KeralaLatest NewsIndia

ബിഷപ്പിനെ ക്രൂശിച്ചവർ വ്യാജ ചെമ്പോലക്കെതിരെ പാലിക്കുന്ന അപകടകരമായ മൗനത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

വ്യാജചെമ്പോല, പലവട്ടം തീയിട്ടുചുട്ടിട്ടും വെണ്ണീറായി ഒടുങ്ങാത്ത ആ വിശ്വാസത്തിന്റെ തിരുസന്നിധിയെ പാപപങ്കിലമാക്കാനുള്ള ആയുധം

അഞ്ജു പാർവതി-

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ ഒരൊറ്റ പരാമർശം കൊണ്ട് മതേതരത്വം തകർന്നേയെന്ന് വിലപിച്ചവരും ആ പരാമർശം അങ്ങേയറ്റം മതസ്പർദ്ധയുണ്ടാക്കുന്നതും സമൂഹത്തിന്റെ സാഹോദര്യത്തെ വേരോടെ പിഴുതെറിയുന്നതുമെന്ന് രോദിച്ചവരുമൊക്കെ ശബരിമല ചെമ്പോലയെന്ന വ്യാജസൃഷ്ടിയെ പ്രതി ഒരക്ഷരം ഉരിയാടാതെ വിനു.വി.ജോണിനെയും റോയ് മാത്യുവിനെയുമൊക്കെ മര്യാദ പഠിപ്പിക്കുന്ന തിരക്കിലാണ്. ആ മര്യാദ പഠിപ്പിക്കിനിടയിൽ ഹിസ്റ്റോറിക്കൽ എവിഡൻസുകൾക്കുമേൽ കമ്മ്യൂണിസ്റ്റ് ഗീബൽസിയൻ നുണകൾ എങ്ങനെ പടുത്തുയർത്തപ്പെടുന്നുവെന്നത് അവർ കാണുന്നില്ല; അറിയുന്നുമില്ല ! ഒരു ജന സമൂഹത്തിന്റെ വിശ്വാസമലയുറപ്പിനെ തോണ്ടാനിറങ്ങിയ സഹീൻ ആന്റണിയുടെയും 24 ന്യൂസ് എന്ന മാധ്യമപിമ്പിന്റെയും പിതൃത്വശൂന്യതയെ കണ്ടില്ലെങ്കിലും സഹീൻ ആന്റണിയുടെ ഭാര്യയുടെ വിലാപവും റോയ് മാത്യുവിന്റെ സ്ത്രീ വിരുദ്ധതയും കൃത്യമായി കണ്ടു. ആഹാ !

