Latest NewsBollywoodIndia

ബോളിവുഡും മയക്കുമരുന്ന്‌ ഇടപാടും തമ്മിലുള്ള ബന്ധം മഞ്ഞുമലയുടെ ഒരറ്റം മാത്രം: വൻതാരങ്ങളടക്കം സംശയ നിഴലിൽ

സുശാന്ത്‌ സിങ്ങിന്റെ മരണത്തെത്തുടർന്നുള്ള എൻ.സി.ബി. റെയ്‌ഡുകളാണ്‌ ഇപ്പോൾ ബോളിവുഡിനെ വീണ്ടും വാർത്തകളിലേക്ക്‌ കൊണ്ടുവന്നത്‌.

മുംബൈ: കഴിഞ്ഞവർഷം ജൂണിൽ നടൻ സുശാന്ത്‌ സിങ്‌ രാജ്‌പുതിന്റെ മരണത്തിനുപിന്നാലെ മയക്കുമരുന്ന്‌ മാഫിയയും ബോളിവുഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കാൻ നർക്കോട്ടിക്സ്‌ കൺട്രോൾ ബ്യൂറോ രംഗത്തുവന്നതോടെ ബോളിവുഡിന്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പല ചെറിയ താരങ്ങളും പിടിയിലായി. വൻതാരങ്ങൾ സംശയത്തിന്റെ നിഴലിലായി. ഷാരൂഖ്‌ ഖാന്റെ മകൻ ആര്യൻ ഖാനിലേക്കുവരെ എൻ.സി.ബി.യുടെ കരങ്ങൾ കടന്നുചെന്നതോടെ ബോളിവുഡ്‌ അക്ഷരാർത്ഥത്തിൽ ഞെട്ടി.

സുശാന്തിന്റെ മുൻ മാനേജർ ദിഷാ സാലിയൻ കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ചതോടെ ബോളിവുഡിന്റെ ലഹരി ഇടപാടുകളെക്കുറിച്ച്‌ ആരോപണങ്ങൾ വീണ്ടും സജീവമായി. ബോളിവുഡും മയക്കുമരുന്ന്‌ ഇടപാടും തമ്മിലുള്ള ബന്ധം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. സഞ്ജയ്‌ ദത്തിന്റെ മയക്കുമരുന്ന്‌ ഉപയോഗം, ഫർദീൻഖാന്റെ അറസ്റ്റ് എന്നിവയ്ക്കുശേഷം സുശാന്ത്‌ സിങ്ങിന്റെ മരണത്തെത്തുടർന്നുള്ള എൻ.സി.ബി. റെയ്‌ഡുകളാണ്‌ ഇപ്പോൾ ബോളിവുഡിനെ വീണ്ടും വാർത്തകളിലേക്ക്‌ കൊണ്ടുവന്നത്‌.

ലഹരി ഉപയോഗത്തിന്‌ അടിമയായിരുന്നുവെന്ന നടി മനീഷാ കൊയ്‌രാളയുടെ വെളിപ്പെടുത്തലും ചിലർ മയക്കുമരുന്നിന്‌ അടിമയാക്കാൻ ശ്രമിച്ചതായി കങ്കണ റണൗത്തിന്റെ വെളിപ്പെടുത്തലും ഏറെ ചർച്ചയായി. സുശാന്ത്‌ സിങ്ങിന്റെ മരണത്തിനുപിന്നാലെ കാമുകി റിയാ ചക്രവർത്തിയാണ്‌ മയക്കുമരുന്ന്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ എൻ.സി.ബി.യുടെ പിടിയിലാകുന്നത്‌. സുശാന്ത്‌ സിങ്ങിന്‌ മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നത്‌ റിയ ആയിരുന്നുവെന്നും മയക്കുമരുന്നുലോബിയുടെ സജീവ കണ്ണിയാണ്‌ റിയയെന്നും എൻ.സി.ബി. സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ദീപിക പദുകോൺ ഉൾപ്പെടെ ആറു ബോളിവുഡ്‌ പ്രമുഖരെ എൻ.സി.ബി ചോദ്യംചെയ്യുകയുണ്ടായി. സാറാ അലിഖാൻ, ശ്രദ്ധാകപൂർ, രാകുൽ പ്രീത് സിങ്‌ എന്നിവർ അതിൽ ഉൾപ്പെടും. സുശാന്ത്‌ സിങ്‌ രാജ്പുതിന്റെ മരണത്തിനുപിന്നാലെ സ്വന്തം വീട്ടിൽനടന്ന ഒരു താരപാർട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംവിധായകനും നിർമാതാവുമായ കരൺജോഹർ വിശദീകരണവുമായി രംഗത്തുവരുകയുണ്ടായി. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷന്റെ എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർമാരായ ക്ഷിതിജ്‌ രവിപ്രസാദിനെയും അനുഭവ്‌ ചോപ്രയെയും എൻ.സി.ബി. ചോദ്യംചെയ്തിരുന്നു.

എന്നാൽ, ഇരുവരുമായി ബന്ധമില്ലെന്ന നിലപാടിലായിരുന്നു കരൺ ജോഹർ.ബോളിവുഡുമായി ബന്ധപ്പെട്ട ഓരോരുത്തർ പിടിയിലാകുമ്പോഴും മയക്കുമരുന്ന്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ കൂടുതൽ വിവരങ്ങളാണ്‌ എൻ.സി.ബി.ക്ക്‌ ലഭിച്ചുകൊണ്ടിരുന്നത്‌. അത്‌ കൂടുതൽ അറസ്റ്റുകളിലേക്ക്‌ നീണ്ടു. നടനും മോഡലുമായ അർജുൻ രാംപാലിനെയും എൻ.സി.ബി. ചോദ്യംചെയ്തിരുന്നു. രാംപാലിന്റെ കാമുകിയുടെ സഹോദരൻ മയക്കുമരുന്നുമായി പിടിയിലായതോടെയാണ്‌ അന്വേഷണം താരത്തിലേക്ക്‌ നീണ്ടത്‌.

വടക്കൻ ഗോവയിൽ വഗേറ്റർ വില്ലേജിൽ ബോളിവുഡ്‌ നടൻ കപിൽ ജാവേരിയുടെ വീട്ടിൽനടന്ന ഉന്മാദവിരുന്നിൽ പങ്കെടുത്ത്‌ 23 പേരാണ്‌ പിടിയിലായത്‌. തുടർന്ന്‌, ചെറുതും വലുതുമായ ഒട്ടേറെ റെയ്‌ഡുകൾ നടന്നു. നടൻ ഗൗരവ്‌ ദീക്ഷിതിന്റെ ലോഖണ്ഡവാലയിലെ ഫ്ളാറ്റിൽ സി.ബി.ഐ. നടത്തിയ റെയ്‌ഡിൽ എം.ഡി.എ.എ. മയക്കുമരുന്ന്‌ പിടിച്ചെടുത്തിരുന്നു. റെയ്‌ഡ് സമയത്ത്‌ നടൻ വീട്ടിലില്ലായിരുന്നു. റെയ്‌ഡ്‌ വിവരം അറിഞ്ഞാണ് നടൻ മുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button