USALatest NewsIndiaInternational

ദീര്‍ഘകാല ചരിത്രമുള്ള 4 ജനാധിപത്യ രാജ്യങ്ങൾ: ലോക നന്മയ്ക്ക് ക്വാഡ് ആവശ്യമെന്ന് ലോകരാജ്യങ്ങള്‍, ചൈനക്കെതിരെ ഒളിയമ്പ്

ബ്രൂണെ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കൃത്രിമ ദ്വീപുകളും ചൈന നിര്‍മിച്ച്‌ കഴിഞ്ഞു. ഇതാണ് യുഎസ്സിനെ ആശങ്കപ്പെടുത്തുന്നത്.

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ ഒളിയമ്പുമായി ക്വാഡ് ഉച്ചകോടി. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയുടെ ഭാഗമായത്. യുഎസ് തലസ്ഥാന നഗരിയായ വാഷിംഗ്ടണിലായിരുന്നു ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. ‘ക്വാഡ് ഉച്ചകോടിക്കായി നേരിട്ട് എത്താന്‍ സാധിച്ചതില്‍ ഞാന്‍ ബൈഡനോട് നന്ദി പറയുന്നു. നമ്മള്‍ ഒരുമിച്ച്‌ 2004ലെ സുനാമിക്ക് ശേഷമാണ് കണ്ടത്. ഇപ്പോഴിതാ കൊവിഡ് സമയത്ത് വീണ്ടും കാണുന്നു.’

‘കൊവിഡ് പ്രതിരോധം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.’ ഇന്തോ-പസഫിക് സമാധാനത്തിനായി ക്വാഡ് പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വാക്‌സിന്റെ കാര്യത്തില്‍ ക്വാഡിന്റെ മുന്‍കൈയ്യെടുക്കല്‍ ഇന്തോ-പസഫിക് രാജ്യങ്ങളെ വലിയ രീതിയില്‍ സഹായിക്കും. ഈ നാല് രാജ്യങ്ങളിലെയും ജനാധിപത്യ മൂല്യങ്ങളാണ് ക്വാഡ് ഉയര്‍ത്തി പിടിക്കുന്നത്. പോസിറ്റീവായ സമീപനവുമായി ക്വാഡ് മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിതരണ ശൃംഖല, ആഗോള സുരക്ഷ, കാലാവസ്ഥാ വ്യതിയാന നടപടി, കൊവിഡ് പ്രതിരോധം, സാങ്കേതിവിദ്യ, തുടങ്ങി ഏത് വിഷയത്തിലും ക്വാഡിലെ മറ്റുള്ള രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് മോദി പറഞ്ഞു.

ക്വാഡ് ആഗോള നന്മയ്ക്കായുള്ള ശക്തിയായി ശക്തിയായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങളുടെ പരസ്പര സഹകരണം ശാന്തിയും സമാധാനവും ഇന്തോ-പസഫിക് മേഖലയിലും ആഗോള തലത്തിലും കൊണ്ടുവരുമെന്ന് മോദി വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യം വര്‍ധിച്ച്‌ വരുന്നതും, അവര്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതും ക്വാഡ് രാജ്യങ്ങളുടെ പ്രധാന ആശങ്കയാണ്. ഇതിനെ നേരിടാന്‍ കൂടിയാണ് ഈ ഉച്ചകോടി. ഇന്ത്യയെ വന്‍ ശക്തിയായി മേഖലയില്‍ മാറ്റാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ട്. നേരത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി ക്വാഡിന്റെ യോഗങ്ങള്‍ നടന്നിരുന്നു.

ഇത് കൊവിഡിനെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുന്നതിനുള്ള വെല്ലുവിളികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ജനാധിപത്യ ശക്തികളുടെ യോഗമാണ്. ക്വാഡിന്റെ വാക്‌സിന്‍ വിതരണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ഇന്ത്യ ഒരു ബില്യണ്‍ ഡോസുകളില്‍ അധികം വാക്‌സിന്‍ നിര്‍മിക്കുന്നുണ്ട്. ദീര്‍ഘകാലത്തെ ചരിത്രമുള്ള നാല് ജനാധിപത്യ രാജ്യങ്ങളാണ് നമ്മളെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജനാധിപത്യത്തിലൂടെ എങ്ങനെ കാര്യം സാധിക്കാമെന്ന് ക്വാഡ് ശരിക്കും കാണിച്ച്‌ തന്നു. ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ചെയ്ത് കാണിച്ച്‌ കഴിഞ്ഞു. വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കാന്‍ മാത്രമല്ല, അത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനും, കൃത്യമായി എത്തിക്കാനും നമുക്ക് സാധിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഈ സഖ്യത്തിലൂടെ നമ്മുടെ ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്ത് തന്നെയാലും നമ്മള്‍ പരസ്പരം പങ്കിടുന്നു. പ്രാദേശിക വിഷയങ്ങളാണെങ്കിലും കൊവിഡാണെങ്കിലും അത് അങ്ങനെ തന്നെയാണ്. പല വിഷയങ്ങളും ക്വാഡ് ചര്‍ച്ച ചെയ്ത് കഴിഞ്ഞു. സാമ്പത്തിക-വിഷയങ്ങളിലും ക്വാഡിന്റെ ഒത്തുചേരല്‍ ഉണ്ടാവുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു. 2017ലാണ് ഇന്ത്യ, ജപ്പാന്‍, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് ക്വാഡ് രൂപീകരിച്ചത്. ഇന്തോ-പസഫിക് മേഖലയിലെ സമുദ്രപാതകള്‍ ആരുടെയും സ്വാധീന ശക്തിയില്‍ കൊണ്ടുവരാതിരിക്കുകയാണ് ക്വാഡിന്റെ ശ്രമം. യുഎസിന് താല്‍പര്യമുള്ള മേഖല കൂടിയാണിത്.

ഈ മേഖല യുഎസ്സിനും ചൈനയ്ക്കും മാത്രമല്ല എല്ലാ ലോകരാജ്യങ്ങള്‍ക്കും നിര്‍ണായകമാണ്. ചൈന ഇവിടെ ആധിപത്യം സ്ഥാപിച്ച്‌ തുടങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകല്‍ വന്നിരുന്നു. നേരത്തെ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ ബൈഡന്‍ സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖലയെ കുറിച്ചാണ് സംസാരിച്ചത്. ചൈനയ്ക്കുള്ള പരോക്ഷ സന്ദേശം കൂടിയായിരുന്നു ഇത്. ദക്ഷിണ ചൈന കടലില്‍ സ്വാധീനം വര്‍ധിപ്പിച്ച്‌ ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കാനാണ് ചൈനയുടെ നീക്കം. ഈ മേഖലയില്‍ ബഹുഭൂരിഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ബ്രൂണെ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കൃത്രിമ ദ്വീപുകളും ചൈന നിര്‍മിച്ച്‌ കഴിഞ്ഞു. ഇതാണ് യുഎസ്സിനെ ആശങ്കപ്പെടുത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button