Latest NewsKeralaCinemaMollywoodNewsEntertainment

‘കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്റ്, അതുകഴിഞ്ഞാല്‍ വീട്ടമ്മ’: പെൺകുട്ടികൾ വീട്ടുജോലി പഠിക്കണമെന്ന് മുക്ത, വിമർശനം

'പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കണം, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണം': മുക്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് വിമർശനം

വിവാദങ്ങള്‍ വിട്ടൊഴിയാതെ സ്റ്റാര്‍ മാജിക് പരിപാടി. സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നതിനു മുൻപേ വീണ്ടും മറ്റൊരു വിവാദം തലപൊക്കിയിരിക്കുകയാണ്. പ്രമുഖ ചാനലിലെ പ്രോഗ്രാമായ സ്റ്റാര്‍ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പരിപാടിക്കിടിയിൽ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവർ വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്തയച്ചു.

‘പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കണം. പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണം. കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്. അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണ്’- പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞു . ഇതിനെതിരായി ഒരു പെണ്‍കുട്ടിയെയും മറ്റൊരു വീട്ടില്‍ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളര്‍ത്തരുതെന്നും അമ്മമാരെ തിരുത്താന്‍ മക്കള്‍ തയ്യാറാകണമെന്നും എഴുത്തുകാരി തനൂജ ഭട്ടതിരി അടക്കമുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്ത് എന്ന രീതിയില്‍ പങ്കുവച്ച കുറിപ്പ് സാമൂഹിക രംഗത്തെ പ്രമുഖര്‍ ഏറ്റെടുത്തിട്ടുണ്ട്.

കത്തിന്റെ പൂര്‍ണ്ണരൂപം:

‘ഇതില്‍ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ലവേര്‍ഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്. പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാന്നിധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.

ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്. ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button