KeralaLatest NewsNews

കുറുമാലിയിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുന്നു : തൃശൂരില്‍ അതീവ ജാഗ്രത

ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലും ജലനിരപ്പ് കുത്തനെ ഉയരുന്നു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കിയത്. നിലവില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ഇടുക്കി ഡാമില്‍. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. ഇതില്‍ നിന്നും ജലനിരപ്പ് ഉയരുമോ എന്ന ആശങ്ക സര്‍ക്കാറിനുണ്ടെന്ന് മന്ത്രി പറഞ്ഞു. 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

Read Also : പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ ഉണ്ടാകും: സ‌ർക്കാരിനെതിരെ മാധവ് ഗാഡ്ഗിൽ

ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങള്‍ക്ക് നല്‍കും. അതേസമയം തൃശ്ശൂര്‍ ജില്ലയിലും വിവിധ ഇടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടം പുലര്‍ത്തുന്നത്. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്ററില്‍ നിന്ന് 13 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിലവിലെ എട്ട് ഇഞ്ച് ഇനിയും ഉയര്‍ത്തിയേക്കും.

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നതിനാല്‍ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. ഡാമിലെ വെള്ളം ഒഴുകിയെത്തുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പിലേയ്ക്ക് നിര്‍ബന്ധമായും മാറി താമസിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നു തുടങ്ങി. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നാണ് ചാലക്കുടി പുഴയില്‍ വെള്ളമെത്തുന്നത്. ചാലക്കുടി പുഴയില്‍ തുമ്പൂര്‍മുഴി ഭാഗത്ത് വെള്ളം നിറഞ്ഞൊഴുകുകയാണ്. അതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button