Latest NewsNewsIndia

പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയര്‍ഇന്ത്യ വണ്‍ വിമാനത്തിന്റെ ചുമതലകള്‍ ഇനി വ്യോമസേനയ്ക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ രാജ്യത്തിന്റെ പല ദൗത്യങ്ങളും ഇനി വ്യോമസേന ഏറ്റെടുക്കേണ്ടി വരും. വിദേശത്തു നിന്ന് അടക്കം കലുഷിതമായ അന്തരീക്ഷത്തില്‍ നിന്നും പലപ്പോഴായി കേന്ദ്രസര്‍ക്കാര്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയെയാണ് ആശ്രയിച്ചിരുന്നത്. കേന്ദ്രത്തില്‍നിന്നു പണം ഈടാക്കിയാണ് കോവിഡ് വേളയില്‍ എയര്‍ ഇന്ത്യ രക്ഷാദൗത്യ സര്‍വീസുകള്‍ നടത്തിയത്. ഭാവിയില്‍ ഇത്തരം സര്‍വീസുകള്‍ക്കായി എയര്‍ ഇന്ത്യയടക്കമുള്ള സ്വകാര്യ വിമാന കമ്പനികളെ കേന്ദ്രം സമീപിക്കുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ ചെലവില്‍ ഹജ് വിമാന സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ വിമാന കമ്പനിക്കു അതിനുള്ള അവകാശം കേന്ദ്രം കൈമാറും.

Read Also : ഐഎസിന് അനുകൂലമായി ഓണ്‍ലൈന്‍ മാസിക : 18 സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്

ഏറ്റവും പ്രധാനമായ കാര്യം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയര്‍ ഇന്ത്യ വണ്ണിന്റെ കാര്യമാണ്. ഇവര്‍ വിദേശയാത്രകള്‍ക്കായി കഴിഞ്ഞ വര്‍ഷം വരെ ഉപയോഗിച്ചിരുന്നത് എയര്‍ ഇന്ത്യ വിമാനങ്ങളാണ് . ഇവര്‍ യാത്ര ചെയ്യുമ്പോള്‍ 2 വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിട്ടുനല്‍കുകയായിരുന്നു രീതി. ഈ വിഭാഗത്തിലുള്ള 4 വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ പക്കലുള്ളത്. വിഐപികളുടെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കി ഉള്‍ഭാഗത്തു താല്‍ക്കാലിക മാറ്റങ്ങള്‍ വരുത്തിയാണു വിമാനങ്ങള്‍ നല്‍കിയിരുന്നത്. അവ പറത്തിയിരുന്നത് എയര്‍ ഇന്ത്യയുടെ പൈലറ്റുമാരായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതില്‍ മാറ്റം വന്നു. ഇവരുടെ യാത്രയ്ക്കു വേണ്ടി മാത്രമായി 777 300 ഇആര്‍ വിഭാഗത്തിലുള്ള 2 വിമാനങ്ങള്‍ ഇന്ത്യ ബോയിങ്ങില്‍നിന്നു വാങ്ങി. അവ പറത്തുന്നതിന്റെ ചുമതല വ്യോമസേനാ പൈലറ്റുമാര്‍ക്കാണ്. വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത് എയര്‍ ഇന്ത്യയിലെ എന്‍ജിനീയര്‍മാരായിരുന്നു. അതിന്റെ ചുമതല ഇനി വ്യോമസേന ഏറ്റെടുത്തേക്കും. ‘എയര്‍ ഇന്ത്യ വണ്‍’ എന്നാണ് വിഐപികള്‍ സഞ്ചരിക്കുന്ന വിമാനത്തിന്റെ വിശേഷണം (കോള്‍ സൈന്‍). എയര്‍ ഇന്ത്യ ടാറ്റയുടെ സ്വന്തമാകുന്നതോടെ ഈ കോള്‍ സൈനില്‍ മാറ്റം വന്നേക്കുമെന്നാണ് അറിയുന്നത്.

അതേസമയം, എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ ടാറ്റയ്ക്ക് 125 വിമാനങ്ങളാണ് ലഭിക്കുക. പാട്ടത്തിനെടുത്ത 32 എണ്ണം ഉള്‍പ്പെടെ എയര്‍ ഇന്ത്യയ്ക്ക് 101 വിമാനങ്ങളാണുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 24 എണ്ണവും. വിമാനങ്ങള്‍ക്കു പുറമേ മുപ്പതിലധികം രാജ്യങ്ങളിലെ 103 നഗരങ്ങളിലേക്കുള്ള റൂട്ടുകളും ആ വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സ്ലോട്ടുകളും ടാറ്റയ്ക്കു ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button