ThiruvananthapuramNattuvarthaLatest NewsKeralaNews

ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങൾ? അനുപമ ചന്ദ്രന് പിന്തുണയുമായി കെ.കെ. രമ

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണം

പേരൂര്‍ക്കട: മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടിയെടുത്തതായി പരാതി നല്‍കിയ പേരൂര്‍ക്കടയിലെ അനുപമ ചന്ദ്രന് പിന്തുണയുമായി വടകര എം.എല്‍.എ കെ.കെ. രമ. ഈ അമ്മയുടെ നിലവിളി കേള്‍ക്കാനല്ലെങ്കില്‍ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങളെന്ന് രമ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.

മുഖ്യമന്ത്രി മുതൽ ഈ നാട്ടിലെ എല്ലാ നീതിനിർവ്വഹണ സംവിധാനങ്ങളുടെയും വാതിലിൽ അനുപമ പരാതിയുമായി എത്തിയിട്ടും അവരൊന്നും കണ്ണു തുറക്കാതായതിന് പിന്നിൽ സിപിഎം നേതാവായ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനമാണ് കാരണമെന്നും രമ പറയുന്നു

read also: പാർവതിയെ മതം മാറ്റി അൽഫോൻസ ആക്കിയത് ജഗതി: പി സി ജോർജ് പറയുന്നു

രമയുടെ പോസ്റ്റ് പൂർണ്ണ രൂപം

ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങൾ?
മനഃസാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ല. അനുപമ ചന്ദ്രൻ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയിൽ വേർപെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കൾ തന്നെയാണെന്ന് ആ യുവതി മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ച് പറയുന്നത്. വ്യാജ രേഖകൾ ചമച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറി എന്നാണ് മാദ്ധ്യമങ്ങളിൽ നിന്ന് അറിയുന്നത്.

സ്വന്തം കുഞ്ഞുങ്ങളെ ഇത്തരമൊരു സംവിധാനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മാതൃ-ശിശു സൗഹൃദപരമായ ഏറെ വ്യവസ്ഥകളാണ് നമ്മുടെ നിയമങ്ങളിലുള്ളത്. അതിന് മുന്നോടിയായി നടക്കേണ്ട കൗൺസിലിങ്ങോ സാഹചര്യ പഠനങ്ങളോ നടക്കാതെ,ഏതോ ഒരു രഹസ്യ കേന്ദ്രത്തിൽ വച്ച് ഏതോ നോട്ടറി വക്കീൽ എഴുതിയുണ്ടാക്കി എന്ന് അനുപമയുടെ അച്ഛൻ അവകാശപ്പെടുന്ന വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണം.

മുഖ്യമന്ത്രി മുതൽ ഈ നാട്ടിലെ എല്ലാ നീതിനിർവ്വഹണ സംവിധാനങ്ങളുടെയും വാതിലിൽ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സിപിഎം നേതാവായ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം. സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂർക്കട സദാശിവന്റെ മകനും നിലവിൽ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രൻ. ഇത്രയും നിയമ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തികൾക്ക് അദ്ദേഹം ചാനൽ ചർച്ചയിൽ നിരത്തുന്ന സാദാചാര വാദങ്ങളും കുടുംബത്തിന്റെ മാനം സംരക്ഷിക്കാനെന്ന ന്യായവും അത്യന്തം ഭയാനകമാണ്.

വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പി.ആർ പണിയിൽ തീരുമോ സർക്കാരിന്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തം? വടക്കേ ഇന്ത്യൻ മാടമ്പി രാഷ്ട്രീയത്തെ നാണിപ്പിക്കും വിധം നടന്ന ഈ മനുഷ്യത്വ വിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉള്ളുകള്ളികൾ മുഴുവൻ ജനാധിപത്യ, നിയമ വിചാരണയ്ക്ക് വിധേയമാവണം.

അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടൻ തിരിച്ചു കിട്ടണം.
ബലം പ്രയോഗിച്ച്, വ്യാജ രേഖ ചമച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്ന സകല ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
കെ.കെ.രമ

shortlink

Related Articles

Post Your Comments

Related Articles


Back to top button