നവോത്ഥാന നായകപ്പട്ടം പേരിനൊപ്പം അടയാളപ്പെടുത്താൻ ഒരു കൂട്ടം നെറികെട്ട മനുഷ്യർ തിരക്കിട്ടെഴുതിയ തിരക്കഥ . അതിനു തെരഞ്ഞെടുത്ത ലൊക്കേഷനാകട്ടെ ഒരു ജനസമൂഹത്തിന്റെ ജീവവായുവായ ആരാധനാമൂർത്തിയുടെ വാസസ്ഥലവും .പലവട്ടം തീയിട്ട് ചുട്ടിട്ടും വെണ്ണീറായി ഒടുങ്ങാത്ത ആ വിശ്വാസത്തിന്റെ തിരുസന്നിധിയെ പാപപങ്കിലമാക്കാൻ ഒരുക്കിയ ആ തിരക്കഥയ്ക്ക് ആവോളം കത്തിപ്പടരാനുള്ള എണ്ണ നല്കിയ അവിശുദ്ധ കൂട്ടുക്കെട്ടുകൾ . യുവതീപ്രവേശനമെന്നു പേരിട്ട ആ തിരക്കഥ അമ്പേ പാളിയെന്നു മനസ്സിലായപ്പോൾ നായാടി മുതൽ നമ്പൂരി വരെ ഒറ്റക്കെട്ടായി നാമജപ മന്ത്രണങ്ങളുമായി ആചാരസംരക്ഷണത്തിനു പിന്നിൽ അണിനിരന്നപ്പോൾ ഹിന്ദുസമൂഹത്തെ തമ്മിൽതല്ലിക്കാൻ പ്ലാൻ ബി ഒരുക്കി ഉപജാപകവൃന്ദം . ആ പ്ലാൻ ബിയ്ക്ക് വേണ്ടിയിരുന്നത് ആര്യൻ -ദ്രാവിഡ മൂപ്പിളമ തർക്കങ്ങളെ നന്നായി മൂപ്പിക്കാൻ പറ്റുന്ന ഒരു ചേരുവയായിരുന്നു. താഴമൺ കുടുംബത്തിനും പന്തളം രാജവംശത്തിനും ഒക്കെ അയ്യപ്പനു മേൽ യാതൊരു അവകാശവുമില്ലെന്നു വരുത്തി തീർക്കണം. ഒപ്പം യാതൊരു വിധ അവകാശവാദങ്ങളുമില്ലാതെ അയ്യപ്പസ്വാമിയെ ആത്മാവിലാവാഹിച്ച മല അരയന്മാർക്കും ശബരിമലയിലെ ചില വഴിപാടുകൾക്ക് നേതൃത്വം നല്കുന്ന ഈഴവർക്കും ഇല്ലാത്ത അവകാശങ്ങൾ സ്ഥാപിച്ചു നല്കുകയും വേണം. താഴമൺ – പന്തളം കുടുംബങ്ങളെ ഒരു വശത്തും മലയരയൻ – ഈഴവ സമുദായത്തെ മറുവശത്തും ആക്കി സമർത്ഥമായൊരു കലാപസാധ്യതയ്ക്ക് കോപ്പു കൂട്ടിയാൽ പലതുണ്ട് ഗുണം – ഒന്ന് ഹിന്ദുഐക്യം ഒരിക്കലും നടക്കാതെ വരും. രണ്ട് – ഈഴവ വോട്ടുബാങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമാകും. മൂന്ന് – കുരിശു കൃഷികാർക്ക് എന്നും നോട്ടമുള്ള ശബരിമല തീർത്ഥാടനമാപ്പിൽ നിന്നും പതിയെ മാഞ്ഞു പോകും. നാല് – ഇടതു ജിഹാദികൾക്ക് സനാതനധർമ്മത്തെ തറ പറ്റിക്കാനൊരവസരം. ആ പ്ലാൻ ബിയ്ക്ക് കിട്ടിയ തുറുപ്പുചീട്ടാണ് മോൺസന്റെ കൈവശമുളള ആ വ്യാജ ചെമ്പോല .

തൃശൂർക്കാരൻ ഗോപാലകൃഷ്ണൻ പറഞ്ഞതാണ് സത്യമെങ്കിൽ സന്തോഷ് വഴി ആ ചെമ്പോല മോൺസന്റെ പക്കൽ എത്തിയിട്ടുണ്ടാകും. ഉഡായിപ്പിന്റെ ഉസ്താദായ മോൺസന്റെ കൈവശം എത്തിയ ആ ചെമ്പോലയ്ക്ക് വ്യാജ നരേറ്റീവുകൾ നല്കിയത് സഹീൻ ആന്റണിയെന്ന മീഡിയാപിമ്പിന്റെ കുബുദ്ധിയും ദേശാഭിമാനി എഡിറ്റർ ആൻഡ് ടീമിന്റെ നവോത്ഥാന പി ആർ വർക്കുമായിരിക്കണം. ‘ശബരിമല വെറും മൂന്ന് നൂറ്റാണ്ടു മുൻപ്‌വരെ ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ടാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരത്തിലെ ‘രേഖ’ കണ്ടെത്തി ! കലൂരുള്ള പ്രശസ്ത പുരാവസ്തു ഗവേഷകൻ ഡോ മോൻസൺ മാവുങ്കലിന്റെ ‘അപൂർവ്വ’ ശേഖരത്തിലാണ് ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന രാജമുദ്രയുള്ള രേഖയുള്ളത്. കൊല്ലവർഷം 843ൽ എഴുതിയ ചെമ്പോല തിട്ടൂരമാണിത്.’ 2018ൽ ഈ വാർത്ത ദേശാഭിമാനി പ്രാധാന്യപൂർവ്വം പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നല്ലോ.

