്കളേയും കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അവകാശികള്‍ മുഴുവന്‍ ഇല്ലാതായാല്‍ സ്വത്ത് മുഴുവന്‍ തന്റെ മകന് ലഭിക്കുമെന്നും ഇയാള്‍ കണക്കുകൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button