Latest NewsKeralaIndia

പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ ഡൽഹി പോലീസ് കണ്ടെത്തി: മാതാപിതാക്കളോട് 5ലക്ഷം ആവശ്യപ്പെട്ട് കേരള പോലീസ്

പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

കൊച്ചി: 11 വർഷം മുന്നേ കൊച്ചിയിലെത്തിയ ഡല്‍ഹി സ്വദേശികളായ ദമ്പതിമാരുടെ പെണ്മക്കളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ കേസിൽ കേരള പോലീസിന്റെ ക്രൂരമായ ഇടപെടൽ പുറത്ത്. പച്ചാളത്ത് ചെരിപ്പുകച്ചവടമായിരുന്നു നാലുമക്കളുള്ള ഈ ദമ്പതികൾക്ക്. 21-ഉം 19-ഉം വയസ്സുള്ള മൂത്ത ആണ്‍മക്കള്‍ അച്ഛനെ കച്ചവടത്തില്‍ സഹായിച്ചു. മൂന്നുപേര്‍ വിദ്യാര്‍ഥികളും. പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിനല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

സൈബര്‍ കഴുകന്മാര്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. സൗഹൃദം നീണ്ടതോടെ ക്ലാസില്‍ പങ്കെടുക്കാതെയായി. മാതാപിതാക്കളുടെ താക്കീതും വിലപ്പോയില്ല.പുറത്തുള്ള ലോകത്ത് ജീവിതം ആസ്വദിക്കാമെന്നുപറഞ്ഞ് പെണ്‍കുട്ടിയോട് അനുജത്തിയെയും കൊണ്ട് വീടുവിട്ടുവരാന്‍ നിരന്തരം നിര്‍ബന്ധിച്ചു. പ്രലോഭനങ്ങളിൽ അകപ്പെട്ട പെൺകുട്ടി ഓഗസ്റ്റ് 21-ന് രാത്രി 35,000 രൂപയുമെടുത്ത് സഹോദരിയോടൊപ്പം നാടുവിട്ടു. വിവരമറിഞ്ഞയുടനെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇരുവരും ഡല്‍ഹിക്ക് തീവണ്ടിയില്‍ പുറപ്പെട്ടിട്ടുണ്ടെന്നും വിമാനമാര്‍ഗം മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു കേരള പോലീസിന്റെ നിര്‍ദേശം. തുടർന്ന് ഇവർ ഡല്‍ഹി, ഹരിയാണ പോലീസിന്റെ സഹായത്തോടെ ഒട്ടേറെ സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ കയറിയിറങ്ങി. കൊച്ചി പോലീസ് സഹായിച്ചത് ഫോണ്‍ ലൊക്കേഷന്‍ നല്‍കിമാത്രം.ഇവരുടെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞ ഡല്‍ഹി പോലീസ് കൊച്ചി പോലീസിനോട് അന്വേഷണത്തിന് എത്തണമെന്ന് അറിയിച്ചു.

പോലീസിനുവേണ്ട വിമാനടിക്കറ്റും താമസവും അടക്കമുള്ള എല്ലാചെലവും ആ മാതാപിതാക്കള്‍ കടം വാങ്ങിയും മറ്റും നല്‍കി.ഡല്‍ഹി പോലീസ് കുട്ടികളെ കണ്ടെത്തി. കൂടെ, ഡല്‍ഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടി. ഇവര്‍ മൂത്തപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും പോലീസ് കണ്ടെത്തി. മാതാപിതാക്കളോടൊപ്പം പോകണമെന്ന് ഡല്‍ഹി പോലീസ് പെണ്‍കുട്ടികളോട് നിര്‍ദേശിച്ചു. രണ്ടുപ്രതികളില്‍ സുബൈറിനെമാത്രം കസ്റ്റഡിയിലെടുത്ത് പെണ്‍കുട്ടികളുമായി കൊച്ചി പോലീസ് എറണാകുളത്തെത്തി.

എന്നാല്‍, മക്കളെ വിട്ടുനല്‍കാന്‍ പോലീസ് തയ്യാറായില്ല. പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചുനല്‍കണമെന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നിര്‍ബന്ധിച്ചു. ഇത് എതിര്‍ത്തതോടെ പെണ്‍മക്കളെ വിട്ടുകിട്ടാന്‍ അഞ്ചുലക്ഷം രൂപ തരണമെന്നായി. നിരസിച്ചതോടെ ഇനി അഞ്ചുമക്കളെയും കാണില്ലെന്ന് എ.എസ്.ഐ. വെല്ലുവിളിച്ചു.കുറ്റവാളികളില്‍ ഒരാളെ ഒഴിവാക്കിയ പോലീസ് പെണ്‍കുട്ടികളുടെ സഹോദരന്മാരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു.

എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുപറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ലൈംഗികസൂചനകളുള്ള ചോദ്യങ്ങള്‍ ചോദിച്ച് മാനസികമായി പീഡിപ്പിച്ചു.  ഹിന്ദിമാത്രം അറിയാവുന്ന ഇവര്‍ സഹോദരിമാരെ പീഡിപ്പിച്ചെന്ന കുറ്റം മലയാളത്തില്‍ എഴുതി ഒപ്പിടീപ്പിച്ചുവാങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.തന്റെ പെണ്‍മക്കളെ ഈ അമ്മയ്ക്ക് നേരില്‍ക്കാണാനായിട്ടില്ല. വീഡിയോ കോള്‍ വഴിമാത്രം കണ്ടു. തിരിച്ചുവരണമെന്നാണ് മക്കള്‍ അലറിക്കരഞ്ഞ് പറയുന്നത്.

ഭാഷയറിയാത്ത, സ്വാധീനമില്ലാത്ത ഇവരെ സഹായിക്കാനാരുമില്ല. കൂടെ, സുബൈറിന്റെ ബന്ധുക്കളുടെയും പോലീസിന്റെയും ഭീഷണിയും.സഹോദരന്മാര്‍ പീഡിപ്പിച്ചതുകൊണ്ടാണ് വീടുവിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞതിനാലാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് ആരോപണ വിധേയനായ എ.എസ്.ഐ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button