മോൺസൺ മാവുങ്കൽ ഒരു ഇടനിലക്കാരൻ ഫ്രോഡ് മാത്രമാണ്. ശബരിമല ചെമ്പോലയ്ക്ക് പിന്നിൽ നിന്ന ശരിക്കുള്ള ഭൂലോക ഫ്രോഡുകൾ സഹീൻ ആന്റണിയും 24 ന്യൂസ് ചാനലും ദേശാഭിമാനി ടീമും നവോത്ഥാനകപ്പലിന്റെ ക്രൂസുമാണ്. പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകൾക്കും പണം അനുവദിച്ച് ‘ചവരിമല’ കോവിൽ അധികാരികൾക്ക് കൊല്ലവർഷം 843 ൽ എഴുതിയ ചെമ്പോല തിട്ടൂരമാണ് എന്ന് കാട്ടിയാണ് 2018ൽ 24 ന്യൂസ് ഈ വാർത്ത നൽകിയത്. യുവതീപ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും അന്ന് വാർത്തകളിലൂടെയും ടോക്ഷോയിലൂടെയും ഈ ചാനൽ സമർത്ഥിച്ചിരുന്നു. എന്നാൽ മോൻസൺ മാവുങ്കലിന് പുരാവസ്തുക്കൾ എന്ന് കരുതുന്ന സാധനങ്ങൾ എത്തിച്ചു നൽകിയ സന്തോഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രകാരം ചെമ്പോല തിട്ടൂരം തൃശ്ശൂരിൽ നിന്നും നിർമ്മിച്ചതാണെന്ന് തെളിയുകയായിരുന്നു. ഇപ്പോൾ ഗോപാലകൃഷ്ണൻ പറയുന്നു അയാൾ ഈ ചെമ്പോല സന്തോഷിനു നല്കിയെന്നും . മോൺസന്റെ പിന്നാലെ മാത്രം പായുന്ന പോലീസും മാധ്യമപ്പടയും എന്തുകൊണ്ട് 24നെതിരെയും സഹീൻ ആന്റണിക്കെതിരെയും പായുന്നില്ല ?

‌കൃത്യമായി ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളുണ്ട്. ആ ചെമ്പോലയിൽ ഈഴവനും മലമ്പണ്ടാരത്തിനും അവകാശമുണ്ടെന്ന് വരുത്തി. തീർക്കേണ്ടത് ആരുടെ കുബുദ്ധി? എന്തിനു വേണ്ടി ? ഡോ. രാഘവ വാര്യരെന്ന ഹിന്ദു നാമധാരിയായ ഹിസ്റ്റോറിയനെ തന്നെ ചെമ്പോലയുടെ ആധികാരികത പറയിക്കാൻ എന്തുകൊണ്ട് തെരഞ്ഞെടുത്തു ? ഹിസ്റ്റോറിക് ഡെസിഫറിങ്ങ് എന്നാൽ കള്ള സാക്ഷ്യം പറയലല്ലായെന്ന് തിരിച്ചറിവുള്ള രാഘവവാര്യരെ പോലുള്ള ചരിത്രകാരനു ഈ പ്രവൃത്തി കൊണ്ടുള്ള നേട്ടമെന്ത്? തൃശൂർ ഫിലാറ്റലിക് ക്ലബിൽ വച്ച് കാലപ്പഴക്കം തോന്നുന്നുവെന്ന് ധരിച്ച് ഒരാളിൽ നിന്നും വാങ്ങിയതാണ് ആ ചെമ്പോലയെന്നു ഗോപാലകൃഷ്ണൻ പറയുന്നത് സത്യമെങ്കിൽ ട്വന്റി ഫോർ ന്യൂസിലൊക്കെ ആ ചെമ്പോലയെ ഉയർത്തിക്കാണിച്ചപ്പോൾ അയാൾ നിശബ്ദനായിരുന്നത് എന്ത് കൊണ്ട് ?ഒരു ജനതയെ, ഹൈന്ദവ വികാരങ്ങളെ മുഴുവൻ, ഇരുട്ടിൽ വഞ്ചിച്ച , ഒരുപാട് പേരുടെ വിശ്വാസത്തെ അപമാനിച്ച അത്യന്തം ഹീനമായ ഒരു നടപടിയാണ് ഈ വ്യാജചെമ്പോലയെന്നറിഞ്ഞിട്ടും അതിനെ പ്രതി മതസ്പർദ്ധയെന്നുരിയാടാൻ നാവ് പൊന്താത്ത പ്രബുദ്ധർ മതേതരരോ മതേതറകളോ ?

എന്തായാലും ആ ചെമ്പോല പ്രസവിച്ച പെരുങ്കള്ളത്തിനു കേവലം മൂന്നു വർഷത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ആ പെരുങ്കളത്തിനു പേറെടുത്ത എല്ലാ വയറ്റാട്ടികൾക്കും പണി ഒന്നൊന്നായി കൊടുക്കുന്നത് കാലത്തിന്റെ നീതി .എല്ലാത്തിനും അയ്യപ്പൻ സാക്ഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button